ഹൃദയസ്പർശിയായ വിവാഹവാർഷികാശംസയുമായി ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ മനസ്സു കവർന്നിരിക്കുയാണ് ഭർത്താവും ബാഡ്മിന്റൺ താരവുമായ കശ്യപ്. ബാഡ്മിന്റണിൽ വ്യക്തിഗത ഒളിംപിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരിയായ സൈനയും സുന്ദരമായൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭർത്താവിന് വിവാഹവാർഷിക ആശംസകൾ നേർന്നത്. 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായത്.

എന്നാൽ കേവലം ഒരു വാചകത്തിൽ വിവാഹവാർഷിക ആശംസ ഒതുക്കാൻ കശ്യപ് തയാറായില്ല. ഭാര്യയോടുള്ള പ്രണയം മുഴുവൻ വ്യക്തമാക്കുന്ന ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം പ്രണയ നിമിഷങ്ങളുടെ ഒന്നിലധികം ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് ആശംസകൾ നേർന്നത്.

'' നീ ഈ ലോകത്ത് ഏറ്റവും അദ്ഭുതപ്പെടുത്തിയ സ്ത്രീയാണ്. എനിക്ക് നിന്നെക്കാൾ നല്ലൊരു ഭാര്യയെ ആഗ്രഹിക്കാനാവില്ല. ഒന്നാം വിവാഹവാർഷികത്തിൽ ഒന്നിച്ചുണ്ടായിരുന്നതിനും അതിത്രയും മികച്ചൊരു അനുഭവമാക്കിയതിനും നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു. സന്തോഷം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ'' - എന്നായിരുന്നു കശ്യപ് കുറിച്ചത്.

രാജ്യാന്തര ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും രാജ്യാന്തര ബാഡ്മിന്റൺ കോച്ചായ പുല്ലേല ഗോപീചന്ദിന്റെ കീഴിലാണ് 2005 മുതൽ പരിശീലനം നടത്തുന്നത്.

English Summary : "Couldn't Ask For Better Wife": Parupalli Kashyap