മണിപ്പൂര്‍ എന്നു കേട്ടാല്‍ ഒരിക്കല്‍ മനസ്സില്‍ തെളിയുന്ന ഒരു രൂപമുണ്ടായിരുന്നു. മൂക്കില്‍ ഘടിപ്പിച്ച ട്യൂബുമായി, ആശുപത്രി പോലെ തോന്നിപ്പിക്കുന്ന മുറിയുടെ പശ്ചാത്തലത്തില്‍, ആരോഗ്യത്തില്‍ ദുര്‍ബലയായ ഒരു യുവതിയുടെ ശുഷ്ക രൂപം. കാഴ്ചയില്‍ ദുര്‍ബലയെങ്കിലും ജന്മനാടിനുവേണ്ടി ഒന്നരപതിറ്റാണ്ടു നീണ്ട പ്രക്ഷോഭം നയിച്ച ധീരവനിതയായിരുന്നു അവര്‍; മണിപ്പൂരിന്റെ ഒരേയൊരു സമരനായിക- ഇറോം ശര്‍മിള.

അന്നവര്‍ക്ക് ചുറ്റും ആള്‍ക്കുട്ടവും മാധ്യമങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നെങ്കില്‍ ഇന്നവര്‍ ജീവിതപങ്കാളിക്കൊപ്പം ഒരു ആശുപത്രി മുറിയില്‍ തനിച്ചാണ്. ഒരിക്കല്‍ മുദ്രാവാക്യങ്ങളും സമരത്തിന്റെ അലയൊലികളും നിറഞ്ഞ അവരുടെ ജീവിതത്തെ ഇപ്പോള്‍ ശബ്ദമുഖരിതമാക്കുന്നത് രണ്ടു കൊച്ചുകുട്ടികളുടെ കളിചിരികള്‍. ഈ മാതൃദിനത്തില്‍ സന്തോഷത്തിന്റെ സന്ദേശവുമായെത്തിയ ഇരട്ടക്കുട്ടികള്‍. 

മണിപ്പൂരിലെ പ്രത്യേക സൈനികാവകാശ നിയമത്തിനെതിരായ പോരാട്ടമാണ് ഇറോം ശര്‍മിളയെ ശ്രദ്ധേയയാക്കിയത്. സൈന്യത്തിന് ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്ന നിയമത്തിനെതിരെ ഇറോം ശര്‍മിള നടത്തിയ നിരാഹാര സമരം നീണ്ടുനിന്നത് 16 വര്‍ഷം. രാജ്യം ഭരിച്ചവര്‍ വ്യാജ വാഗ്ദാനം നല്‍കിയതല്ലാതെ നിയമത്തില്‍ ഇളവു ചെയ്തില്ല. ശര്‍മിളിയുടെ സമരവും നീണ്ടുപോയി. കാലം ചെല്ലവേ അവര്‍ പോരാട്ടത്തിന്റെ പ്രതീകമായി. കരിനിയമം പിന്‍വലിക്കാതെ വിവാഹിതയാകി ല്ലെന്നായിരുന്നു ശര്‍മിളയുടെ വാക്കുകള്‍. വീട്ടിലേക്ക്, അമ്മയുടെ അടുത്തേക്ക് തിരിച്ചു ചെല്ലില്ലെന്നും. 

ഒന്നരപതിറ്റാണ്ടിന്റെ സമരത്തിനുശേഷവും ഭരണകര്‍ത്താക്കള്‍ അണുവിട മാറാതെവന്നപ്പോള്‍ തോറ്റുപോയത് ശര്‍മിള മാത്രമായിരുന്നില്ല; സഹനസമരം കൂടിയായിരുന്നു. പെട്ടെന്നൊരു ദിവസം ശര്‍മിള സമരം നിര്‍ത്തിയതിനെതിരെ രണ്ടു വര്‍ഷം മുമ്പ് എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ശര്‍മിള മണിപ്പൂരിനെ വഞ്ചിച്ചു എന്നു പറഞ്ഞവരുണ്ട്. സമരം പരാജയപ്പെട്ടതിനാല്‍ ഇനിയവര്‍ സ്വന്തം കാര്യം നോക്കുന്നതാണ് നല്ലതെന്നു വാദിച്ചവരുണ്ട്. എല്ലാവരോടും യോജിച്ചും വിയോജിച്ചും ശര്‍മിള സഹന സമരം നിര്‍ത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി. പണത്തിനും പ്രതാപത്തിനും മീതെ നാട്ടുകാര്‍ തന്നെ തിര‍ഞ്ഞെടുക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ പക്ഷേ, കാത്തിരുന്നത് ദയനീയ പരാജയം. അതോടെ, പ്രശസ്തിയില്‍ നിന്ന്, പ്രക്ഷോഭപാതയില്‍നിന്ന് ശര്‍മിള ഉള്‍വലിഞ്ഞു. 

16 വര്‍ഷത്തെ പോരാട്ടം ശര്‍മിള നിര്‍ത്താന്‍ കാരണം അവരുടെ പ്രണയമാണെന്ന് ആരോപണമുണ്ടായി രുന്നു. ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിയ ഗോവന്‍ സ്വദേശി ഡെസ്മണ്ട് കുടി‍ഞ്ഞോ ആയിരുന്നു കാമുകന്‍. സമരതീക്ഷ്ണമായ നാളുകളിലും ശര്‍മിളയുടെ കൂടെനിന്ന് ആശ്രയവും സാന്ത്വനവും പകര്‍ന്ന പ്രണയനായകന്‍. വീട്ടുകാര്‍ക്കുപോലും വേണ്ടാതെവന്നപ്പോള്‍ കൂടെ നിന്ന കരുത്തുള്ള കൈകളുടെ ഉടമ.

പൗരാവകകാശ പ്രക്ഷോഭത്തിനൊപ്പം പ്രണയവും കാത്തുസൂക്ഷിച്ച യുവാവ്. 2017 ല്‍ അവര്‍വിവാഹിത രായി. മണിപ്പൂരില്‍നിന്ന് അകലെ കൊടൈക്കനാലില്‍ 46 വയസ്സുകാരിയായ ശര്‍മിള വിവാഹജീവിതവും തുടങ്ങി. അതിനുശേഷം അവര്‍ നിശ്ശബ്ദയായിരുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ലായിരുന്നു. ഒടുവിലിപ്പോള്‍ രാജ്യം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ശര്‍മിള വീണ്ടും വാര്‍ത്താനായികയാകുന്നു. മാതൃദിനത്തില്‍ സിസേറിയനിലൂടെ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്‍മം കൊടുത്തുകൊണ്ട്. ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രി ശൃംഖലയിലെ മല്ലേശ്വരത്ത്. ഞായറാഴ്ച രാവിലെ 9.21 നായിരുന്നു ശര്‍മിളയുടെ പ്രസവം. നിക്സ് ശക്തി, ഓട്ടം ടാര എന്നിങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. രണ്ടുപേരും ആരോഗ്യവതികളാണ്. അമ്മയും അച്ഛനും സന്തോഷവുമായി അടുത്തുതന്നെയുണ്ട്. 

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് ഇറോം ശര്‍മിളയെ ഒരിക്കല്‍ സമരനായികയാക്കിയത്. സുഹൃത്ത് സൈന്യത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായപ്പോഴാണ് യൗവനത്തിന്റെ ഏറ്റവും നല്ല വര്‍ഷങ്ങള്‍ അവര്‍ സമരത്തിന്റെ തീച്ചൂളയ്ക്ക് ദാനം നല്‍കിയത്. അധികാരികളുടെ മനസ്സുമാറ്റുകയായാരുന്നു ലക്ഷ്യം; അതും സഹന സമരത്തിലൂടെ. നീണ്ട 16 വര്‍ഷം അവര്‍ ത്യജിച്ചത് പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങള്‍ മാത്രമായിരുന്നില്ല. സന്തോഷവും ബന്ധുക്കളും വീടും കളിചിരികളും എല്ലാം. പരാജയം മാത്രമാണു തനിക്ക് വിധിച്ചതെന്ന തിരിച്ചറിവ് വൈകിയെങ്കിലും ഉണ്ടായപ്പോഴേക്കും അവര്‍ക്ക് താങ്ങായത് പൗരാവകാശ പ്രവര്‍ത്തകനായ ഡെസ്മണ്ട് കുട്ടിഞ്ഞോ.

ആ കൈകളില്‍ വൈകിയാണെങ്കിലും അവര്‍ പ്രണയം അറിഞ്ഞു. ജീവിതത്തിലെ നഷ്ടപ്പെട്ട സന്തോഷങ്ങള്‍ അറിഞ്ഞു. ഒന്നരപ്പതിറ്റാണ്ട് തീണ്ടാപ്പാടകലെ നിര്‍ത്തിയ രുചിയും. ഇപ്പോഴിതാ, ഏകാന്തതയുടെ അവസാനം, ഒറ്റപ്പെടലിന്റെ അവസാനം, ഒറ്റിക്കൊടുക്കപ്പെട്ടതിന്റെ അവസാനം ഇറോം ശര്‍മിള സന്തോഷവതിയായിരിക്കുന്നു. പ്രിയപ്പെട്ട പങ്കാളിക്കും ജീവന്റെ ജീവനായ പെണ്‍മക്കള്‍ക്കുമൊപ്പം.