ടെലിവിഷന്‍ താരം ശ്വേത തിവാരിക്ക് ഒരു അഭ്യര്‍ഥനയേയുള്ളൂ; അതും സ്ത്രീകളോട്. വിവാഹിതരോട്. സമൂഹം എന്തു വിചാരിക്കുമെന്ന് ഭയന്ന് അസംതൃപ്തിയും ദുഃഖവും അമര്‍ഷവും ഉള്ളിലൊതുക്കി കഴിയരുത്. സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തുറന്നുപറയുക; വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച്. പരിഹരിക്കാനാവുന്നില്ലെങ്കില്‍ വിവാഹം തന്നെ ഉപേക്ഷിക്കുക. 

തന്റെ ജീവിതത്തെ തകര്‍ത്ത രണ്ടാം വിവാഹത്തില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്വേതയുടെ വാക്കുകള്‍. കുറേ വര്‍ഷങ്ങളായി ശ്വേതയുടെ വിവാഹത്തകര്‍ച്ച മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടായിരുന്നു. അഭിനവ് കോലിയായിരുന്നു ശ്വേതയുടെ ഭര്‍ത്താവ്. അപ്പോഴൊക്കെ മൗനം പാലിച്ച നടി ഇതാദ്യമായി വിവാഹത്തെക്കുറിച്ച് തുറന്നുപറയുന്നു. 

വിഷം നിറഞ്ഞ ഒരു മുറിവു പോലെയായിരുന്നു എന്റെ വിവാഹം. എത്രമാത്രം വേദനാജനകമാണെങ്കിലും ആ മുറിവ് എടുത്തുകളയുക തന്നെ വേണം. ഒടുവില്‍ ഞാനതു ചെയ്തു- ശ്വേത പറയുന്നു. ഇപ്പോള്‍ താന്‍ സന്തോഷവതിയാണെന്നും സന്തോഷം അഭിനയിക്കുകയല്ലെന്നും നടി തീര്‍ത്തുപറയുകയും ചെയ്യുന്നു. 

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മിനി സ്ക്രീനില്‍ ശ്വേത വീണ്ടും നിറയുകയാണ്. മേരേ ഡാഡ് കി ദുല്‍ഹന്‍ എന്ന പുതിയ പരമ്പരയുമായി. വരുണ്‍ ബഡോളയാണ് നായകന്‍. ആരാധകര്‍ ശ്വേതയുടെ പുതിയ വേഷപ്പകര്‍ച്ചയ്ക്കു വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയുമാണ്. വിവാഹം തകരുകയും ഭര്‍ത്താവിനെതിരെ പരാതി കൊടുക്കുകയും ചെയ്തതോടെ ശ്വേത ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. അവരുടെ മകള്‍ പാലക്കാണ് അപ്പോഴൊക്കെ ശക്തി പകര്‍ന്ന് കൂടെനിന്നത്. അപ്പോഴും ശ്വേത നിശ്ശബ്ദയായിരുന്നു. 

പക്ഷേ, അവസാനം, വിവാഹത്തില്‍നിന്ന് പുറത്തു വന്നതോടെ തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പറയാന്‍ ശ്വേതയ്ക്ക് ധൈര്യം ലഭിച്ചിരിക്കുന്നു. അതും മറ്റുള്ളവരെക്കൂടി പ്രചോദിപ്പിക്കുന്ന രീതിയില്‍.

രണ്ടാം വിവാഹവും പരാജയപ്പെട്ടതുകണ്ടില്ലേ എന്ന മട്ടില്‍ സംസാരിക്കുന്നവരുണ്ടാകും എന്നുറപ്പ്. എനിക്കതറിയാം. എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്നാണ് എന്റെ തിരിച്ചുള്ള ചോദ്യം.  

ഒന്നുമില്ലെങ്കില്‍ ജീവിതത്തെ നേരിടാനുള്ള ധൈര്യമെങ്കിലും എനിക്കുണ്ടല്ലോ. എന്റെ പ്രശ്നത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും എനിക്കു ധൈര്യമുണ്ട്. ഇന്ന് ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്റെ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ്. വിവാഹിതരാണെങ്കിലും ആണ്‍ സുഹൃത്തുക്കളും പെണ്‍സുഹൃത്തുക്കളുമുണ്ട്. എന്റെ കാര്യം അവരേക്കാള്‍ ഭേദമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ക്കൊന്നുമില്ലാത്ത ധൈര്യം എനിക്കുണ്ട്, മതിയായി. ഞാന്‍ നിര്‍ത്തുകയാണ് എന്നാണ് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞത്. 

സ്വന്തം ദുഃഖങ്ങളെക്കുറിച്ച് പരസ്യമായി പുറത്തു പറയാന്‍ മടിക്കുന്ന കുടുംബങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് സമൂഹം എന്തു വിചാരിക്കുമെന്ന പേടിയാണ്. എങ്ങനെ വിധി പറയുമെന്ന പേടി. അവര്‍ നിശ്ശബ്ദം എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്. വേദന തിന്നാന്‍ ജനിച്ചവര്‍. സ്വന്തം കുട്ടികള്‍ക്കുപോലും സന്തോഷം കൊടുക്കാത്തവര്‍. പ്രിയപ്പെട്ട സഹോദരിമാരേ, നിങ്ങള്‍ മാത്രം എന്തിന് വേദന തിന്ന് ജീവിക്കുന്നു. പുറത്തു വരൂ. എല്ലാം തുറന്നു പറയൂ. സന്തോഷത്തോടെ ജീവിക്കൂ... ശ്വേത ആഹ്വാനം ചെയ്യുന്നു. 

English Summary : Shweta Tiwari talks about her troubled marriage