ചങ്കിന്റെ വിവാഹത്തിന് സമ്മാനമായി വിലപിടിപ്പുള്ളതെന്തെങ്കിലും കൊടുക്കണമല്ലോ?. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം തന്നെ കൊടുക്കണമല്ലോ.

വധൂവരന്മാരുടെ കൂട്ടുകാർ ചേർന്ന് അങ്ങനെയൊരു ഗംഭീര സമ്മാനം തന്നെ വധൂവരന്മാർക്ക് നൽകി. സുന്ദരനൊരു ബൊക്കെയായിരുന്നു ആ സമ്മാനം. അതും രണ്ടരക്കിലോ ഉള്ളികൊണ്ട് നിർമ്മിച്ചത്.

തമിഴ്നാട്ടിലെ കൂടല്ലൂരിൽ വിവാഹിതരായ ദമ്പതികൾക്കാണ് സുഹൃത്തുക്കൾ വിവാഹസമ്മാനമായി ഉള്ളി ബൊക്ക നൽകിയത്. ഉള്ളിവില ദിനംപ്രതി റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിൽ സുഹൃത്തുക്കൾ ചേർന്ന് വധൂവരന്മാർക്ക് ഉള്ളി ബൊക്ക നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ തരംഗമാണ്.

തമിഴ്നാട്ടിലെ ഷാഹുൽ– സബ്റിന ദമ്പതികൾക്കാണ് സുഹൃത്ത് ജി. ചിന്തന്റെ നേതൃത്വത്തിലുള്ള സംഘം ഉള്ളിബൊക്ക സമ്മാനിച്ചത്. വിവാഹത്തിനെത്തിയ അതിഥികളെ സ്വീകരിക്കുന്നതിനിടയിലാണ് വധൂവരന്മാർക്ക് സുഹൃത് സംഘം രണ്ടരക്കിലോ വരുന്ന ഉള്ളിബൊക്ക സമ്മാനിച്ചത്. നിമിഷനേരങ്ങൾക്കകം വിവാഹത്തിനെത്തിയ അതിഥികളുടെ മുഴുവൻ ശ്രദ്ധ സുഹൃത്തുക്കളുടെ ആ സ്പെഷ്യൽ ഗിഫ്റ്റിലായി.

എന്നാൽ അതിഥികളുടെ അനിഷ്ടം പിടിച്ചു പറ്റുന്നതിനു മുൻപേ ചിന്തൻ സുഹ‍ൃത്തിന് ഉള്ളിബൊക്ക നൽകാൻ ആഗ്രഹിച്ചതിനു പിന്നിലുള്ള കാരണത്തെപ്പറ്റി വിശദീകരിച്ചു. വിവാഹസത്കാരത്തിൽ ഉള്ളി റൈത്ത നൽകണമെന്ന് വരന്റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ വേണ്ടത്ര ഉള്ളി മാർക്കറ്റിൽ ലഭ്യമല്ലാത്തതുകൊണ്ട് ആ ആഗ്രഹം നിറവേറ്റാൻ സാധിച്ചില്ലെന്നും അതിനാലാണ് വ്യത്യസ്തമായ വിവാഹ സമ്മാനം നൽകിയത് എന്നുമാണ് അയാൾ പറഞ്ഞത്.

ഉള്ളിയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

English Summary : Couple gets bouquet of onions as wedding gift