ഒരു കാർ യാത്രക്കിടെയാണ് ആ കുടുംബത്തിലേക്ക് മരണം അപ്രതീക്ഷിതമായി കടന്നു വന്നത്. പക്ഷേ അതൊരു വാഹനാപകടമായിരുന്നില്ല. യാത്രയിലുടനീളം ഭർത്താവിനോടും കുഞ്ഞുങ്ങളോടും കളിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞ യുവതിയാണ് ഒരു നിമിഷത്തിന്റെ നിശ്ശബ്ദതയിൽ മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്. 

എത്ര വേഗത്തിലാണ് തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ മരണം തട്ടിയെടുത്തതെന്ന് പറഞ്ഞുകൊണ്ട് മലപ്പുറം സ്വദേശിയായ ജരീർ എന്ന യുവാവ് പോസ്റ്റ് ചെയ്ത വിഡിയോ ഉള്ളുനോവാതെ കണ്ടിരിക്കാനാവില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഭാര്യയുടെ അകാല വിയോഗത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:-

''അവളുടെ കാര്യത്തിൽ എനിക്കൊരു ആശങ്കയുമില്ല. പിന്നെ ഇത്രയും സിംപിൾ ആയിട്ട്, എന്നോടൊരു വാക്കു പോലും പറയാൻ പോലും നിൽക്കാതെ ഇത്രപെട്ടന്നവൾ മരിച്ചു എന്നുള്ളതിൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. ‍ബാക്കിയൊക്കെ അൽ അള്ളാ. നിങ്ങൾ പ്രാർഥിക്കുക, കാരണം എന്റെ മക്കൾ ചില യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നത് നാളെയും മറ്റന്നാളുമൊക്കെയായിരിക്കും. അപ്പോൾ എല്ലാവരും പ്രാർഥിക്കുക. മക്കൾ നല്ല രീതിയിൽ ആവട്ടെ. ഇൻഷാ അള്ളാ... ഇത്രേ പറയാനുള്ളൂ.''

ജരീരും ഭാര്യ നുസ്ഹയും രണ്ട് കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മരണം വിളിക്കാത്ത അതിഥിയായി കടന്നുവന്നത്. നുസ്ഹയുമൊത്തുള്ള അവസാനയാത്രയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. രംഗബോധമില്ലാതെ എത്തിയ മരണത്തെക്കുറിച്ച് ജരീരിന്റെ വാക്കുകൾ ഇങ്ങനെ:-

ഞങ്ങൾ സംസാരിച്ച് കൊണ്ട് പോകുകയായിരുന്നു. കുളപ്പുറത്തെത്താനായപ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞു. ഇളയ കുഞ്ഞ് സിയ നുസ്ഹയുടെ മാറിൽ നിന്ന് താഴേക്കു ഊർന്നു പോയ്കൊണ്ടിരിക്കുന്നു.. ഞാൻ വണ്ടി ഓടിക്കുന്നു. സിയ ഊർന്നു പോകുന്നു.

നുസ്ഹ സീറ്റിലേക്ക് ചരിഞ്ഞു ചാഞ്ഞ് കിടക്കുന്നു. ഞാൻ വണ്ടി സൈഡാക്കി. അവൾ വിളിച്ചിട്ട് കേൾക്കുന്നില്ല. ഞാൻ കുട്ടികളെ രണ്ടു പേരെയും എടുത്തു.അവളുടെ മരണമായിരുന്നു അത്. എത്ര ലളിതമായിരുന്നു. മരണത്തിന്റെ യാതൊരു വേദനയും കാണിക്കാതെ. എന്നോടൊരു വാക്ക് പോലും പറയാതെ.

തലേന്ന് രാത്രിയും ഞങ്ങൾ മക്കളെ കുറിച്ചാണ് പറഞ്ഞത്. അവൾക്ക് കൊടുത്ത വാക്ക് ഞാൻ പൂർത്തീകരിക്കും. എന്റെ മക്കളുടെ കാര്യത്തിൽ നിങ്ങൾ സഹതപിക്കേണ്ടതില്ല. എല്ലാം ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു.