സഹോദരൻ ചെയ്ത തെറ്റിന്റെ പേരിൽ പരസ്യമായി മർദ്ദനമേൽക്കേണ്ടി വന്ന രണ്ടു പെൺകുട്ടികളെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. മധ്യപ്രദേശിലാണ് സംഭവം. മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെയും അയാളുടെ ബന്ധുക്കളായ പെൺകുട്ടികളെയുമാണ് യുവതിയുടെ ഭർത്താവും കൂട്ടരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.

യുവാവിന്റെ സഹോദരിമാരെ മർദ്ദിക്കാൻ മുൻപന്തിയിൽ നിന്നത് സ്ത്രീകൾ തന്നെയാണ്. കെട്ടിയിട്ട യുവതികളുടെ വസ്ത്രങ്ങളഴിച്ചെടുക്കാൻ ശ്രമിക്കുകയും മുതുകിൽ ചവിട്ടുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളെ ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഒരു പുരുഷനും അയാളുടെ ബന്ധുക്കളായ പെൺകുട്ടികളുമാണ് മർദ്ദിക്കപ്പെട്ടത്. അതിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായിരുന്നു. 

യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയുടെ ബന്ധുക്കളാണ് മൂവരെയും മരത്തിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദ്ദിച്ചത്. ഒളിച്ചോടിയ യുവതിയുടെ ഭർത്താവ് കെട്ടിയിട്ട പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പൊലീസ് പറയുന്നു. മുകേഷ് എന്നു പേരുള്ള ഒരു പ്രദേശവാസിയുടെ ഭാര്യയുമായാണ് യുവാവ് ഒളിച്ചോടിയത്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്നുറപ്പു നൽകിയാണ് മുകേഷ് തന്റെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെയും അയാളുടെ ബന്ധുക്കളായ പെൺകുട്ടികളെയും വിളിച്ചു വരുത്തിയത്.

യുവാവും സഹോദരിമാരും സ്ഥലത്തെത്തിയയുടൻ മുകേഷ് അവരോട് ഒന്നും സംസാരിക്കാതെ അവരെ പിടിച്ചു കെട്ടുകയായിരുന്നു. അതിനുശേഷമാണ് മൂവരെയും ക്രൂരമായി മർദ്ദിച്ചത്. ഈ കാഴ്ചകാണാൻ പ്രദേശവാസികൾ ഒത്തുകൂടുകയും ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവതിയുടെ ഭർത്താവും ആൾക്കൂട്ടത്തിലെ സ്ത്രീകളും ചേർന്ന് മർദ്ദിക്കുമ്പോൾ വേദനകൊണ്ട് പുളഞ്ഞ് ഉറക്കെക്കരയുന്ന യുവാവിനെയും പെൺകുട്ടികളെയും ദൃശ്യങ്ങളിൽ കാണാം.

ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റവരിൽ ഒരാൾ മൈനർ ആയതിനാൽ സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും ഈ സംഭവത്തിൽ ഇതുവരെ മുകേഷ് ഉൾപ്പടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇനിയും കൂടുതൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും സിറ്റിസൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജീവ് മുലെ പറയുന്നു.