വരന്റെ കൂട്ടരുടെ മര്യാദയില്ലാത്ത പെരുമാറ്റത്തെത്തുടർന്ന് വിവാഹത്തിൽ നിന്ന് വധു പിന്മാറി. ലക്നൗവിലെ നാഗാറാമിലാണ് സംഭവം. മദ്യപിച്ചു ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരന്റെ കൂട്ടരിൽ ചിലർ വധുവിന്റെ സഹോദരനെ ഉപദ്രവിച്ചതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വധു അറിയിച്ചത്.

സംഭവം രമ്യതയിൽ തീർക്കാമെന്നും വിവാഹത്തിൽ നിന്നു പിന്മാറരുതെന്നും പറഞ്ഞുകൊണ്ട് ബന്ധുക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും മറ്റു ഗ്രാമീണരും വധുവിന്റെ ഭാഗത്താണ് ന്യായമെന്ന് വിധിച്ചതോടെ നഷ്ടപരിഹാരം നൽകി വരനും കൂട്ടരും മടങ്ങി.

വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന നൃത്തത്തിനിടയിൽ വരന്റെ കൂട്ടത്തിൽപ്പെട്ട ചിലർ മദ്യപിച്ചു വന്നു ബഹളമുണ്ടാക്കി. ഇതിനിടയിലാണ് വധുവിന്റെ സഹോദരൻ ധർമേന്ദ്രയെ ചിലർ കല്ലുപയോഗിച്ച് ഇടിച്ചത്. ആക്രമണത്തിൽ ധർമേന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷമാണ് വരന്റെ സംഘവും വധുവിന്റെ സംഘവും പരസ്പരം ചേരിതിരിഞ്ഞ് പോരു തുടങ്ങിയത്.

ചില ഒത്തുതീർപ്പ് ശ്രമങ്ങളുണ്ടാവുകയും വിവാഹച്ചടങ്ങുകൾ തുടരാൻ ശ്രമിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ വീണ്ടും വധുവിന്റെ സഹോദരനു നേരെ ആക്രമണമുണ്ടായി. ഇതിൽ ക്ഷുഭിതയായ വധു ഈ വിവാഹത്തിന് തനിക്ക് താൽപര്യമില്ലെന്ന് അറിയിച്ചു. വധുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച ഗ്രാമീണർ പൊലീസിനെ വിളിക്കുകയും ചെയ്തു.

ഇതാദ്യമായല്ല വരന്റെ കൂട്ടരുടെ ഭാഗത്തു നിന്നുള്ളവരുടെ മോശമായ പെരുമാറ്റം മൂലം പെൺകുട്ടികൾ വിവാഹത്തിൽ നിന്നു പിന്മാറുന്നത്. വിവാഹവേദിയിൽ നാഗനൃത്തം ചെയ്ത വരനെ വേണ്ടെന്നു പറഞ്ഞ് യുപി സ്വദേശിനിയായ പ്രിയങ്ക തൃപ്തി എന്ന പെൺകുട്ടി മറ്റൊരു പുരുഷനെ വിവാഹം ചെയ്തത് കഴിഞ്ഞ വർഷമാണ്. വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്നുവച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടികളുടെ എണ്ണവും ഇപ്പോൾ വർധിച്ചു വരുന്നുണ്ട്.