മക്കളുടെ എണ്ണം 21 ആയപ്പോൾ ഇനിയൊരിക്കൽക്കൂടി പ്രസവിക്കില്ല എന്ന് മറ്റു മക്കൾക്ക് വാക്കു നൽകിയതാണ് ആ അമ്മ. ഗർഭത്തിനുള്ളിലെ 22–ാം കൺമണിയുടെ ചലനങ്ങൾ പകർത്തിയ അൾട്രാസൗണ്ട് സ്കാനിങ് പങ്കുവച്ചുകൊണ്ടാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന വിവരം ആ അമ്മയും അച്ഛനും ചേർന്ന് പങ്കുവച്ചത്.

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമെന്ന വിശേഷണം സ്വന്തമാക്കിയ കുടുംബത്തിലെ ഗൃഹനാഥയാണ് സ്യൂ റഫോർഡ് എന്ന 44 വയസ്സുകാരിയാണ് തന്റെ 22–ാമത്തെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്നത്. ഇനി ഗർഭിണിയാകില്ലെന്നും പ്രസവിക്കില്ലെന്നും ഒരു വർഷം മുൻപ് അവർ മക്കൾക്ക് വാക്കു നൽകിയിരുന്നു.

സ്യൂ റഫോർഡും 48 വയസ്സുകാരനായ ഭർത്താവ് നോയലും ചേർന്നാണ് 22–ാം കൺമണിയുടെ പിറവിയുടെ കാര്യം അൾട്രാസൗണ്ട് സ്കാനിങ് ദൃശ്യങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഗർഭം 15–ാം ആഴ്ചയിലേക്കു കടക്കുകയാണെന്നും ഗർഭത്തിലുള്ളത് ആൺകുഞ്ഞാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സ്യൂ പറയുന്നു.

2018 ൽ 21–ാമത്തെ കുട്ടി പിറന്നപ്പോൾ ഇനിയും കുട്ടികളുണ്ടാവില്ലെന്നും ഇത് അവസാനത്തെ കുഞ്ഞാണെന്നുമാണ് ലാങ്‌ഷെയർ സ്വദേശികളായ ദമ്പതികൾ പറഞ്ഞിരുന്നത്. അമ്മയാകാൻ പോകുന്ന കാര്യം സ്യൂ തന്നെയാണ് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാകുന്നതാണ് തനിക്കിഷ്ടമെന്നും അങ്ങനെയാണെങ്കിൽ 11 വീതം ആൺമക്കളും 11 വീതം പെൺമക്കളുമായേനേം എന്നും അവർ പറയുന്നു.

10 കിടപ്പുമുറികളുള്ള വീടിന്റെ ചിലവിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവിനുമുള്ള തുക കണ്ടെത്തുന്നത് നോയലിന്റെ ബേക്കറി ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണെന്നും അവർ പറയുന്നു. ഒൻപതാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഭർത്താവ് വധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നുവെന്നും പക്ഷേ അത് നേർവിപരീത ഫലമാണുണ്ടാക്കിയതെന്നും ദമ്പതികൾ പറയുന്നു. ഏറ്റവും ഒടുവിലത്തെ കുഞ്ഞിന്റെ പേര് ബോണി റേ, നവംബറിലാണ് അവൻ ജനിച്ചത്. ക്രിസ് (30), സോഫി (25), കോൾ (23),ജാക്ക് (22), ഡാനിയേൽ (20), ലൂക്ക (18), മിലി (17), കാത്തി (16), ജെയിംസ് (15), യെല്ലി (14), എയ്മി (13), ജോഷ് (12), മാക്സ് (11), ടില്ലി (9), ഓസ്കർ (7), കാസപെർ (6) ഹെയ്‌ലി (3), ഫോബി (2), ആർച്ചി (18 മാസം). എന്നിവരാണ് ദമ്പതികളുടെ മറ്റുമക്കൾ. ഇതിൽ ക്രിസും സോഫിയും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പമാണ് താമസം. സോഫിയ്ക്ക് മൂന്നു മക്കളുണ്ട്.

32,145 രൂപ ഒരാഴ്ചത്തെ ഭക്ഷണത്തിനു വേണ്ടി കണ്ടെത്തണമെന്നും, വീട് വൃത്തിയാക്കാൻ മൂന്നുമണിക്കൂറോളം എടുക്കുമെന്നും അവർ പറയുന്നു. മക്കളെ അത്താഴത്തിന് പുറത്തു കൊണ്ടുപോയാൽ മിനിമം  13,775.74 ( £150) രൂപയെങ്കിലും വേണമെന്നാണ് അവർ പറയുന്നത്. അവധി ദിവസങ്ങളിൽ വെറുതേയൊന്ന് ചുറ്റാൻ പോകണമെങ്കിൽ ഏഴോളം സ്യൂട്ട്‌കേസുകൾ കരുതണമെന്നും അവർ പറയുന്നു.

