പ്രണയ സുരഭിലമായ ജീവിതത്തെക്കുറിച്ചും ഭാര്യ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എപ്പോഴും വാചാലനാകാറുണ്ട് ബോളിവുഡ് താരം അനിൽ കപൂർ. സിനിമാത്തിരക്കുകളേക്കാൾ പ്രാധാന്യം കുടുംബജീവിതത്തിന് നൽകാൻ താൻ പഠിച്ചത് ഒരു രാത്രിയിലാണെന്നാണ് അനിൽ കപൂർ പറയുന്നത്. സ്ലം ഡോഗ് മില്യണേയർ എന്ന ചിത്രത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചതിന്റെ തലേ ദിവസം ജീവിതത്തിലെ മറക്കാനാവാത്ത രാത്രിയാണെന്നും അന്ന് ഭാര്യയിൽ നിന്ന് ഒരുപാടു ചീത്തകേട്ടുവെന്നും താരം പറയുന്നു.

'മകൾ സോനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് ഭാര്യ സുനിത ആ രാത്രിയിൽ എന്റെയരികിൽ വന്നത്. എന്നെ ഉറങ്ങാൻ അനുവദിക്കൂവെന്ന് ഞാൻ അവളോടു പറഞ്ഞു. എന്റെ മറുപടി കേട്ട് ശുണ്ഠികയറിയ അവൾ പറഞ്ഞത് ഓസ്കറിനെക്കുറിച്ചുള്ള ചിന്ത കളഞ്ഞിട്ട് എനിക്ക് പറയാനുള്ളത് കേൾക്കൂവെന്നാണ്'. അന്നു മുതൽ കുടുംബമാണ് എന്റെ മുൻഗണന. കാരണം സ്ലം ഡോഗ് മില്യണേയർ എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ചതിന്റെ തലേരാത്രി എനിക്ക് ഭാര്യയിൽ നിന്ന് ഒരുപാടു ചീത്ത കേൾക്കേണ്ടി വന്നു.

ഒരു പ്രണയത്തകർച്ചയാണ് ഭാര്യ സുനിതയെ സമ്മാനിച്ചത്. താൻ ഒന്നുമല്ലാതിരുന്ന സമയത്തായിരുന്നു ആ പ്രണയമെന്നും സുനിത ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് അനിൽ കപൂർ എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

താനും സുനിതയും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട 45 വർഷത്തെ ദാമ്പത്യജീവിതത്തെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. സുനിത തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെപ്പറ്റി അദ്ദേഹം ഓർക്കുന്നതിങ്ങനെ:-

എന്നെ ഫോൺവിളിച്ചു കബളിപ്പിക്കാനായി എന്റെയൊരു സുഹൃത്താണ് സുനിതയ്ക്ക് എന്റെ നമ്പർ നൽകുന്നത്. ഫോണിലൂടെ കേട്ട ശബ്ദത്തോട് ഞാൻ പ്രണയത്തിലായി. പിന്നീട് ഒരു പാർട്ടിയിൽവച്ചാണ് ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ഈ പെൺകുട്ടിയെക്കുറിച്ചും അവളുടെ ശബ്ദമിഷ്ടപ്പെട്ടതിനെക്കുറിച്ചുമൊക്കെ ഞാനെന്റെ പ്രണയിനിയോട് പറഞ്ഞിരുന്നു. പക്ഷേ പെട്ടന്നൊരു ദിവസം എന്റെ ഹൃദയത്തെ തകർത്തുകൊണ്ട് അവൾ എന്റെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയി. വാസ്തവത്തിൽ ആ പ്രണയത്തകർച്ചയാണ് ഞാനും സുനിതയുമായുള്ള സൗഹൃദം ശക്തിപ്പെടാനുള്ള പ്രധാനകാരണം.

സാമ്പത്തികമായി വലിയ അന്തരമുണ്ട് ഞങ്ങൾ തമ്മിൽ. അവളുടെ അച്ഛന് ബാങ്കിലാണ് ജോലി. മോഡലിങ് സ്വപ്നം കണ്ട ആ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വളരെ ലിബറലായ ചിന്താഗതിക്കാരുമായിരുന്നു. സൗഹൃദം പ്രണയമായി. ഒരിക്കലുമതു സിനിമയിൽ കാണുമ്പോലെയൊന്നുമായിരുന്നില്ല. നീണ്ട 10 വർഷങ്ങൾ ഞങ്ങളുടെ പ്രണയകലാമായിരുന്നു. എന്റെ പെൺസുഹൃത്തായിരിക്കാൻ ഞാനവളെ നിർബന്ധിച്ചില്ല. പക്ഷേ പരസ്പമുള്ള ഇഷ്ടം ഞങ്ങൾക്കിരുവർക്കും നല്ലതുപോലെ അറിയാമായിരുന്നു. എന്റെ താമസസ്ഥലത്തു നിന്ന് അവളുടെ വീട്ടിലെത്താൻ ബസ്സിൽ ഒരു മണിക്കൂറെങ്കിലുമെടുക്കും. അതുകൊണ്ട് സമയം കളയണ്ടെന്നും തന്നെ കാണാൻ കാറിൽ വന്നാൽ മതിയെന്നും അവളെപ്പോഴും പറയും. കാറിൽ വരാനുള്ള കാശില്ലെന്നു പറയുമ്പോൾ വന്നാൽ മതി കാശ് ഞാൻ കൊടുത്തോളാം എന്നായിരുന്നു അവളുടെ മറുപടി. നീണ്ട പത്തുവർഷങ്ങൾ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു, ഒരുമിച്ചു വളർന്നു. ഒരിക്കലും അടുക്കളയിൽ കയറി പാചകം ചെയ്യില്ല എന്നവൾ നേരത്തെ പറഞ്ഞിരുന്നു. കുക്ക് എന്നു പറഞ്ഞാൽ കിക്ക് എന്നായിരിക്കും അവളുടെ മറുപടി.

പ്രണയത്തിലാണെങ്കിലും എന്നെ വിവാഹം കഴിക്കണം എന്നവളോടു പറയാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നില്ല. കരിയറിൽ ആദ്യത്തെ ബ്രേക്ക് വന്നതിന്റെ പിറ്റേദിവസം ഞാനവളോടു പറഞ്ഞു. നാളെ കല്യാണം കഴിക്കാം. നാളെ പറ്റിയില്ലെങ്കിൽ കല്യാണമേയില്ല. അങ്ങനെ ഞങ്ങൾ വിവാഹിതരായി. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയി ആ സമയത്ത് എന്നെക്കൂട്ടാതെ വിദേശത്ത് ഹണിമൂണിന് പോയിരിക്കുകയായിരുന്നു മാഡം. സത്യസന്ധമായി പറയുകയാണെങ്കിൽ എന്നെ എന്നേക്കാൾ നന്നായറിയാവുന്നത് അവൾക്കാണ്.