എതിർപ്പുകൾ കൂടും തോറും ദൃഢമാകുന്ന ചില പ്രണയങ്ങളുണ്ട്. എല്ലാ തടസ്സങ്ങളും മാറി ഒരു നാൾ ഒന്നിക്കുമെന്ന പ്രണയത്തിന്റെ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ച രണ്ടു പെണ്ണുങ്ങളുടെ കഥയാണ് ഇനി പറയുന്നത്. ഈ കഥയിൽ രണ്ടു നായികമാരാണുള്ളത് മഹാരാഷ്ടരക്കാരി മേഖലയും ടെക്സാസ് സ്വദേശിനി ടെയ്റ്റമും.

അവർ ആദ്യമായി കണ്ടുമുട്ടിയത് വെർജിനിയയിൽ വച്ചാണ്. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെർജിനിയയിലെ വുമൺസ് ലിബറൽ ആർട്സ് കോളജിൽ വച്ച്. എഴുത്തിലുള്ള താൽപര്യമാണ് അവരെ അടുത്ത കൂട്ടുകാരാക്കിയത്. സർഗ്ഗാത്മകതയുടെ ഒരേ തലങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ജീവിതത്തിലും ഇനി ഒന്നിച്ചെന്ന് അവർ തീരുമാനമെടുത്തു.

ബിരുദം നേടി ഒരാൾ പോയിക്കഴിഞ്ഞപ്പോഴാണ് ഇനിയൊരിക്കലും പിരിയാൻ കഴിയാത്തവരായി തങ്ങൾ മാറിയെന്ന് അവർ മനസ്സിലാക്കിയത്. പരസ്പരം കാണാനായി കാതങ്ങളേറെ താണ്ടുമ്പോഴും, ഉറക്കമില്ലാത്ത രാത്രികൾ ജീവിതത്തിൽ ബാക്കിയാകുമ്പോഴും പരസ്പരം കാണാതിരിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന വേദനകളും എല്ലാം അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കി.

നാണക്കേടു ഭയന്ന് സ്വവർഗ വിവാഹം അനുവദിക്കില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു. അതിനിടയിൽ അപ്രതീക്ഷിത അതിഥിയായി കാൻസറെത്തി. അതിനെയെല്ലാം അവർ ഒരേ മനസ്സോടെ അതിജീവിച്ചു. കാലം കടന്നു പോയി. 10 വർഷം പിന്നിട്ടപ്പോൾ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായിത്തുടങ്ങി. അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത്. തങ്ങളുടെ അധ്യാപകന്റെ കാർമികത്വത്തിൽ അവർ വിവാഹിതരായി. വിവാഹശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഇരുവരും മഹാരാഷ്ട്രിയൻ ആചാരപ്രകാരം ഒരിക്കൽക്കൂടി വിവാഹിതരായി.

ഇവരുടെ വിവാഹചിത്രം പങ്കുവച്ച എറിക കാമിലെ എന്ന ഫൊട്ടോഗ്രാഫറാണ്. ഒരു സുന്ദര ചിത്രത്തിനൊപ്പം ഇവരുടെ പ്രണയകഥ പങ്കുവച്ചത്. 'ഈ പ്രണയം സത്യമല്ലെങ്കിൽ പിന്നെ എനിക്കറിയില്ല എന്താണ് സത്യമായ പ്രണയമെന്ന്' എന്ന് കുറിച്ചുകൊണ്ടാണ് കാമിലെ ഈ അപൂർവ പ്രണയകഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.