തുണി അലക്കൽ ആണ് ഒരിക്കലും തീരാത്ത ജോലി. ആഴ്ചയിലെ എല്ലാ ദിവസവും 18 കിലോയോളം വസ്ത്രങ്ങൾ അലക്കാനുണ്ടാകും. കഴിഞ്ഞ അവധിക്കാലം ഫ്ലോറിഡയിലായിരുന്നുവെന്നും ഇനിയുള്ള യാത്ര നെതർലാൻഡിലേക്കായിരിക്കുമെന്നുമാണ് കുടുംബം പറയുന്നത്. യാത്രക്കായുള്ള ഒരുക്കളെ മിലിട്ടറി ഓപ്പറേഷൻ എന്നു വിളിക്കാനാണ് സ്യൂവിനിഷ്ടം. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെല്ലാം ഒരുമിച്ച് കുടഞ്ഞിട്ട് തരംതിരിക്കുന്നത് അത്ര വലിയൊരു ജോലിയാണെന്നും സ്യൂ പറയുന്നു.

മഴ പെയ്യുമ്പോൾ പുറത്തുപോയി കളിക്കാനാവാതെ കുട്ടികൾ ബോറടിച്ചിരിക്കുമ്പോൾ എല്ലാവരെയും കൂട്ടി സിനിമയ്ക്കൊക്കെ പോകാറുണ്ട്.ഒരാൾക്ക് 919 രൂപ വച്ചൊക്കെയാകും. 49,851 രൂപയാണ് കുട്ടികളുടെ അവധിക്കാല ആഘോഷങ്ങൾക്കായി ചിലവഴിക്കാറുള്ളത്. ചെലവു ചുരുക്കാൻ തന്നെക്കൊണ്ടാവുന്നതു പലതും ചെയ്യാറുണ്ടെന്നാണ് 21 കുഞ്ഞുങ്ങളുടെ അമ്മയും മൂന്നു പേരക്കുട്ടികളുടെ അമ്മൂമ്മയുമായ സ്യൂ പറയുന്നത്.

  

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം കൂടി പറയാനുണ്ടെന്നാണ് സ്യൂവിന്റെ പക്ഷം. ഒരു സ്ഥലത്തും തങ്ങൾക്ക് ഡിസ്കൗണ്ട് കിട്ടാറില്ലെന്നും. ഫാമിലി ടിക്കറ്റ്സ് ഉള്ളത് രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അവർ പറയുന്നു. കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്നതും, നടക്കാൻ പോകുന്നതും, അവരെ പാർക്കിൽ കൊണ്ടുപോകുന്നതുമൊക്കെ തങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളാണെന്നും അവർ പറയുന്നു.

ഇനി കുടുംബാംഗങ്ങളുടെ വിശേഷ ദിനങ്ങളറിയാം

ഡിസംബർ 24, 1970 : നോയൽ റാഡ്ഫോർഡ്

മാർച്ച് 22, 1975 : സ്യൂ റാഡ്ഫോർഡ്

1982 : ഇരുവരും ആദ്യമായി കണ്ടുമുട്ടി

1989: ആദ്യത്തെ കുഞ്ഞ് ക്രിസ് പിറന്നു

1993 : വിവാഹിതരായി, രണ്ടാമത്തെ മകൻ പിറന്നു

ആഗസ്റ്റ് 2012 : മകൾ സോഫി കുഞ്ഞിനു ജന്മം നൽകിയതോടെ ഇവർക്ക് പേരക്കുട്ടി പിറന്നു

ജൂലൈ 2014 : ആൽഫി എന്നൊരു മകൻ പിറന്നു, പക്ഷേ ചാപിള്ളയായിരുന്നു

ഒക്ടോബർ 2014: മകൾ സോഫി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി

ആഗസ്റ്റ് 2015 : സോഫിയുടെ വിവാഹം

ഡിസംബർ 2015 : സോഫി മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി.

ജൂൺ 2017 : ദമ്പതികളുടെ ആദ്യത്തെ മകൻ ക്രിസ് അച്ഛനായി.

നവംബർ 2018 : സ്യൂ 21–ാമത്തെ കുഞ്ഞിന് ജന്മം നൽകി

ഒക്ടോബർ 2019 : സ്യൂ 22–ാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു