വിവാഹമോചനം നേടാനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം മലൈക അറോറ. കരീന കപൂറിന്റെ ചാറ്റ്ഷോയിലൂടെയാണ് മലൈക മനസ്സു തുറന്നത്. വിവാഹമോചനത്തോട് മകൻ അർഹാൻ പ്രതികരിച്ച രീതിയെക്കുറിച്ചും മലൈക തുറന്നു പറഞ്ഞു.

രണ്ടു വർഷം മുൻപാണ് ബോളിവുഡ് താരവും സംവിധായകനുമായ അർബാസ് ഖാനും മലൈക അറോറയും തമ്മിൽ നിയമപരമായി വേർപിരിയുന്നത്. അപ്പോഴൊക്കെയും ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ഇരുവരും മൗനം പാലിച്ചതേയുള്ളൂ. എന്നാൽ കരീന കപൂറിന്റെ 'വാട്ട് വുമൺ വാണ്ട്' എന്ന ഷോയിലൂടെയാണ് സ്വകാര്യജീവിതത്തിലെ കഠിനമായ തീരുമാനങ്ങളെക്കുറിച്ചും അതിനോട് മകൻ പ്രതികരിച്ച രീതിയെക്കുറിച്ചുമൊക്കെ മലൈക പ്രതികരിച്ചത്.

''എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ തീരുമാനമെടുക്കുന്ന ഒരു വേളയിൽ പ്രത്യേകിച്ചും. ഇങ്ങനെയൊരു ചിന്ത മനസ്സിൽ വന്നപ്പോൾത്തന്നെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തെക്കുറിച്ചുവരെ നന്നായി ചിന്തിച്ചു. അതിനുശേഷമാണ് രണ്ടുപേർക്കും ഉചിതമെന്നു തോന്നിയ ഒരു തീരുമാനമെടുത്തത്. കുറച്ചുകൂടി നല്ല വ്യക്തികളാകണമെങ്കിൽ രണ്ടു വഴിക്കു സഞ്ചരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾക്കു തോന്നി. ജീവിതത്തിലെ ചില സാഹചര്യങ്ങൾകൊണ്ട് ഒരുമിച്ചുള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾക്കിരുവർക്കുമായില്ല. ഞങ്ങളുടെ ആ സന്തോഷമില്ലായ്മ. ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ സന്തോഷത്തെക്കൂടി കെടുത്തുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മല്ലിക പറയുന്നു.

മലൈക അറോറ, കരീന കപൂർ

''വിവാഹമോചനം എന്ന തീരുമാനമെടുക്കുന്നതിനു തലേരാത്രി കുടുംബാംഗങ്ങൾ എന്നോടു ചോദിച്ചു. വിവാഹമോചനം വേണമെന്നത് നിന്റെ ഉറച്ച തീരുമാനമാണോ?. 100 ശതമാനം ഉറപ്പോടെയാണോ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്?. കുറേ നാളായി അത്തരം ചോദ്യങ്ങളാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. എന്നെ സ്നേഹിക്കുന്ന, എന്നോടു കരുതലുള്ള ഒരുപാടു പേർ ആ ചോദ്യം എന്നോടു ചോദിച്ചിട്ടുണ്ട്''.

അച്ഛനമ്മമാർ വേർപിരിയുന്നതിനെക്കുറിച്ചറിഞ്ഞപ്പോൾ കൗമാരക്കാരനായ മകന്റെ പ്രതികരണമെന്തായിരുന്നുവെന്ന് കരീന ആരാഞ്ഞപ്പോൾ മലൈക മറുപടി പറഞ്ഞതിങ്ങനെ :-

' ആകെ അസ്വസ്ഥമായ അന്തരീക്ഷത്തിൽ അവൻ വളരുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു. അവന് സന്തോഷകരമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയായിരുന്നു പ്രധാനം. സമയമായപ്പോൾ അവൻ ആ സത്യത്തെ തുറന്ന മനസ്സോടെ അംഗീകരിച്ചു കഴിഞ്ഞു. സന്തോഷമുള്ള, സ്വതന്ത്രരായ വ്യക്തികളായി ‍ഞങ്ങളെ കാണുന്നതിൽ അവൻ സന്തുഷ്ടനാണ്'.

1998 ലാണ് മലൈകയും അർബാസും വിവാഹിതരാകുന്നത്. 2016 മാർച്ചിലാണ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ വർഷം മെയിൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അർബാസ് ജോർജിയ ആൻഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും മലൈക ബോളിവുഡ് താരം അർജ്ജുൻ കപൂറുമായി ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ട്. അർജ്ജുൻ– മലൈക വിവാഹം ഈ വർഷം തന്നെ കാണുമെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.