"സാമച്ചായൻ നഷ്ടമായതിന്റെ വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല, എന്തൊക്കെ ലഭിച്ചാലും സാമച്ചായനു പകരമാകില്ലല്ലോ?, പ്രിയ ആൽവിനെ കാണാൻ കഴിയാതെ വിധി തട്ടിയെടുത്തില്ലേ, അതു പോലെ ആയിരിക്കും വീരമരണം പ്രാപിക്കുന്ന എല്ലാ സൈനികരുടെയും വീടുകളുടെയും അവസ്ഥ, രാജ്യം എന്തെങ്കിലും ചെയ്യണം, രാജ്യം കാക്കുന്നവർ ഇങ്ങനെ തുടർച്ചയായി നഷ്ടമാകണോ ?, ബന്ധപ്പെട്ടവർ ആലോചിക്കണം''.-2018 ജനുവരി 19നു ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പിൽ വീരമൃത്യു വരിച്ച കരസേനയിലെ ലാൻസ് നായിക് മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ സാം എബ്രഹാമിന്റെ ഭാര്യ അനു പറഞ്ഞു. 

"എനിക്കു സാമച്ചായന്റെ മുഖമെങ്കിലും അവസാനമായി കാണാൻ കഴിഞ്ഞു, പുൽവാമയിൽ പാക് ഭീകരസംഘടന നടത്തിയ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ വീട്ടുകാർക്കോ, ഇത്രയും ക്രൂരത ഒരിക്കലും ആരോടും കാട്ടരുത്, എന്റെ സമാനമായ സാഹചര്യമുള്ളവരായിരിക്കുമല്ലോ ജീവത്യാഗം ചെയ്ത ജവാൻമാരുടെ കുടുംബവും. 

നഷ്ടപ്പെടലിന്റെ വേദന അനുഭവിച്ചറിഞ്ഞ എനിക്കു മനസിലാകും ജവാൻമാരുടെ ഭാര്യമാരുടെ നൊമ്പരം. പ്രിയപ്പെട്ടവനെ നഷ്ടപ്പെടുമ്പോൾ ഗർഭിണിയായിരുന്ന എന്നെ പോലെയുള്ളവരും ഉണ്ടാകില്ലേ ? അനു പറഞ്ഞു. സാമിന്റെ മരണത്തിനു ശേഷം അനുവിനു സംസ്ഥാന സർക്കാർ സഹകരണ വകുപ്പിൽ ക്ലർക്കായി നിയമനം നൽകിയിരുന്നു.