ഉരുളയ്ക്ക് ഉപ്പേരി പൊലെയുള്ള പ്രതികരണങ്ങളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേകത. രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതത്തിലും. ഏറ്റുമുട്ടാന്‍ വരുന്നാളെ ഒരു പാഠം പഠിപ്പിക്കുക എന്നത് ജീവിതശൈലി തന്നെയാണവര്‍ക്ക്. ഇപ്പോഴിതാ, മകളുമായി ബന്ധപ്പെട്ട് സ്കൂളിലുണ്ടായ ഒരു പ്രശ്നത്തിലും സ്മൃതി തന്റെ കരുത്ത് കാണിച്ചിരിക്കുന്നു. കേന്ദ്രമന്ത്രി എന്ന നിലയിലോ ബിജെപി നേതാവ് എന്ന നിലയിലോ അല്ല, ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍. ഒരു അമ്മ എങ്ങനെ പെരുമാറണം എന്നതിന്റെ മാതൃക. ശാക്തീകരണത്തിന്റെയും കരുത്തിന്റെയും സ്വാഭാവിക സ്ത്രീ ശക്തിയുടെയും പ്രകടനം. 

ഇന്‍സ്റ്റഗ്രാമില്‍ സ്മൃതിയുടെ മകളുടെ ഒരു സെല്‍ഫി ചിത്രമാണ് പ്രശ്നമായത്. ഈ ചിത്രത്തിന്റെ പേരില്‍ സ്മൃതിയുടെ മകളുടെ ഒരു സഹപാഠി കുട്ടിയെ കളിയാക്കുകയും സംഭവം സ്കൂളിലെല്ലാം പറഞ്ഞുനടക്കുകയും ചെയ്തു. മകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്ന പരിഹാസം സ്മൃതി എന്ന അമ്മയെ നന്നായി വേദനിപ്പിച്ചു. ആ വേദനയും രോഷവും കഴിഞ്ഞദിവസത്തെ അവരുടെ പോസ്റ്റിലുണ്ട്:

ഇന്നലെ ഞാന്‍ മകളുടെ ഒരു സെല്‍ഫി ചിത്രം ഒഴിവാക്കി. കാരണം അതിന്റെ പേരിലാണ് ഒരു സഹപാഠി അവളെ കളിയാക്കിയത്. ഒരു ഝാ ആണ് മകളെ കളിയാക്കിയത്. മകളുടെ രൂപത്തിന്റെയും നോട്ടത്തിന്റെയും പേരില്‍. ക്ളാസില്‍ മുഴുവന്‍ അവന്‍ അതു പറഞ്ഞുനടക്കുകയും ചെയ്തു. ആ ചിത്രം മാറ്റണമെന്ന് മകള്‍ തന്നെയാണ് എന്നോടു പറഞ്ഞത്. ഞാനത് അനുസരിച്ചു. അംഗീകരിച്ചു. കാരണം ഏത് അമ്മയ്ക്കാണ് മകളുടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ കഴിയുക. പക്ഷേ, പിന്നെയാണ് എനിക്കൊരു കാര്യം മനസ്സിലായത്. ചിത്രം മാറ്റുന്നതിലൂടെ ഞാന്‍ യഥാര്‍ഥത്തില്‍ കളിയാക്കിയവന് കീഴടങ്ങുകയാണ് ചെയ്തിരിക്കുന്നത്. എന്റെ പ്രവൃത്തി ശക്തിപ്പെടുത്തിയത് അവനെയാണ്, മകളെയല്ല. ഉടന്‍ തന്നെ മകളുടെ മറ്റൊരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തു. ഒരു പ്രതികാരം തന്നെ’. 

തന്റെ മകളുടെ നേട്ടങ്ങള്‍ ഒന്നൊന്നായി സ്മൃതി എണ്ണിപ്പറയുകയും ചെയ്തു. പൊരുതാന്‍ മകള്‍ ആരുടെയും പിന്നിലല്ലെന്നും. 

മികച്ച ഒരു കായികതാരമാണ് എന്റെ മകള്‍. റെക്കോര്‍ഡിന്റെ പേരില്‍ ലിംക ബുക്കില്‍ സ്ഥാനവും നേടിയിട്ടുണ്ട്. കരാട്ടെയില്‍ ബ്ളാക്ക് ബെല്‍റ്റ് രണ്ടാം ഡിഗ്രിയും നേടിയിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ വെങ്കല മെഡല്‍ നേടിയിട്ടുമുണ്ട്. സ്നേഹമുള്ള മകളാണവര്‍. എന്റെ പ്രിയപ്പെട്ടവള്‍. തീര്‍ച്ചയായും സുന്ദരിയും.

ഝാ, നീ വീണ്ടും അവളെ കളിയാക്കിക്കോളൂ... അവള്‍ തളരില്ല. തിരിച്ചടിക്കാന്‍ അവള്‍ക്ക് അറിയാം. അവള്‍ സോയിഷ് ഇറാനിയാണ്. ഞാന്‍ അവളുടെ അഭിമാനമുള്ള അമ്മയും. ഹൃദയത്തിന്റെ അടയാളവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.