ഉറക്കത്തിനിടയിലെ അർധബോധത്തിലും സ്വന്തം കുഞ്ഞിന്റെ ജീവൻ തിരിച്ചു പിടിച്ച അമ്മയാണ് ഇപ്പോൾ വാർത്തകളിലെ താരം. പൂനെയിലാണ് സംഭവം. 18 മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ വീടിനു പുറത്ത് കിടക്കുമ്പോഴാണ് കുഞ്ഞിനെ പുലി ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച് ഫോറസ്റ്റ് ഓഫീസർ വിശാൽ പറയുന്നതിങ്ങനെ :-

ഉറക്കത്തിനിടയിൽ ഒരു മുരൾച്ചയുടെ ശബ്ദം കേട്ടാണ് അവർ ഉണർന്നത്. നോക്കുമ്പോൾ കുഞ്ഞിനരുകിൽ ഒരു പുലി നിൽക്കുന്നു. അത് അവന്റെ തലയിൽ പിടുത്തമിട്ട് കടിക്കാനൊരുങ്ങുകയാണ്. ഉടൻ തന്നെ അമ്മ ആ പുലിയെ ആഞ്ഞടിച്ചു. അപ്പോൾ കുഞ്ഞിനെ വിട്ട് ആ പുലി അമ്മയുടെ നേർക്ക് തിരിയുകയും അവരുടെ കൈയിൽ കടിക്കുകയും ചെയ്തു'.

അതോടെ അമ്മ ബഹളമുണ്ടാക്കി. അവരുടെ നിലവിളി കേട്ടുണർന്ന ഭർത്താവും അയൽക്കാരും എത്തിയപ്പോഴേക്കും പുലി ജീവനും കൊണ്ടു രക്ഷപെട്ടു. പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ദീപാലി എന്ന സ്ത്രീയാണ് പുലിയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ രക്ഷിച്ചത്. ദിലീപ്– ദീപാലി ദമ്പതികളുടെ 18 മാസം പ്രായമായ കുഞ്ഞാണ് ആക്രമിക്കപ്പെട്ടത്.