അമ്മ പുറത്തുപോകുമ്പോൾ കൊച്ചുകുട്ടികൾ കരയുന്നതു സ്വാഭാവികം. വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ കുട്ടിയെ അവരെ ഏൽപിച്ച് പുറത്തുപോകാം. പക്ഷേ, അമ്മയും കു‍ഞ്ഞും മാത്രം വീട്ടിലുണ്ടാവുകയും അത്യാവശ്യമായി അമ്മയ്ക്കു പുറത്തുപോകേണ്ടിയും വരുമ്പോൾ പ്രതിസന്ധിയിലാകുന്ന വീടുകൾ ഒട്ടേറെയുണ്ട്. അമ്മമാരെ അലട്ടുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിച്ചിരിക്കുന്നു; അങ്ങ് ജപ്പാനിൽ. 

സാങ്കേതിക വിദ്യയ്ക്കും പുതിയ കണ്ടുപിടിത്തങ്ങൾക്കും പേരുകേട്ട അതേ ജപ്പാനിൽ. അമ്മയുടെ രൂപത്തിലുണ്ടാക്കിയ കട്ടൗട്ടാണ് പരിഹാരം. അമ്മ പുറത്തുപോയിക്കഴിഞ്ഞാൽ കുട്ടിക്ക് കട്ടൗട്ടുകളുമായി കളിക്കാം. കുറച്ചു വെള്ളവും ആഹാരവും കൂടി എടുത്തുവച്ചാൽ അമ്മ തിരിച്ചെത്തുന്നതുവരെയുള്ള ഏതാനും മണിക്കൂർ സുഖപ്രദവും സന്തോഷകരവും. 

ട്വിറ്ററിൽ ഒരാളാണ് കട്ടൗട്ടുകളുടെ പടങ്ങളുമായി വാർത്ത പുറത്തുവിട്ടത്. വീടിന്റെ മുൻവാതിലിലൂടെ പുറത്തുപോകുന്നതിനുമുമ്പ് അമ്മ കട്ടൗട്ടുകൾ കുട്ടിയുടെ സമീപംകൊണ്ടുവയ്ക്കുന്നു. കട്ടൗട്ട് അമ്മയാണെന്നു വിചാരിച്ച് കുട്ടി കളി തുടങ്ങുമ്പോൾ അമ്മ പുറത്തുപോകുന്നു. കട്ടൗട്ട് യഥാർഥ വ്യക്തി തന്നെയാണെന്നു തോന്നിപ്പിക്കാൻ ജപ്പാനിലെ വീട്ടിൽ രണ്ടെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് അമ്മ നിൽക്കുന്ന രൂപത്തിലും മറ്റൊന്ന് അമ്മ മുട്ടുകുത്തി നിൽക്കുന്ന നിലയിലും. സൂപ്പർ മാർക്കറ്റുകൾക്കുവേണ്ടി കൃത്രിമരൂപങ്ങൾ നിർമിക്കുന്ന ഏജൻസിയാണ് കട്ടൗട്ട് നിർമിച്ചത്. 

വാർത്ത പുറത്തുവന്നതോടെ ഒട്ടേറെപ്പേർ അഭിപ്രായങ്ങളുമായെത്തി. അമ്മ അടുത്തില്ലാത്തപ്പോൾ കുട്ടി അസ്വസ്ഥനാകുന്നത് സ്വാഭാവികമാണെന്നും ഇതു ചിലപ്പോൾ കൂടിയ തോതിൽ കാണാറുണ്ടെന്നും ഒരാൾ അഭിപ്രായപ്പെട്ടു. സെപറേഷൻ ഉൽകണ്ഠ എന്നാണത്രേ ഇത് അറിയപ്പെടുന്നത്. ഇത് ഒരു മാനസിക പ്രശ്നമാണെന്നും ഇതു പരിഹരിക്കാൻ കട്ടൗട്ട് നല്ലൊരു മാർഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

കട്ടൗട്ടുകൾക്കൊത്ത് ജീവിക്കേണ്ടിവരുന്ന കുട്ടി ജീവിതത്തിൽ പിന്നീട് സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇറങ്ങാത്ത സ്ഥിതി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്. യഥാർഥ വ്യക്തികളേക്കാൾ ഇങ്ങനെയുള്ള കുട്ടികൾക്ക് കട്ടൗട്ടുകളായിരിക്കും പ്രിയം എന്നാണ് കാരണമായി പറയുന്നത്. കട്ടൗട്ടുകൾ മികച്ച മാർഗമാണെങ്കിലും എത്ര നേരം കുട്ടിക്ക് അവയുമായി ചെലവഴിക്കാനാവുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് മറ്റൊരാൾ പറയുന്നു. 

കുട്ടികൾക്ക് ബുദ്ധിയില്ലെന്നാണ് ഒരാളുടെ തമാശ കമന്റ്. അമ്മയ്ക്കു പകരം കട്ടൗട്ടിനെ സമ്മാനിക്കുന്ന ജപ്പാനിലെ കുടുംബവ്യവസ്ഥയോർത്ത് വ്യസനം തോന്നുന്നു എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. 

English Summary : How To Calm Baby While Mother Steps Out The Room