മഞ്ചേരിക്കടുത്ത് കുറ്റിപ്പാറ എന്ന സ്ഥലത്താണ് സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചെലവുകുറച്ച്, ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ഒരുക്കിയ വീടാണിത്. സമകാലിക ഫ്ലാറ്റ്- ബോക്സ് എലിവേഷനിൽ വീടൊരുക്കി. താരതമ്യേന ചെറിയ പ്ലോട്ടിലുള്ള വീടിന് കൂടുതൽ വലുപ്പം തോന്നിക്കാൻ ഷോ വോൾ ഉപകരിക്കുന്നു
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ ചെറിയൊരു സ്റ്റഡി സ്‌പേസ് ഏരിയ മാത്രമാണ് നിലവിലുള്ളത്. ഭാവിയിൽ മുകളിലേക്ക് വീട് വിപുലപ്പെടുത്താനും സാധിക്കും. മൊത്തം 1182 ചതുരശ്രയടിയാണ് വിസ്തീർണം.
ലളിത സുന്ദരമായാണ് അകത്തളങ്ങൾ ഒരുക്കിയത്. കടുംനിറങ്ങൾ വാരിപ്പൂശിയ ചുവരുകളോ പാനലിങ്ങോ ഒന്നും ഉള്ളിലില്ല.
മെറ്റൽ ഫ്രയിമിൽ കരിമ്പനയുടെ തടി പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. സ്ക്വയർ പൈപ്പ് കൊണ്ടുള്ള കൈവരികളും വേറിട്ടുനിൽക്കുന്നു.
പഴയ വീട്ടിലെ രണ്ടുകട്ടിലുകൾ ഒരുമിപ്പിച്ച് പ്ലൈവുഡ് പാനലിങ് ചെയ്ത് ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട്. ആവശ്യമുള്ള പക്ഷം വേർപെടുത്തി സിംഗിൾ കട്ടിലായും ഉപയോഗിക്കാം.
ഫെറോസിമന്റ് സ്ളാബ് വാർത്തശേഷം മൾട്ടിവുഡ്+ മൈക്ക ഫിനിഷിൽ കിച്ചൻ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ടൈൽ തന്നെയാണ് പതിച്ചത്. സ്പ്ലാഷ്ബാക്കിൽ ഡിസൈനർ ടൈലുകളും ഉപയോഗിച്ചു
കെട്ടിടനിർമാണ ചെലവുകൾ റോക്കറ്റ് പോലെകുതിക്കുന്ന ഈ കാലത്ത് സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായത് ചെറിയ കാര്യമല്ല.