വിവാഹശേഷം സ്വന്തം വീടുവിട്ടിറങ്ങുമ്പോൾ‌ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ചു കരയുന്ന നവവധുക്കളെ മാത്രം കണ്ടുപരിചയമുള്ളവർക്കിടയിലാണ് ആ ബംഗാളി വധുവിന്റെ വിഡിയോ എത്തിയത്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വർഷങ്ങളായി ആചരിച്ചിരുന്ന രണ്ടു കാര്യങ്ങൾ താൻ ഒരിക്കലും ചെയ്യില്ല എന്ന് അവൾ ഉറക്കെ പ്രഖ്യാപിക്കുകയും അത് പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു.

വിവാഹച്ചടങ്ങിനിടെ കൈനിറയെ ധാന്യങ്ങളെടുത്ത് തലയ്ക്കു മുകളിലൂടെ പിന്നിലേക്കിട്ടാൽ മാതാപിതാക്കളോടുള്ള കടംതീരും എന്നാണ് വിശ്വാസം. എന്നാൽ‌ കനകാഞ്ജലി എന്ന ഈ ചടങ്ങ് താൻ അനുഷ്ഠിക്കില്ലെന്നും കാരണം ഒരിക്കലും മക്കൾക്ക് മാതാപിതാക്കളോടുള്ള കടം വീട്ടാൻ സാധിക്കുകയില്ലെന്നുമായിരുന്നു വധുവിന്റെ വിശദീകരണം. കൈയിൽ വാങ്ങിയ ധാന്യം വശങ്ങളിലേക്ക് വിതറിയാണ് വധു തന്റെ പ്രതിഷേധമറിയിച്ചത്.

വിവാഹശേഷം സ്വന്തം അച്ഛനമ്മമാരെ വിട്ട് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ നവവധുക്കൾ സ്വന്തം കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന ക്ലീഷേ ആവർത്തിക്കാനും തനിക്ക് താൽപര്യമില്ലെന്നറിയിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. അച്ഛനമ്മമാരെ കാണണമെന്നു തോന്നുമ്പോൾ ഓടിവരുമെന്ന് വാഗ്ദാനവും നൽകിയാണ് അവൾ പോയത്.

വിവാഹശേഷമുള്ള വിടവാങ്ങലിൽ കരയാത്ത വധു എന്ന പേരിലാണ് ഈ ബംഗാളി വധുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 2 മിനിറ്റ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ 6.3 മില്യൻ പ്രാവശ്യമാണ് ആളുകൾ കണ്ടത്. 75000 ൽ അധികം തവണ ഷെയർ ചെയ്യപ്പെട്ട വി‍ഡിയോയ്ക്ക് 5000 ൽ അധികം കമന്റുകളും ലഭിച്ചു.

വിവാഹദിവസമാണെന്ന ചിന്തയൊന്നുമില്ലാതെ മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞ വധുവിനെ അഭിനന്ദിച്ചുകൊണ്ട് ബോസ്ബ്രൈഡ് എന്നാണ് ആളുകൾ അവരെ വിശേഷിപ്പിക്കുന്നത്.