ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നുണ്ടോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു ചിന്തയിലൂടെ കടന്നുപോയിട്ടില്ലാത്ത ഭാര്യമാര്‍ ഒരുപക്ഷേ എണ്ണത്തില്‍ വളരെ ചുരുക്കമായിരിക്കും. ഭര്‍ത്താവ് സ്‌നേഹിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഈ കരുതലിലൂടെ അവർ ഓരോ നിമിഷവും പറയാതെ പറയുന്നുണ്ടാവും നിങ്ങളെ എത്രമാത്രം അവർ സ്നേഹിക്കുന്നുണ്ടെന്ന്...

1 കരുതലോടെ നൽകും മുൻഗണന

എത്ര തിരക്കുള്ള ആളുമാകട്ടെ ജീവിതത്തില്‍ അദ്ദേഹം മറ്റാരേക്കാളും മുന്‍ഗണന നൽകുന്നത് ഭാര്യയ്ക്കായിരിക്കും. ഒഴിവാക്കാനാവാത്ത അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ എല്ലായ്‌പ്പോഴും ഭാര്യയെ പരിഗണിക്കാന്‍ സമയം കണ്ടെത്തും. 

2 സ്വഭാവം മാറ്റാൻ പറയില്ല

തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭര്‍ത്താവ് നിങ്ങളെ ഒരിക്കലും മാറ്റാന്‍ ശ്രമിക്കുന്നില്ല. നിങ്ങളുടെ ഇഷ്ടങ്ങളെ അയാള്‍ മാനിക്കുന്നു. അവയോട് സഹിഷ്ണുത കാണിക്കുന്നു. തനിക്ക് വേണ്ടി ഭാര്യ എല്ലാ ഇഷ്ടങ്ങളും മാറ്റിവയ്ക്കണമെന്ന് അയാള്‍ ശഠിക്കുന്നതേയില്ല.

3 തുറന്നുള്ള സംസാരം

എല്ലാ പ്രശ്നങ്ങളും ജീവിതപങ്കാളിയോട് തുറന്നുപറയാന്‍ പലരും തയാറാകാറില്ല. താൻ പറയുന്ന അർഥത്തിൽത്തന്നെ സംഭവങ്ങളെ ഉൾക്കൊള്ളുമോ?. താൻ പറയുന്ന കാര്യങ്ങൾ അതുപോലെ മനസ്സിലാക്കുമോ എന്നുള്ള മടിമൂലമാണ് പലരും അങ്ങനെ ചെയ്യുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ ഭർത്താവ് തയാറാണെങ്കിൽ അത് നിങ്ങളോടുള്ള വിശ്വാസം കൊണ്ടാണ്. നിങ്ങൾക്കൊരു പ്രശ്നം വന്നാലും നിങ്ങള്‍ പറയുന്നത് മുഴുവന്‍ കേട്ടിരിക്കാനും  ആശ്വസിപ്പിക്കാനും പോംവഴികള്‍ നിര്‍ദ്ദേശിക്കാനും ഭർത്താവ് മുന്നിൽത്തന്നെ കാണും. 

4. വീമ്പു പറച്ചിലിലല്ല പ്രവർത്തിയിലാണ് കാര്യം

വാക്കുകളിൽ മധുരം പൊതിഞ്ഞ് കപടസ്നേഹം കാട്ടാതെ പ്രതിസന്ധികളിൽ ഒപ്പം നിന്നും തളർന്നു പോകുമ്പോൾ കരുത്തു നൽകിയും ഒപ്പം നിൽക്കാൻ ശ്രമിക്കും. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാതെ ഏതു സാഹചര്യത്തിലും ഒപ്പം നിൽക്കും.

5. സാന്നിധ്യം ആഗ്രഹിക്കും

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലല്ലാതെ നിങ്ങളെ പിരിയാൻ അവർക്കു ബുദ്ധിമുട്ടനുഭവപ്പെടും.

നിങ്ങളെ കാണുമ്പോഴും നിങ്ങള്‍ അടുത്തുവരുമ്പോഴും  മുഖത്തുണ്ടാകുന്ന സന്തോഷം, ശരീരഭാഷയിലുള്ള പ്രകടനങ്ങള്‍ ഇതെല്ലാം നിങ്ങളോടുള്ള പ്രണയത്തിന്റെ കരുതലാണ്.