വിവാഹശേഷം കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടത് ഭാര്യാഭർത്താക്കന്മാർ മാത്രമാണ്. ഇവിടെയിതാ നവദമ്പതികൾക്ക് കുഞ്ഞു പിറന്നത് വിവാഹം കഴിഞ്ഞ് നിമിഷങ്ങൾക്കകമാണ്. ന്യൂജഴ്സിയിലാണ് സംഭവം. വിവാഹശേഷം വെറും നിമിഷങ്ങൾക്കുള്ളിൽ അച്ഛനമ്മമാരായ നവ ദമ്പതികളുടെ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടൊണ് വാർത്ത പുറംലോകമറിഞ്ഞത്. 

44കാരനായ മിഖായേൽ ഗൊല്ലാർഡോ, 44കാരിയായ മേരി മാർഗരറ്റ് എന്നിവരാണ് വിവാഹം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അച്ഛനമ്മമാരായത്. വർഷങ്ങളായി ഒരുമിച്ചു താമസിക്കുകയാണെങ്കിലും കുഞ്ഞു പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. അതിനുള്ള കാരണം അവർ വെളിപ്പെടുത്തുന്നതിങ്ങനെ.

വിവാഹിതരാകുന്നതിനു മുൻപാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ കോളത്തിൽ പങ്കാളികൾ എന്നേ എഴുതാൻ കഴിയൂ. എന്നാൽ വിവാഹശേഷമാണ് കുഞ്ഞ് പിറക്കുന്നതെങ്കിൽ ഔദ്യോഗികമായി ഭാര്യാ–ഭർത്താക്കന്മാർ എന്നു തന്നെ എഴുതാൻ കഴിയും.

പ്രസവദിവസം തന്നെ വിവാഹിതരാകാൻ തീരുമാനമെടുത്തപ്പോൾ ഇതേക്കുറിച്ച് ആശുപത്രി അധികൃതരോടും ബന്ധുക്കളോടും സംസാരിച്ചു. അവരുടെ പക്കൽ നിന്ന് പോസിറ്റീവ് സിഗ്നൽ കിട്ടിയപ്പോൾ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ മുന്നോട്ടുപോയി. ആശുപത്രിയിലെ പ്രാർഥനാ മുറിയിൽ വിവാഹച്ചടങ്ങുകൾക്ക് പരിസമാപ്തിയായ നിമിഷം തന്നെ മേരിക്ക് പ്രസവ വേദന തുടങ്ങി. വിവാഹച്ചടങ്ങ് പൂർത്തിയായി അരനിമിഷത്തിനകം അവർ‌ മിടുക്കനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

മിഖായേൽ പ്രസ്റ്റല്ലോ ഗല്ലാർഡോ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.