രാജ്യത്തിന്റെ അതിർത്തിയിൽ അശാന്തിയുടെ മേഘപടലങ്ങൾ നിറയുമ്പോൾ സാറാമ്മ ടീച്ചറിന്റെ ഉള്ളുവിങ്ങുകയാണ്, ഇതുപോലെ ശുഭകരമല്ലാത്ത വാർത്തകൾ കാതിൽ ഭീതി കോരിയിട്ട ഒരു ദിവസമാണ് ടീച്ചറുടെ ജീവിതം കീഴ്മേൽ മറിഞ്ഞതും. 

1965-ലെ ഇന്ത്യ- പാക്ക് യുദ്ധകാലം. ഹരിയാനയിലെ അംബാലയിൽ യുദ്ധം മുറുകുന്ന ദിനരാത്രങ്ങളിൽ പാക് സൈന്യത്തിന്റെ തേരോട്ടത്തെ ചെറുക്കാൻ മദ്രാസ് എൻജിനീയറിങ് വിഭാഗത്തിലെ ചുണക്കുട്ടൻമാരുടെ കൂട്ടത്തിൽ ഒരു കുഴിക്കാലക്കാരൻ കൂടിയുണ്ടായിരുന്നു– സാറാമ്മ ടീച്ചറിന്റെ ഭർത്താവ് കുഴിക്കാല പുതുപ്പറമ്പിൽ മേമുറിയിൽ പി.വി. ടൈറ്റസ്. മദ്രാസ് റെജിമെന്റിലെ നായിക്ക്. അന്ന് അദ്ദേഹത്തിന് 40 വയസ്സ്. 

ജോലിക്ക് അവധി നൽകി ഭാര്യയ്ക്കും 2 പെൺമക്കൾക്കും ഒപ്പം ഏറെ ദിവസം ചെലവഴിച്ച ടൈറ്റസ് യുദ്ധം പ്രഖ്യാപിക്കു ന്നതിന് ഒരു മാസം മുൻപാണ് കുടുംബത്തെ അംബാലയിൽ നിന്ന് നാട്ടിലേക്ക് അയച്ചത്. യുദ്ധം കൊടുമ്പിരികൊണ്ട സമയത്ത് ആത്മബലം പുറംചട്ടയാക്കി ഇന്ത്യൻ സേന കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി വ്യോമസേനയുടെ കണ്ണ് വെട്ടിച്ച് പാക്ക് വിമാനം ബോംബ് വർഷിച്ചു, ഒന്നല്ല 4 തവണ. 

നിമിഷനേരംകൊണ്ട് തീഗോളങ്ങൾ തീർത്ത പാതാളക്കുഴികളിൽ ഇരുന്നൂറോളം ഇന്ത്യൻ സൈനികർ വീരചരമമടഞ്ഞു. അക്കൂട്ടത്തിൽ ടൈറ്റസുമുണ്ടായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരയോദ്ധാവിന്റെ വിയോഗ വാർത്ത കുഴിക്കാലയിലെ വീട്ടിലെത്തിയത് 1965 സെപ്റ്റംബർ 22നാണ്. 19ന് മരണം സ്ഥിരീകരിച്ചുവെന്നായിരുന്നു സന്ദേശത്തിൽ രേഖപ്പെടുത്തിയ വിവരം. 

അന്ന് അടൂർ ഗവ. ഹൈസ്കൂളിൽ ചരിത്രാധ്യാപികയായിരുന്നു സാറാമ്മ. മരണവിവരം സ്കൂളിൽ അറിയിക്കാനെത്തിയ ആളിനെ നോക്കി സ്തബ്ധയായി നിന്നുപോയ സാറാമ്മ തെല്ലുനേരം ആലോചിച്ചു, പട്ടാളക്കാരന്റെ ഭാര്യയാണ് താൻ. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ച ആളിനൊപ്പം ജീവിക്കാൻ കൂട്ടുചേർന്നവൾ. ധൈര്യമായിരിക്കണമെന്ന് പറഞ്ഞുതന്നിട്ടുള്ള ആളാണ് പോയത്. മനസ്സ് പതറാൻ പാടില്ല. എങ്കിലും തങ്ങളുടെ മൂന്നാമത്തെ മകളെ ഒരുനോക്കു കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് വല്ലാത്ത വേദനയായെന്ന് പറഞ്ഞ് ടീച്ചർ കണ്ണു തുടച്ചു. 

ഇളയ മകളെ 7 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് യുദ്ധം വന്നത്. ഡിസംബർ 22ന് ജോയ്സ് ടൈറ്റസ് എന്ന മകൾ പിറന്നു. ടൈറ്റസിന്റെ ഓർമകൾ നൽകിയ കരുത്തിൽ മൂന്നു പെൺമക്കളെയും നെഞ്ചോട് ചേർത്ത് സാറാമ്മ ജീവിച്ചു. മറ്റൊരു വിവാഹത്തെക്കുറിച്ച് ഒരിക്കൽ പോലും ആലോചിച്ചതുമില്ല. ഇപ്പോൾ 85 വസ്സായി. 21 വർഷത്തെ അധ്യാപനത്തിനു ശേഷം ഇലന്തൂർ ഗവ. ഹൈസ്കൂളിൽ നിന്ന് 89ൽ വിരമിച്ചു. കുഴിക്കാലയിൽ നിന്ന് പുല്ലാട്ടേക്ക് വീട് മാറിയെങ്കിലും തനിച്ചായതിനാൽ രണ്ടാമത്തെ മകൾ ജെസി ടൈറ്റസിനും (അധ്യാപിക, എംടി എൽപിഎസ്, കിഴക്കൻമുത്തൂർ) മരുമകൻ റിട്ട. അധ്യാപകൻ ജോൺ വർഗീസിനുമൊപ്പം തിരുവല്ല കുറ്റപ്പുഴയിലെ പുതുപ്പറമ്പിൽ മേമുറിയിൽ വീട്ടിലാണ് ഇപ്പോൾ താമസം. മൂത്ത മകൾ ജോളിയും ഇളയ മകൾ ജോയ്സും ഏതാനും വർഷം മുൻപ് മരിച്ചു. 

അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ 

ടൈറ്റസിന്റെ മൃതദേഹം സൈന്യം നാട്ടിലേക്ക് അയച്ചില്ലെന്ന് സാറാമ്മ. അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിഞ്ഞില്ല. ഓർമയിൽ സൂക്ഷിക്കാൻ വസ്ത്രങ്ങളോ മറ്റു രേഖകളോ കിട്ടിയില്ല. കശ്മീരിൽ വച്ച് സൈന്യത്തിന്റെ 2 സേവാ മെഡലുകൾ അദ്ദേഹത്തിന് ലഭിച്ചതും കിട്ടിയിട്ടില്ല. വീട് പുനരുദ്ധാരണത്തിന്റെ പേരിൽ 15,000 രൂപ അന്ന് ലഭിച്ചതാണ് ഏക ആശ്വാസം. അതിന്റെ സർട്ടിഫിക്കറ്റ് ഇടയ്ക്കിടെ അലമാരയിൽ നിന്ന് എടുത്തു നോക്കും. തലോടും. പിന്നെ കണ്ണീർ തുടക്കും.