എല്ലാവരും ആരാധിക്കുന്ന, സ്നേഹിക്കുന്ന സെലിബ്രിറ്റി ലൈഫ് കൊതിക്കാത്തവരുണ്ടാവില്ലെന്നും ഗ്ലാമർ ലോകത്തെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ നെഗറ്റീവ് കാര്യങ്ങളെക്കുറിച്ചു കൂടി മനസ്സിലാക്കണമെന്നും ആരാധകരോട് പറയുകയാണ് ബോളിവുഡ് താരം തപ്സി പന്നു.

പുറമേ നിന്നു കാണുന്നതു പോലെ ആഘോഷങ്ങൾ മാത്രം നിറഞ്ഞ ജീവിതമല്ല താരങ്ങളുടേതെന്നും അതിനിടയിൽ ജീവിതത്തിൽ അവർ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന സ്വകാര്യത തന്നെ പലപ്പോഴും നഷ്ടമാകാറുണ്ടെന്നും തപ്സി പറയുന്നു. താരവിശേഷങ്ങൾ മാധ്യമങ്ങളിൽ നിറയുന്നതു കണ്ടു സന്തോഷിക്കുമ്പോൾ മറുവശത്ത് സ്വകാര്യതയിലേക്കും സ്വാതന്ത്ര്യങ്ങളിലേക്കും ഇടിച്ചു കയറുന്ന പാപ്പരാസികളെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാറുണ്ടെന്നും അവർ പറയുന്നു. താരങ്ങൾ മാത്രമല്ല പലപ്പോഴും അവരുടെ കുടുംബാംഗങ്ങളും ഇതുമൂലം ബുദ്ധിമുട്ടാറുണ്ടെന്നും താരം തുറന്നു പറയുന്നു.

സ്വകാര്യത ലംഘിക്കപ്പെടുന്നതിനെക്കുറിച്ച് തപ്സി പറയുന്നതിങ്ങനെ :-

'' ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഡൽഹിയിലാണ്. പക്ഷേ പഴയപോലെ ഇവിടെ കറങ്ങി നടക്കാനൊന്നും ഇപ്പോൾ പറ്റില്ല. ഇത് എന്റെ മാത്രം കാര്യമല്ല. എന്റെയൊപ്പമുള്ളവരുടെ കുടുംബാംഗങ്ങളുടെയൊക്കെ കാര്യമാണ്. ഞാൻ ചെയ്യുന്ന ജോലിയുടെ പേരിൽ ലഭിക്കുന്ന സ്നേഹവും അംഗീകാരവുമെല്ലാം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ  ചില സമയം പരിധികൾ ലംഘിക്കപ്പെടുന്നു. നമ്മുടെ സ്പേസ് നഷ്ടപ്പെടുന്നു. നോ എന്നു പറഞ്ഞാൽ അംഗീകരിക്കാനുള്ള മനസ്സ് ഇല്ലാതായിരിക്കുന്നു. ഇതൊക്കെ എന്റെ കുടുംബത്തെക്കൂടി ബാധിക്കുമ്പോഴാണ് എനിക്കത് പ്രശ്നമായി തോന്നുന്നത്. അവർക്കിതൊന്നും ശീലമില്ല, പരിചയവുമില്ല. അവർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടില്ല. ആളുകൾ അർധരാത്രിയിൽ വീട്ടിലേക്ക് വിളിക്കും. ഞാൻ വീട്ടിലെത്തിയോ എന്ന് അറിയാനാണ് വിളിക്കുന്നതെന്നൊക്കെപ്പറയും.''

'' ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതോടെ ജീവിതം വല്ലാതെ മാറിപ്പോയി. പണ്ടൊക്കെ ഫ്രണ്ട്സിന്റെ കൂടെ കഫേയിലൊക്കെ കറങ്ങി നടക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. എന്റെ വിശേഷങ്ങളറിയാൻ ചിലർ എന്റെ വീട്ടുകാരെ ശല്യപ്പെടുത്താറുണ്ട്. കുടുംബം ആളുകളുടെ ഇങ്ങനെയുള്ള പ്രവർത്തികളോട് എങ്ങനെ പ്രതികരിക്കണമെന്ന് പഠിച്ചു വരുന്നേയുള്ളൂ. എന്റെ കുടുംബത്തിൽ നിന്ന് സിനിമയിലെത്തുന്ന ആദ്യത്തെ ആളാണ് ഞാൻ. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുടുംബം ശീലിക്കുന്നതേയുള്ളൂ.''

'' നഗരത്തിലെ ഷോപ്പിങ് മാളുകളിൽ കറങ്ങി നടക്കാനോ, ഇഷ്ടവസ്ത്രങ്ങൾ തിരഞ്ഞെടുക്കാനോ ഒന്നും അവസരം കിട്ടാത്തതുകൊണ്ട് വിദേശത്തു പോകുമ്പോഴാണ് ഷോപ്പിങ് ഒക്കെ കൂടുതൽ നടത്തുന്നത്. ബ്രാൻഡുകൾ നോക്കി ഷോപ്പിങ് നടത്താനല്ല പോകുന്നത്. യാഥാർഥ്യമിതാണ്''– തപ്സി പറയുന്നു.