മക്കൾ ലോകത്തിന്റെ ഏതു കോണിലായാലും ഒരു ഫോൺകോളിൽ അവരുടെ ജീവിതം നിയന്ത്രിക്കുന്നവരാണ് ഇന്ത്യൻ മാതാപിതാക്കളെന്ന് ഒരു തമാശ പോലും വിദേശീയർക്കിടയിലുണ്ട്. രാജ്യം വിട്ടു പുറത്തു പോയാലും ജന്മ നാടിന്റെ സംസ്കാരത്തിൽ നിന്നും ജീവിത മൂല്യങ്ങളിൽ നിന്നും അൽപ്പം പോലും വ്യതിചലിക്കാൻ മക്കളെ അനുവദിക്കാത്തവരെ അമ്പരപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

യുഎസിലെ കൊളംബോയിലിരുന്ന് മദ്യപിക്കുന്ന ഒരു യുവതിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. വിഡിയോ അവസാനിക്കുമ്പോൾ 'വേണ്ട മിഷ വേണ്ട' എന്ന് ഹിന്ദിയിൽ പറയുന്നതും കേൾക്കാം. വിഡിയോയും വിഡിയോയ്ക്കു പിന്നിലെ കഥയും പങ്കുവച്ച യുവതിയുടെ പേര് മിഷാ മാലിക്.

സ്വന്തം മാതാപിതാക്കളുടെ മുന്നിലിരുന്നു മദ്യപിക്കുന്നതിന്റെ വിഡിയോയാണ് മിഷ പങ്കു വച്ചത്. ' എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന അടിക്കുറിപ്പോടെയാണ് മിഷ ദൃശ്യങ്ങൾ പങ്കുവച്ചത്. മകൾ കൺമുന്നിലിരുന്നു മദ്യപിക്കുന്നതു കണ്ട് പകച്ചു പോയ മിഷയുടെ അമ്മയാണ് 'വേണ്ട മിഷ വേണ്ട' എന്നു പറഞ്ഞുകൊണ്ട് അവളെ തടയാൻ ശ്രമിക്കുന്നത്.

മകളുടെ പിറന്നാൾ ദിനത്തിൽ‌ കേക്കിനു പകരം അവളുടെ ടേബിളിൽ വെയിറ്റർ ടെക്കീല കൊണ്ടു വയ്ക്കുന്നതും. അതുകണ്ട് അമ്പരന്നു നിൽക്കുന്ന അച്ഛനമ്മമാരുടെ മുന്നിലിരുന്ന് ഒറ്റയടിക്ക്  മകൾ ടെക്കീല അകത്താക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇന്ത്യൻ മാതാപിതാക്കൾക്ക് മക്കളോടുള്ള അമിത വാൽസല്യം വീണ്ടും ചർ‌ച്ചയാകുന്നത്. മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

പക്ഷേ ഇവിടെ മദ്യപിച്ചത് ഒരു പെൺകുട്ടിയായതുകൊണ്ടല്ലേ ഇതിത്ര വലിയ പുകിലായതെന്ന ചോദ്യത്തോടെയാണ് ആളുകൾ ഈ വിഡിയോ പങ്കുവയ്ക്കുന്നത്. മദ്യപാനശീലം ചില പുരുഷന്മാർക്ക് അലങ്കാരമാണെന്നു വിശ്വസിക്കുന്നവരാണ് ഒരു പെൺകുട്ടി മദ്യപിച്ചതിന്റെ പേരിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നതെന്നാണ് അവർ പറയുന്നത്.