എത്രമനോഹരമായ ആചാരം എന്നു തോന്നും ഈ ഓട്ടമത്സരത്തെക്കുറിച്ച് ആദ്യം കേൾക്കുമ്പോൾ. ഭാര്യയും ഭർത്താവും ഒരുമിച്ചു പങ്കെടുക്കുന്ന ഈ മത്സരത്തിൽ പങ്കെടുത്ത് നിസ്സാരമായി കപ്പടിക്കാമെന്നൊന്നും ആരും വിചാരിക്കേണ്ട. വടക്കേ അമേരിക്കയിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയികളാകണമെങ്കിൽ കടമ്പകൾ കുറേ കടക്കണം.

വൈഫ് ക്യാരീയിങ് ചാമ്പ്യൻഷിപ് എന്നാണ് മത്സരത്തിന്റെ പേര്. ഭാര്യയെ ചുമലിലേറ്റി ഓടി നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് ഭർത്താവിന്റെ ടാസ്ക്. മൽസരത്തിൽ വിജയിക്കാൻ മൂന്നു കടമ്പകൾ കടക്കണം. ആദ്യത്തെ കടമ്പ മണ്ണും വെള്ളവും നിറഞ്ഞ ചെളിവെള്ളമുള്ള കുഴിയിൽ ഇറങ്ങിക്കയറുക എന്നതാണ്. രണ്ടാമത് തടികൊണ്ടുള്ള കടമ്പ കടക്കണം. അതും വിജയിച്ചാൽ കാത്തിരിക്കുന്നത് വലിയൊരു മൺകൂനയാണ്. ഭാര്യമാരെ പുറംചുമലിൽ തലകീഴായി തൂക്കിയിട്ടാണ് ഭർത്താക്കന്മാർ മത്സരിച്ചത്. മത്സരത്തിന്റെ ചില ഘട്ടങ്ങളിൽ ഭാര്യമാരെയും കൊണ്ട് ചെളിവെള്ളത്തിൽ വീണും വീണ്ടും എഴുന്നേറ്റ് ഓടിയും തടി കടമ്പയ്ക്കു മുന്നിൽ വച്ച് പിൻവാങ്ങിയും പലരും മൽസരത്തിൽ വാശിയോടെ മൽസരിക്കുകയും പാതിവഴിയിൽ പിൻവാങ്ങുകയുമൊക്കെച്ചെയ്തു.

മൂന്നു കടമ്പകളും അതിസുന്ദരമായിക്കടന്ന ഡെൽവെ‌യർ സ്വദേശികളായ ജെറോമും ഭാര്യ ഒലീവിയയുമാണ് മൽസരത്തിൽ വിജയിച്ചത്. ആദ്യമായാണ് ഇരുവരും ഇത്തരമൊരു ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നത്. 55.5 സെക്കനറിൽ ലക്ഷ്യത്തിലെത്തിയ ജെറോമിനെ കാത്തിരിക്കുന്നത് ഭാര്യയുടെ ശരീരഭാരത്തിന്റെ ഇരട്ടിത്തുക വരുന്ന സമ്മാനമാണ്. കൂടാതെ ആറ് കെയ്സ് ബിയറും.