പങ്കാളിയോടുള്ള പ്രണയ തീവ്രതയിൽ ലേബർ റൂമിൽ വരെ കയറി വ്യത്യസ്തത പരീക്ഷിച്ച ഒരു ഭർത്താവിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വെർച്വൽ ലോകത്ത് തരംഗമാകുന്നത്. ജോർജിയയിലാണ് സംഭവം. കെൻഡർ കേവർ എന്ന യുവാവാണ് പ്രസവവേദനയുടെ തീവ്രത കുറയ്ക്കാനായി ഭാര്യയ്ക്കൊപ്പം ലേബർ റൂമിൽ ചിലവഴിച്ചതും പഴയ പ്രണയകാലത്തിലേക്ക് അവളുടെ ശ്രദ്ധയെ തിരികെക്കൊണ്ടു പോയതും. 

രണ്ടു ദിവസം നീണ്ടു നിന്ന പ്രസവവേദനയിൽ ഭാര്യയ്ക്ക് ആശ്വാസമേകാൻ തങ്ങളുടെ പ്രണയ കാലത്തിലെ സംഭവങ്ങൾ ഒരു പുസ്തകത്തിലാക്കുകയും അതിൽ ഓരോ പേജുകൾ അവൾക്കു മുന്നിൽ തുറന്നു കാട്ടുകയും ചെയ്തു.

അമ്മയാകാൻ പോകുന്ന ഭാര്യയെ പ്രചോദിപ്പിക്കുന്ന വാക്കുകൾ നിറച്ച പുസ്തകമാണ് അയാൾ അവൾക്കു മുന്നിൽ തുറന്നു കാട്ടിയത്.

രണ്ട് ദിവസത്തെ പ്രസവവേദനയെ അതിജീവിക്കാൻ ഭാര്യയെ സഹായിക്കുന്നു എന്ന തലക്കെട്ടോടെ നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് കെൻഡൽ പങ്കുവച്ചത്. 10 വർഷങ്ങൾക്കു മുൻപ് തമ്മിൽക്കണ്ടു മുട്ടിയതിനെക്കുറിച്ചു മുതൽ ജാസ്മിൻ എത്ര നല്ല അമ്മയാകും എന്ന് ഓർമ്മപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളാണ് അവരുടെ പ്രണയ പുസ്തകത്തിലുള്ളത്.

57000 ലധികം പ്രാവശ്യം ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 30,000 ൽ അധികം പ്രതികരണങ്ങളും ദൃശ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേരും ഭർത്താവിന്റെ ചെയ്തികളെ അഭിനന്ദിക്കുമ്പോൾ ചിലരെങ്കിലും ഈ പ്രവൃത്തിയെ അനുകൂലിക്കുന്നില്ല. പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യയെങ്ങനെ പുസ്തകം വായിക്കും?. അയാൾക്ക് അതൊക്കെ വായിച്ചു കൊടുത്താലെന്താ എന്നാണ് മറ്റുള്ളവരുടെ ചോദ്യം.