ഒന്നിനും സമയം തികയുന്നില്ല എന്ന പരാതിയോടെ ശുണ്ഠി പിടിച്ചു നടന്ന് ഒടുവിൽ പ്രഭാത ഭക്ഷണം പോലുമൊഴിവാക്കി ഓഫിസിലേക്ക് പായുന്ന ഒരുപാടു സ്ത്രീകളുണ്ട്. ഭർത്താവ്, കുട്ടികൾ, അടുക്കളജോലി, ഓഫിസ് കാര്യം എല്ലാം കഴിയുമ്പോൾ പിന്നത്തേക്ക് മാറ്റി നിർത്താൻ കഴിയുന്നത് സ്വന്തം ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും കാര്യമാണെന്ന് ചിന്തിക്കുന്നവർ. എന്നാൽ ഈ 7 കാര്യങ്ങൾ ശീലമാക്കിയാൽ സമയമില്ലെന്ന പരാതി ഇനിയൊരിക്കലും പറയേണ്ടി വരില്ല.

1. പ്രഭാത ഭക്ഷണം ഒഴിവാക്കല്ലേ

ഒരിക്കലും നടക്കാത്ത കാര്യം. രാവിലത്തെ ഓട്ടത്തിനി‌ടയിൽ ആകെ ഒഴിവാക്കാൻ പറ്റുന്നത് പ്രഭാത ഭക്ഷണമാണെന്നാണ് മിക്ക ജോലിക്കാരുടെയും മറുപടി. എന്നാൽ ഈ ശീലം ഒഴിവാക്കിയേ പറ്റൂ. ദിവസം മുഴുവൻ ജോലി ചെയ്യാൻ വേണ്ട ഊർജം ഇതിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി മുതൽ ബ്രേക്ക് ഫാസ്റ്റ് ഒരു ശീലമാക്കാം. ജോലിക്കിടയിലെ സ്ട്രെസ് കുറയ്ക്കാൻ സ്നാക്സ് സഹായിക്കും. കൂടുതൽ സാലഡ് ലൈറ്റ് ഡിന്നർ ഇതാക‌‌ട്ടെ നമ്മുടെ ആരോഗ്യശീലം.

2. ലഘു വ്യായാമങ്ങളാകാം ഓഫിസിലും

ജോലി സ്ഥലത്തുള്ള ഒരേ ഇരുപ്പ് ആരിലും മടുപ്പുണ്ടാക്കും. ഇതൊഴിവാക്കാൻ ലഘുവ്യായാമങ്ങൾ സഹായിക്കും. ഒരു മണിക്കൂർ കൂടുമ്പോൾ ഒരൽപം നടക്കാം. സീറ്റിലിരുന്നു തന്നെ കൈയും കാലും നിവർക്കുകയും മടക്കുകയും ചെയ്യാം. ഇത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കും. ഇടയ്ക്കിടെ ഇമ ചിമ്മുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കും.

3. മടിയില്ലാതെ വെള്ളം കുടിക്കണേ

പ്രതീകാത്മക ചിത്രം

ദിവസം 8- 10 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷാംശം പുറം തള്ളാനും ഇതിലൂടെ സാധിക്കും. തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4.വ്യായാമത്തിന് സമയമില്ലെന്നു പറയല്ലേ

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുമുണ്ടാകൂ. അതിനാൽ വ്യായാമം ശീലമാക്കാം. ഇതിനായി പ്രത്യേക സമയമൊന്നും തിരക്കുള്ള ജോലിക്കാർ മാറ്റിവയ്ക്കേണ്ട. സ്ഥിരമായി ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം ഇനി സ്റ്റെയർകെയ്സ് ഉപയോഗിക്കാം. ഉച്ചക്ക് ഊണിനു ശേഷം സഹപ്രവർത്തകർക്കൊപ്പം ഒരൽപം നടക്കാം. നടന്നു പോകാനുള്ള ദൂരമേയുള്ളൂ എങ്കിൽ ടു വീലർ പരമാവധി ഒഴിവാക്കുക.

5. അമ്മമാർക്കും വേണം മീ ടൈം

എത്ര തിരക്കാണെങ്കിലും നമുക്കായി ഒരൽപ സമയം കണ്ടെത്തണം. ആ സമയം ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തിനായി വിനിയോഗിക്കാം. വായനയെ സ്നേഹിക്കുന്നവരാണെങ്കിൽ പുസ്തകങ്ങളിലേക്കു തിരിയാം. കൃഷി, ഉദ്യാനപരിപാലനം, സംഗീതം, നൃത്തം, നീന്തൽ എന്നിങ്ങനെ പ്രിയപ്പെട്ട എന്ത് കാര്യവും ചെയ്യാം. ഇത് മനസിന്റെ ഉന്മേഷം വർദ്ധിപ്പിക്കും.

6.സ്നേഹപൂർവ്വം കുടുംബത്തിനൊപ്പം

പ്രതീകാത്മക ചിത്രം

തിരികെ വീട്ടിലെത്തിയാലുടൻ വീട്ടു ജോലിയിലേക്ക് കടക്കാതെ കുട്ടികൾക്കും ഭർത്താവിനുമൊപ്പം കുറച്ചു സമയം ചിലവഴിക്കാം. സ്കൂളിലെ വിശേഷങ്ങളും ഓഫിസ് വിശേഷങ്ങളും പങ്കുവയ്ക്കാം. ചെറിയ കുട്ടികളാണെങ്കിൽ അവർക്കൊപ്പം അൽപസമയം കളിക്കാം. ഭർത്താവിനോട് മനസുതുറന്ന് സംസാരിക്കാം.

7.ജോലികൾ പങ്കുവയ്ക്കാം

ഓഫിസിലെ തിരക്കു കഴിഞ്ഞെത്തുന്ന ഭാര്യ തന്നെ വീട്ടിലെ എല്ലാ ജോലിയും ചെയ്യണമെന്ന ശാഠ്യം പങ്കാളികളും ഉപേക്ഷിക്കണം. ഭാര്യയും ഭർത്താവും വീട്ടുജോലികൾ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ ജോലിഭാരം കുറയുകയും വീട്ടുജോലികൾ ആസ്വദ്യകരമാകുകയും ചെയ്യും.