'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന പഴമൊഴിയെ വീണ്ടും ഓർമ്മിച്ചുകൊണ്ടാണ് വെർച്വൽ ലോകത്ത് ഒരു വാഗ്‌വാദം കൊഴുക്കുന്നത്. എബിഡി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഏബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സിനെച്ചൊല്ലി അദ്ദേഹത്തിന്റെ ഭാര്യയും ആരാധകനും തമ്മിലാണ് കൊമ്പുകോർത്തത്. ഭർത്താവുമൊത്തുള്ള ഒരു സുന്ദരചിത്രം ഡാനിയൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണ് എബിഡിയുടെ ആരാധകൻ ഡാനിയേലിനെ കുറ്റപ്പെടുത്തി ചിത്രത്തിനു താഴെ ഒരു കമന്റിട്ടത്.

എബിഡി വിരമിച്ചതിനും കായികലോകം എബിഡിയെ മിസ് ചെയ്യുന്നതിനും കാരണക്കാരി ഡാനിയൽ മാത്രമാണെന്നും അവർ ഭർത്താവിനെ ഭരിക്കുന്നതുകൊണ്ടാണ് ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ടുകൊണ്ട് അദ്ദേഹം കഴിഞ്ഞ വർഷം വിരമിച്ചതെന്നുമായിരുന്നു ആരാധകന്റെ ആരോപണം. ലോകകപ്പിൽ അദ്ദേഹം ഇല്ലാത്തതിന്റെ ഉത്തരവാദിത്തവും ഭാര്യയ്ക്കാണെന്നും അയാൾ ആരോപിച്ചു.എന്നാൽ തന്നെ വിമർശിക്കുന്ന ആ കമന്റിനെ അവഗണിക്കാൻ ഡാനിയേലിനായില്ല. അതിന് അവർ കൊടുത്ത മറുപടിയിങ്ങനെ :-

''അദ്ദേഹം ലോകകപ്പിൽ ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ, അതിന്റെ കാരണങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതുകൊണ്ടു തന്നെ ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് മോശമായി പ്രതികരിക്കുന്നതിന് മുൻപ് ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു സുഹൃത്ത് നൽകുന്ന മുന്നറിയിപ്പായി ഇതിനെ കാണുക. ഇനിയും ഇത്തരം ശോചനീയമായ അഭിപ്രായവുമായി ഈ വഴി വന്നേക്കരുത്''.

2018ലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് എബിഡി വിരമിയ്ക്കൽ പ്രഖ്യാപനം നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന ആ വിരമിക്കൽ ആരാധകരെ നിരാശയിലാക്കിയിരുന്നു. പരുക്കു മൂലവും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള ആഗ്രഹം മൂലവുമാണ് വിരമിക്കുന്നത് എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്.