ഭക്ഷണം തൊണ്ടയിൽ കടുങ്ങി കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നതു കണ്ട വെപ്രാളത്തിലാണ് അർധരാത്രിയിൽ ആ അച്ഛനമ്മമാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി. 

ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്.  പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു. അതിനുശേഷം കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടുന്ന പ്രാഥമിക ചികിൽസയെക്കുറിച്ചുള്ള ഡെമോൺസ്ട്രേഷൻ കൂടി കാണിച്ച ശേഷമാണ് അവരെ മടക്കിയയച്ചത്.

ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ആരോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കുഞ്ഞിനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് പൊലീസ് പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് ഫോഴ്സ് കുറിച്ചതിങ്ങനെ :- 

'' ക്രിസ്മസിന്റെ തലേദിവസം രാത്രി 11.30 ന് ഒരു പുരുഷനും സ്ത്രീയും ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസംകിട്ടാതെ പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉടൻ തന്നെ ഒരു സർജന്റ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി കുഞ്ഞിന്റെ തൊണ്ടയിൽക്കുടുങ്ങിയ വസ്തുവിനെ പുറത്തു കളയുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷയെപ്പറ്റി മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ജീവിതത്തിൽ എപ്പോഴാണ് ഇതിന്റെ ആവശ്യം വരുന്നതെന്ന് നമുക്കറിയാൻ കഴിയില്ല''.

English Summary : Couple rushing into a police station to save baby