അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിച്ചതിലേറെ, നാക്കുപിഴയുടെ പേരിലായിരിക്കുമോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാലം ഓര്‍ത്തിരിക്കുക എന്നൊരു സംശയം വ്യാപകമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഇ സിഗരറ്റുകള്‍ നിരോധിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ട്രംപിനു സംഭവിച്ച നാക്കുപിഴയാണ് ഏറ്റവും ഒടുവിലത്തേത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇതു വിവാദമാകുകയും ട്രംപിന്റെ വിഡിയോ വൈറലാകുകയും ചെയ്തു. ഇങ്ങനെപോയാല്‍ ഈ അമേരിക്കന്‍ പ്രസിഡന്റ് ഇനി എന്തൊക്കെ പറയുമെന്നാണ് പലരും അദ്ഭുതം കൂറുന്നതും. 

ബുധനാഴ്ച ഭാര്യ മെലാനിയയ്ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ട്രംപിന് അബദ്ധം സംഭവിച്ചത്. വിവിധ ഫ്ലേവറുകളിലുള്ള ഇ സിഗരറ്റുകളെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍പോലും ഇത്തരം രുചികരമായ സിഗരറ്റുകളുടെ അടിമകളാകുന്നതായി അദ്ദേഹം അഭിപ്രയപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവരിലെ സിഗരറ്റ് ഉപയോഗം തന്റെ മാത്രം ആകാംക്ഷയല്ലെന്നും വിഷയത്തില്‍ മെലാനിയയും ഉത്കണ്ഠാകുലയാണെന്നും കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മെലാനിയ ഇത്രമാത്രം ആശങ്കപ്പെടുന്നതെന്ന ചോദ്യത്തിനു നല്‍കിയ മറുപടിയാണ് ട്രംപിനെ അബദ്ധത്തില്‍ ചാടിച്ചത്. 

‘ ഞാനുദ്ദേശിച്ചത്... അവര്‍ക്കൊരു മകനുണ്ട്. ചെറുപ്പക്കാരനായ ഒരു മിടുക്കന്‍ കുട്ടി. അതുകൊണ്ടാണ് അവര്‍ക്ക് ഉത്കണ്ഠ.’  ഈ മറുപടിയാണ് ട്രംപിനെ കുഴപ്പത്തിലാക്കിയത്. 

അദ്ദേഹത്തിന്റെയും മെലാനിയയുടെയും മകന്‍ 13 വയസ്സുകാരന്‍ ബാരനെയാണ് ട്രംപ് ഉദ്ദേശിച്ചത്. എന്നിട്ടും മകനെ മെലനിയയുടെ മകന്‍ എന്നു മാത്രം വിശേഷിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതും വിവാദമായതും. സമൂഹമാധ്യമങ്ങളില്‍ ഉടന്‍തന്നെ പ്രതികരണങ്ങളുടെ ഘോഷയാത്രയായി.

ഒരു ചീത്ത പ്രസിഡന്റ് മാത്രമല്ല, ചീത്ത അച്ഛനും കൂടിയാണെന്ന് ട്രംപ് തെളിയിച്ചിരിക്കുന്നു എന്നായിരുന്നു കൂടുതല്‍ പ്രതികരണങ്ങളും. 'ഒരുദിവസം മുഴുവന്‍ ആലോചിച്ചിട്ടും എനിക്ക് പ്രസിഡന്റ് പറഞ്ഞത് എന്താണെന്നു മനസ്സിലായില്ല. സ്വന്തം മകനെക്കുറിച്ചാണോ അദ്ദേഹം ഇങ്ങനെ പറയുന്നത്'... എന്ന ആശങ്കയും സംശയവുമാണ് ചിലര്‍ പങ്കുവച്ചത്. 

അടുത്ത തവണ ട്രംപിനെ കാണുമ്പോള്‍ മകന് എത്ര വയസ്സുണ്ടെന്ന് ചോദിക്കണമെന്ന് ചിലര്‍ മാധ്യമപ്രവര്‍ത്തകരെ ഉപദേശിച്ചു. അദ്ദേഹത്തിന് അതൊരിക്കലും അറിയാന്‍ വഴിയില്ലെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു.ബാരന്‍ സ്വന്തം മകനാണെന്ന് ആരെങ്കിലും ട്രംപിനെ ഓര്‍മിപ്പിക്കണേ എന്നായിരുന്നു ചിലരുടെ ഉപദേശം. 

സിഗരറ്റുകള്‍ക്കെതിരെ ട്രംപ് ഇപ്പോള്‍ രംഗത്തുവരാനുള്ള കാരണം മെലാനിയുടെ പ്രതിഷേധമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. സ്വയം വലിയ ആശങ്കയൊന്നും തോന്നിയിട്ടല്ലെന്നും മെലാനിയയ്ക്കുവേണ്ടിയെടുത്ത ധീരമായ തീരുമാനമാണിതെന്നും കൂടി അവര്‍ പറയുന്നു. ഇ സിഗരറ്റുകളുടെ അമിത ഉപയോഗത്തിനെതിരെ നേരത്തെ മെലാനിയ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുറച്ചുനാള്‍ മുമ്പ് വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ ടിം കുക്കിനെ ടിം ആപ്പിള്‍ എന്നു ട്രംപ് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.