ബി ടൗണിലെ എക്കാലത്തെയും ശ്രദ്ധാകേന്ദ്രവും അഭിനയ കുലപതിയുമായ ബിഗ്ബി പലപ്പോഴും രസകരമായ പ്രസ്താവനകളിലൂടെ വാർത്തകളിലിടം പിടിക്കാറുണ്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ അതിജീവിച്ച് അമിതാഭ് ബച്ചൻ കോൻബനേഗ ക്രോർപതി എന്ന പരിപാടിയിൽ നടത്തിയ രസകരമായ പ്രതികരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പരിപാടിയിൽ പങ്കെടുത്ത ഒരു മൽസരാർഥിയോട് ബിഗ് ബി ചോദിച്ച ഒരു ചോദ്യവും. അതിന് ശരിയായ മറുപടി നൽകിക്കൊണ്ട് അവർ നടത്തിയ ഒരു പ്രതികരണവും, ആ പ്രതികരണത്തിന് അമിതാഭ് ബച്ചൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരുമകൾ ഐശ്വര്യ റായിയെക്കുറിച്ചെ പരാമർശിച്ചുകൊണ്ടാണ് പൂജ എന്ന മത്സരാർഥി തന്റെ മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സഹോദരീ സഹോദരന്മാരായി അഭിനയിച്ച ചിത്രത്തിന്റെ പേരു പറയാൻ ബിഗ് ബി ആവശ്യപ്പെട്ടപ്പോഴായിരുന്നു ശരിയുത്തരത്തിനൊപ്പം ഐശ്വര്യ റായിയെക്കുറിച്ചും ആ മൽസരാർഥി ചില കാര്യങ്ങൾ പറഞ്ഞത്. 

'ജോഷ്' എന്ന ചിത്രത്തിലാണ് ഇരുവരും സഹോദരീ സഹോദരന്മാരായി അഭിനയിച്ചത് എന്ന ശരിയായ ഉത്തരം നൽകിയ ശേഷം താൻ ഐശ്വര്യയുടെ ആരാധികയാണെന്നും അവരുടെ കണ്ണുകളെ ഏറെയിഷ്ടമാണെന്നുമായിരുന്നു മത്സരാർഥി പറഞ്ഞത്.

അതിന് ബിഗ്ബി നൽകിയ മറുപടിയിങ്ങനെ :-

'' നിങ്ങൾ എന്റെ കണ്ണുകളെ അഭിനന്ദിക്കാത്തതിൽ ഞാൻ നിരാശനാണ്, പക്ഷേ ഇത് ഞാൻ അവളെ അറിയിക്കും''. 

അടുത്തിടെ ബിഗ്ബിയുടെ 77–ാം പിറന്നാൾ ആഘോഷത്തിൽ ബിഗ്ബിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മരുമകൾ ഐശ്വര്യ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

English Summary : contestant praises Aishwarya's eyes