കണ്ണൂരിലാണ് ഈ വീട്. പുറംകാഴ്ചയിൽ അധികം അലങ്കാരങ്ങൾ കൊടുക്കാതെ അകത്തളം മനോഹരമാക്കിയാണ് വീടൊരുക്കിയത്. കന്റെംപ്രറി ഫ്ലാറ്റ്-ബോക്സ് ഡിസൈനിലാണ് വീടിന്റെ പുറംകാഴ്ച.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 2858 ചതുരശ്രയടിയാണ് വിസ്തീർണം.
മനോഹരമായി ചിട്ടപ്പെടുത്തിയ കസ്റ്റമൈസ്ഡ് ഫർണിഷിങ്ങാണ് വീടിനുള്ളിൽ. തേക്കിന്റെ പ്രൗഡിയിലാണ് വാതിൽ, ജനൽ, സ്‌റ്റെയർ, പാനലിങ് എന്നിവ. വർണാഭമായാണ് ലിവിങ് ചിട്ടപ്പെടുത്തിയത്. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി ലാൻഡ്സ്കേപ്പിലേക്കിറങ്ങാം.
മാർബിൾ ടേബിൾ ടോപ്പും കുഷ്യൻ കസേരയുമാണ് ഡൈനിങ്ങിൽ. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കോർട്യാർഡും ഡൈനിങ്ങും വിശാലമായ ഹാളായി അനുഭവപ്പെടും.
വെള്ള നിറത്തിന്റെ പ്രസരിപ്പാണ് കിടപ്പുമുറികളിൽ നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെയുണ്ട്.
ധാരാളം സ്‌റ്റോറേജ് ഉൾപ്പെടുത്തിയാണ് കിച്ചൻ ഡിസൈൻ. അണ്ടർ- ഓവർ ഹെഡ് ക്യാബിനറ്റുകൾ ധാരാളമുണ്ട്. മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് ഈ ക്യാബിനറ്റുകൾ.
വീടുകണ്ടാൽ ഉള്ളിൽ ഇത്രയും മനോഹരമായ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ആരും പ്രതീക്ഷിക്കില്ല.