ഭർത്താവിനെക്കുറിച്ചുള്ള രസകരങ്ങളായ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ വിചിത്രമായ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴൊക്കെ താൻ സേഫ്റ്റിപിന്നും, സൂചിയും നൂലുമൊക്കെയടങ്ങുന്ന തയ്യൽക്കിറ്റും കൈയിൽ കരുതാറുണ്ടെന്നാണ് ദീപിക പറഞ്ഞത്.

കപിൽ ശർമയുടെ ചാറ്റ്ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു ദീപിക കുടുംബജീവിതത്തിലെ രസകരങ്ങളായ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ഭർത്താവിന്റെ ഡ്രസ്സിങ്സെൻസ് അപാരമാണെങ്കിലും എക്സൈറ്റഡ് ആയാൽ അദ്ദേഹത്തിന് സ്വന്തം നിയന്ത്രണം നഷ്ടപ്പെടുമെന്നും അതുകൊണ്ട് താൻ എപ്പോഴും കരുതലോടെയാണിരിക്കുന്നതെന്നുമാണ് ദീപിക പറഞ്ഞത്. ജീവിതത്തിലുണ്ടായ ഒരു സംഭവം ഉദാഹരണമായെടുത്ത് ദീപിക പറഞ്ഞതിങ്ങനെ :-

'' ബാർസിലോണയിൽ നടന്ന മ്യൂസിക് ഫെസ്റ്റിവെലിൽ പങ്കെടുക്കാൻ പോയപ്പോൾ രൺവീർ ഒരു ഡാൻസ് സ്റ്റെപ് വച്ചു. അപ്പോൾ അദ്ദേഹം വളരെ അയവുള്ള ഒരു വസ്ത്രമായിരുന്നു ധരിച്ചത്. പെട്ടന്ന് ഞാൻ അസാധാരണമായ ഒരു ശബ്ദം കേട്ടു. നോക്കിയപ്പോൾ രൺവീറിന്റെ പാന്റ് കീറിയിരിക്കുന്നു. ചുറ്റും ആളുകൾ ഡാൻസ് ചെയ്യുമ്പോൾ ഞാൻ അവിടെ വച്ച് അദ്ദേഹത്തിന്റെ പാന്റിലെ കീറൽ തുന്നി. അതുമാത്രമല്ല സാധാരണ വീട്ടമ്മമ്മാർ ചെയ്യുന്നതു പോലെ ഭർത്താവിന്റെ കീശയിൽ നിന്നും ഞാൻ ഇടയ്ക്കൊക്കെ പണവുമെടുക്കാറുണ്ട്.''- ദീപിക പറയുന്നു.

ദീർഘനാളത്തെ പ്രണയത്തിനു ശേഷം 2018 ലാണ് രൺവീറും ദീപികയും വിവാഹിതരായത്. ആസിഡ് ആക്രമണ ഇരയുടെ കഥപറയുന്ന ഛാപക് എന്ന ചിത്രമാണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദീപിക ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10 ന് റിലീസ് ചെയ്യും.

83 എന്ന ചിത്രമാണ് രൺവീറിന്റേതായി അടുത്തിടെ പുറത്തിറങ്ങുന്നത്. കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ രൺവീറും ദീപികയും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നുമുണ്ട്.

English Summary : Deepika Padukone Reveals That She Often Carries He Sewing Kit While Travelling With Ranveer Singh