ഉള്ളു നിറഞ്ഞ പ്രണയത്തോടെ തന്റെ ജീവിതത്തിലേക്ക് പ്രണയിനിയെ അയാൾ കൂട്ടുവിളിച്ചു. നിറഞ്ഞ സ്നേഹത്തോടെ അവൾ സമ്മതം മൂളി. ഇറാനിലെ ഷോപ്പിങ് മാളിൽ നടന്ന ആ വിവാഹാഭ്യർഥനയ്ക്ക് സാക്ഷിയായവരെല്ലാം കൈയടിച്ച് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആരുടെയും ഹൃദയം നിറയ്ക്കുന്ന ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതുവരെ എല്ലാം ശുഭമായിരുന്നു.

പക്ഷേ പിന്നെ പുറത്തുവന്നത് ആ ദൃശ്യങ്ങളിലുള്ള യുവാവും യുവതിയും ക്രിമിനൽക്കുറ്റത്തിന് ജയിലഴിക്കുള്ളിലായി എന്ന വാർത്തയായിരുന്നു. ഇറാനിലെ നിയമ പ്രകാരം വിവാഹാഭ്യർഥന നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. തെഹ്‌റാനിലെ അറക്കിലുള്ള ഷോപ്പിങ് മാളിൽ വച്ച് വിവാഹാഭ്യർഥന നടത്തിയതാണ് യുവാവും യുവതിയും ചെയ്ത ക്രിമിനൽ കുറ്റം.

യുവാവും യുവതിയും ചെയ്ത കുറ്റകൃത്യം വ്യക്തമാണെന്നും അതിനെക്കുറിച്ച് കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ലെന്നുമാണ് അറക് ഡെപ്യൂട്ടി പൊലീസ് ചീഫ് മുസ്തഫ നൊറൂസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. 'മറ്റുള്ള സ്ഥലങ്ങളിൽ തികച്ചും സാധാരണമെന്നു തോന്നുന്ന കാര്യങ്ങളാണ് കമിതാക്കൾ ചെയ്തതെന്നുള്ള വാദങ്ങളൊന്നും സ്വീകരിക്കാനാവില്ല. മതത്തെയും സംസ്കാരത്തെയും വകവെയ്ക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാനുമാകില്ല'.

കമിതാക്കളുടെ അറസ്റ്റ് വാർ‌ത്ത സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കമിതാക്കൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് തെഹ്‌റാൻ ബാർ അസോസിയേഷൻ മേധാവി അഡ്വക്കേറ്റ് ഇസ അമിനി പറയുന്നത്.

വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്മാർ പൊതുസ്ഥലങ്ങളിൽ ഒന്നിച്ചു വരുന്നതിന് വിലക്കുള്ളതുകൊണ്ടാണ് കമിതാക്കൾ അറസ്റ്റിലായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.