റോഷൻ കുടുംബത്തിൽ അരങ്ങേറുന്ന നാടകങ്ങൾക്കുള്ള മറുപടിയുമായി ഒടുവിൽ രംഗത്തു വന്നിരിക്കുകയാണ് സുനൈന റോഷൻ പ്രണയിക്കുന്ന റുഹൈൽ അമീൻ. സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങൾക്കു നൽകുന്ന അഭിമുഖങ്ങളിലൂടെയുമാണ് റുഹൈൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്.

തന്നെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ച റോഷൻ കുടുംബത്തിലെ പുരുഷന്മോരോട് കുറിക്കു കൊള്ളുന്ന ചില ചോദ്യങ്ങൾ കൂടി ചോദിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകൻ കൂടിയായ റുഹൈൽ രംഗത്തു വന്നിരിക്കുന്നത്. ഒരു പ്രത്യേക മതത്തിൽ വിശ്വസിച്ചുവെന്നതുകൊണ്ട് ഒരാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നത് നിർഭാഗ്യകരമാണെന്നും അത്തരം പ്രവണതകളെ ശക്തമായ വാക്കുകൾ കൊണ്ടു തന്നെ നേരിടുകയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മതവും ഭൂപ്രകൃതിയുമൊന്നും തീവ്രവാദത്തെ നിർവചിക്കാനുള്ള ആധാരശിലയല്ല. അങ്ങനെയുള്ള ചിന്തകളിൽ നിന്ന് നമ്മൾ മുക്തരാകേണ്ടതുണ്ട്. ''മതവിശ്വാസത്തിന്റെ പേരിൽ എന്നെ മാറ്റി നിർത്തുന്നവർ എന്തുകൊണ്ടാണ് വർഷങ്ങൾക്കു മുൻപ് സൂസന്നെ ഖാനെ മരുമകളായി സ്വീകരിച്ചത്. എന്തൊരു വിരോധാഭാസമാണിത്''– റുഹൈൽ ചോദിക്കുന്നു.

ദേശീയചാനലിനുവേണ്ടി വിനോദപരിപാടി കവർ ചെയ്യാനെത്തിയപ്പോഴാണ് താൻ സുനൈനയെ പരിചയപ്പെട്ടതെന്നും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് കൂടുതൽ അടുത്തതെന്നും റുഹൈൽ വെളിപ്പെടുത്തി. എന്നാൽ സുനൈന പറഞ്ഞിരുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ് റുഹൈലിനെ പരിചയപ്പെട്ടതെന്നാണ്. സുനൈനയുമായുള്ള ബന്ധത്തെ പരാമർശിക്കാൻ സൗഹൃദം എന്ന വാക്കാണ് റുഹൈൽ ഉപയോഗിച്ചത്.

'' സുനൈനയുടെ കുടുംബം ഞങ്ങളുടെ സൗഹൃദത്തെ അംഗീകരിക്കാൻ ഒരുക്കമല്ലായിരുന്നു. അവൾ ഇതിനെക്കുറിച്ച് എന്നോടു പറഞ്ഞപ്പോൾ എനിക്കാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കാര്യങ്ങൾ ഏകദേശം മനസ്സിലായപ്പോൾ വലിയൊരു ചിരിയായിരുന്നു എന്റെ മറുപടി. വളരെ പോസിറ്റീവായി തന്റെ ജീവിതം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സുനൈന. അതിന് കുടുംബത്തിന്റെ പിന്തുണ അവൾ ആഗ്രഹിക്കുന്നുണ്ട്''.

ആഴ്ചകൾക്കു മുൻപാണ് ചില കുടുംബപ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞും തന്റെ അസുഖത്തെക്കുറിച്ച് പരക്കുന്ന വാർത്തകൾ നിഷേധിച്ചും സുനൈന റോഷൻ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത്. സുനൈനയ്ക്ക് ബൈപോളാർ എന്ന അവസ്ഥയുണ്ടെന്നും രോഗം ഇപ്പോൾ മൂർച്ഛിച്ചിരിക്കുകയാണെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്ത പ്രചരിച്ചത്. ഇവയെല്ലാം നിഷേധിച്ചും കുടുംബത്തിൽ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞും സുനൈന രംഗത്തെത്തി.

താൻ ആവശ്യപ്പെടുന്ന തുക കുടുംബാംഗങ്ങൾ നൽകുന്നില്ലെന്നും തനിക്ക് സ്വന്തമായി ഒരു വീട് വാങ്ങിത്തരാമെന്ന വാഗ്ദാനത്തിൽ നിന്ന് സഹോദരൻ ഹൃതിക് പിൻവാങ്ങിയെന്നും സുനൈന ആരോപിച്ചിരുന്നു. കുടുംബം തനിക്കൊപ്പമില്ലെന്നറിഞ്ഞതോടെ സഹായം തേടി സുനൈന കങ്കണയെ സമീപിച്ചിരുന്നെന്നും സുനൈനയുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ കങ്കണയുടെ സഹോദരി രംഗോലി വെളിപ്പെടുത്തിയിരുന്നു.

സുനൈനയുടെയും രംഗോലിയുടെയും ട്വീറ്റുകൾ ചർച്ചയായപ്പോഴാണ് കുടുംബത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കണമെന്നും കുടുംബത്തെ വെറുതെ വിടണമെന്നും അഭ്യർഥിച്ചുകൊണ്ട് ഹൃതിക് റോഷന്റെ മുൻഭാര്യ സുസന്നെ ഖാൻ പ്രതികരിച്ചത്. ഇതിനെല്ലാമൊടുവിലാണ് സുനൈനയുടെ സുഹൃത്തും കാമുകനുമായ റുഹൈൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.