നിറചിരിയോടെയുള്ള ആ കുഞ്ഞു മുഖം ഓർമകളെ നീറ്റുമ്പോൾ, ഷഹ്‌ല ഷെറിൻ എന്ന കൊച്ചു കുട്ടിയെ മറക്കില്ല എന്നു പറഞ്ഞുകൊണ്ട് ഒരു അധ്യാപകൻ പങ്കുവച്ച കുറിപ്പ് ഹൃദയത്തിൽത്തൊടും. ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ഒരു അധ്യാപകന്റെ അനാസ്ഥ കൊണ്ട് ജീവൻ പൊലിഞ്ഞ ഷഹ്‌ല എന്ന വിദ്യാർഥിനി എന്നും വേദനിപ്പിക്കുന്ന ഓർമ്മയാണെന്നു പറഞ്ഞുകൊണ്ട് വി.വി രാജേഷ് എന്ന അധ്യാപകൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

തന്റെ കുഞ്ഞുമകൾക്ക് താനും കുടുംബവും ചേർന്ന് ഷഹ്‌ല എന്നു പേരിട്ടതിനെക്കുറിച്ച് അധ്യാപകനെഴുതിയ കുറിപ്പിങ്ങനെ :-

'' ഷഹ്‌ല മോൾ വേദനയാണ് ഓർമ്മയാണ് ഓർമ്മപ്പെടുത്തലാണ് മറക്കില്ല ഒരിക്കലും. വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയാറായിട്ടില്ല.

പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെ ങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഞാനുൾപ്പെടെയുള്ള അധ്യാപക സമൂഹം. 

മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ് ,ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു, കഴിഞ്ഞ ദിവസം  (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹ‌്‌ല മോളാണ് ....അതേ അവൾ ഇനി ഷഹ്‌ല വി രാജേഷ്... മറക്കില്ലൊരിക്കലും ഞങ്ങൾ ഷഹ്‌ലമോളെ''.....

English Summary : Heart Touching Facebook Post By V V Rajesh About Shahla Sherin