ഇടപ്പള്ളി ജംക്‌ഷനുസമീപമാണ് വിമലിന്റെയും ലക്ഷ്മിയുടെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 7 സെന്റിലാണ് വീടുപണിതത്. വീട് മറയുന്ന രീതിയിൽ മതിൽ കെട്ടിയടയ്ക്കുന്ന രീതിയേയല്ല ഇവിടെ. ഇൻബിൽറ്റ് ഇരിപ്പിടമായി ഉപയോഗിക്കാവുന്ന ഉയരംകുറഞ്ഞ മതിലാണിവിടെ.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് മുകളിലുള്ളത്. മൊത്തം 3030 ചതുരശ്രയടിയാണ് വിസ്തീർണം.
വീടിന്റെ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. ഹൃദ്യമായ അകത്തളങ്ങളും ചുറ്റുപാടുകളും ഒരുക്കാനാണ് ഇവിടെ ശ്രദ്ധപുലർത്തിയത്.
പഴയ വീട്ടിലെ കണിക്കൊന്ന സംരക്ഷിക്കാനായി വീടിന്റെ ചുവരിന്റെ ചിലഭാഗങ്ങൾ വളച്ചുകെട്ടിയിരുന്നു. ഇവിടെ ടെറസിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. കണിക്കൊന്നയുടെ തണലിൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ വീട്ടുകാർക്ക് ഇഷ്ടമുള്ള ഇടമാണിത്.
ഡബിൾഹൈറ്റിലുള്ള നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഇൻബിൽറ്റ് ഇരിപ്പിടങ്ങളും ആട്ടുകട്ടിലും നൽകി.
സ്റ്റെയറിന്റെ ലാൻഡിങ് ഏരിയയിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി. ഇതിനോട് ചേർന്ന് യൂട്ടിലിറ്റി ഏരിയയുമുണ്ട്.
ചുരുക്കത്തിൽ വീട്ടുകാരുടെ വ്യത്യസ്ത സമീപനം കൊണ്ട് ഹൃദ്യമായ അനുഭവമാവുകയാണ് ഈ വീട്.