ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ രസകരമായ കമന്റുകളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്യാറുണ്ട് നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. ഇക്കുറി ഭർത്താവിനെ ടാഗ് ചെയ്തുകൊണ്ട് സുപ്രിയ പങ്കുവച്ചത് ഒരു നൃത്ത വിഡിയോയാണ്. പ്രായമായ രണ്ട് പഞ്ചാബി ദമ്പതികൾ പരിസരം മറന്ന് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ഡയറക്ടർ സാർ ഇതൊന്നു ശ്രദ്ധിക്കൂവെന്നാണ് സുപ്രിയ കുറിച്ചത്.

പലപ്പോഴും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കടുകട്ടി ഇംഗ്ലിഷ് വാക്കുകളെക്കുറിച്ചാണ് സാധാരണയായി ചർച്ചകളും ട്രോളുകളും ഉണ്ടാകാറുള്ളത്. അടുത്തിടെയായി സുപ്രിയയെയും ട്രോളുകാർ വെറുതെ വിടാറില്ല. മാഗസിൻ കവർ ഷൂട്ടിനായി പൃഥ്വിവിനോടൊപ്പം നിൽക്കുന്നത് സ്റ്റൂളിന്റെ പുറത്താണോ എന്ന് ഒരു വിരുതൻ ചോദിച്ചപ്പോൾ എങ്ങനെ മനസ്സിലായി എന്നു ചോദിച്ചുകൊണ്ട് സുപ്രിയ മറുപടിയും നൽകിയിരുന്നു. ദമ്പതികളുടെ പോസ്റ്റുകളും കമന്റുകളും ആരാധകർ നന്നായിത്തന്നെ ആഘോഷിക്കാറുമുണ്ട്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണവിശേഷങ്ങൾ മുതൽ റിലീസ് വിശേഷങ്ങൾ വരെയുള്ള കാര്യങ്ങൾ സുപ്രിയ കൃത്യമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് ഭർത്താവിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും സുപ്രിയ പങ്കുവച്ചിരുന്നു.

'' മൂന്നുവർഷം നീണ്ട യാത്ര ഒടുവിൽ നാളെ ലക്ഷ്യത്തിലെത്തുകയാണ്. ഹൈദരാബാദിൽ ടിയാന്റെ സെറ്റിൽ ആന്റണി വന്നു, ലൂസിഫർ ചെയ്യാമെന്ന തീരുമാനത്തിൽ നിങ്ങൾ കൈകൊടുത്തു, അങ്ങനെയായിരുന്നു ആ യാത്രയുടെ തുടക്കം. ഇതിനായി നിങ്ങൾ എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ഞങ്ങളോടൊപ്പമിരിക്കാതെ, അവധിയെടുക്കാതെ മുരളിയുമായി നിങ്ങൾ ചർച്ചയിലായിരുന്നു. 9 എന്ന സിനിമയിൽ ജോലിചെയ്യുമ്പോഴും ലൂസിഫറിന്റെ സ്ക്രിപ്റ്റുമായി വളരെ തിരക്കിലായിരുന്നു. എന്തൊക്കെയാണിവിടെ നടക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത.

ഇന്ന് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും ഈ ചിത്രത്തിനു വേണ്ടി നിങ്ങളെടുത്ത പരിശ്രമത്തെക്കുറിച്ചും, കഠിനാധ്വാനത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടേയിരിക്കുമ്പോൾ എനിക്കഭിമാനിക്കാതിരി ക്കാതിരിക്കാനാവുന്നില്ല. ഞാൻ കാണുമ്പോൾ നിങ്ങൾ ഒരു അഭിനേതാവായിരുന്നു. അവിടെ നിന്ന് ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ വളർച്ച വ്യക്തിപരമായി ഞാൻ കണ്ടതാണ്.

ഇത്രയും കഠിനാധ്വാനിയായ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഉറക്കമില്ലാത്ത രാത്രികളിലും, പ്രശ്നഭരിതമായി കടന്നു പോയ ദിവസങ്ങളിലും ശക്തിപകർന്ന് നിങ്ങൾക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികളോടുള്ള നന്ദിയാൽ എന്റെ ഹൃദയം നിറയുകയാണ്. നാളെ ലൂസിഫർ റിലീസ് ചെയ്യാൻ ‍ഞാനുൾപ്പടെയുള്ള ലോകം കാത്തിരിക്കുകയാണ്. ഈ ചിത്രം യാഥാർഥ്യമാക്കി മാറ്റാൻ ഒപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആന്റണി പെരുമ്പാവൂരിനും, ലൂസിഫറിന് ജീവൻ നൽകിയ മോഹൻലാൽ സാറിനും ഈ ക്രൂവിലെ ഓരോരുത്തർക്കും ‍ഞാൻ നന്ദി പറയുകയാണ്.

പ്രത്യേകിച്ച് ഈ ചിത്രത്തിൽ നിങ്ങളുടെ ചീഫ് അസോസിയേറ്റായ വാവയോട്. കഴിഞ്ഞ ഒരു വർഷക്കാലം ഒരു നിഴൽ പോലെ അദ്ദേഹം നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. പൃഥ്വി; നാളെ എന്തൊക്കെ സംഭവിച്ചാലും എനിക്കറിയാം നിങ്ങളുടെ 1000 ശതമാനം ഈ സിനിമയ്ക്കു വേണ്ടി നിങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന്. സിനിമയോടുള്ള നിങ്ങളുടെ പാഷൻ അംഗീകരിക്കപ്പെടും. ഗുഡ് ലക്ക് ഡയറക്ടർ സാർ, സിനിമയ്ക്കായി നാളെ വരെ കാത്തിരിക്കാനെനിക്കാകുന്നില്ല''. – സുപ്രിയ കുറിച്ചു

ചിത്രത്തിന്റെ റിലീസിനു ശേഷം പൃഥ്വിയെ ചേർത്തുപിടിച്ച് ആ വിജയനിമിഷത്തിന്റെ സെൽഫിയും സുപ്രിയ പകർത്തിയിരുന്നു. തന്റെ കഠിനാധ്വാനത്തിന്റെ ഫലം കണ്ട സന്തോഷത്തിൽ നിറകണ്ണുകളോടെ നിന്ന പൃഥ്വിയെ ചേർത്തു നിർത്തിയാണ് ആ സുന്ദരനിമിഷത്തെ സുപ്രിയ പകർത്തിയത്.