അച്ഛന്റെ കൈപിടിച്ച് പിച്ചവയ്ക്കുന്ന പെൺമക്കൾ സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെയൊരച്ഛൻ പിച്ചവയ്ക്കുന്നതും, പൂക്കളേയും പൂമ്പാറ്റകളേയും കണ്ടും കേട്ടും അറിയുന്നത് സ്വന്തം മകളിലൂടെയാണ്. തനിക്ക് അഞ്ചുവയസ്സായതു മുതൽ കാഴ്ചയില്ലാത്ത അച്ഛന് താങ്ങും തണലുമാണ് ഈ പെൺകൊടി. അവളിലൂടെയാണ് അച്ഛൻ ഈ ലോകത്തെ അറിയുന്നതും. വയനാട് കാവുംമന്ദം പുത്തന്‍മിറ്റം കോളനിയിലെ കേളുവും മകളുമാണ് അച്ഛൻ–മകൾ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. 

കേളു എന്ന അച്ഛൻ ലോകത്തെയറിയുന്നത് മകള്‍ പ്രവീണയുടെ തോളില്‍പ്പിടിച്ചാണ്. മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന കാലത്തെ നല്ല കാഴ്ചയാണ് ഈ അച്ഛനും മകളും. അച്ഛനെ കേരള ചരിത്രം പഠിപ്പിക്കുകയാണ് മകള്‍. വീട്ടുമുറ്റത്ത് കാഴ്ചയൊരുക്കി നിറയെ പൂക്കള്‍. കാഴ്ചയില്ലങ്കിലും മുറ്റത്തെ പൂക്കളേയും പൂമ്പാറ്റകളേയും കേളു കാണുന്നുണ്ട്. 

പിച്ചവെക്കുന്ന കാലത്ത് കാഴ്ച നഷ്ടപ്പെട്ടതാണ് കേളുവിന്. ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍ പിന്നീട് നുറുങ്ങുവെട്ടമായത് മകള്‍. അഞ്ചാം വയസുമുതല്‍ അച്ഛന്റെ കാഴ്ച മകള്‍ ഏറ്റെടുത്തു. പുറത്തേക്കു പോകുമ്പോഴല്ലാം അച്ഛനെ കൂടെ കൂട്ടും. അങ്ങാടിയിലും ആഘോഷവേളകളിലും കൊണ്ടുപോകും. എല്ലാ ദിവസവും പാടത്തും പറമ്പിലൂടെ നടക്കും. കണ്ടകാര്യങ്ങളൊക്കെ അതേ പടി പറഞ്ഞുകൊടുക്കും. അവരുടെ മാത്രം ലോകമാണ് ഈ യാത്രകള്‍.

English Summary : Heart Toching Story Of Blind Father And Her Daughter