തെരുവിൽ തന്റെ കുഞ്ഞിനൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് ഒരമ്മ. ചുറ്റിലും നടന്നു പോകുന്നവരെ അവർ ഗൗനിക്കുന്നില്ല. കുഞ്ഞിനൊപ്പം അവന്റെ കളിക്കൂട്ടുകാരിയായി മാറുകയാണ് ഈ അമ്മ.അമ്മമാരുടെ സ്നേഹത്തിനു പകരമായി ഈ ലോകത്തില്‍ ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഹൃദയസ്പർശിയായ ഈ വിഡിയോ

തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് അമ്മമാർ മക്കളെ സ്നേഹിക്കാറുള്ളത്. അങ്ങനെയൊരു അമ്മയും മകനും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബാറ്റിങ് നടത്തുന്ന മകന് ബോൾ എറിഞ്ഞു കൊടുക്കുകയാണ് അമ്മ. ചുറ്റലുംം നിരവധി പേർ നടന്നു പോകുന്നതും വിഡിയോയിൽ കാണാം. അതൊന്നും ശ്രദ്ധിക്കാതെ ക്രിക്കറ്റ് കളിയിൽ മുഴുകിയിരിക്കുകയാണ് അമ്മയും മകനും. 

അതിമനോഹരം ഈ അമ്മയും ക്രിക്കറ്റും എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവച്ചത്. എവിടെ നിന്നാണെന്നോ വിഡിയോയിലെ അമ്മയും കുഞ്ഞും ആരാണെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. 45000ത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. 5000ത്തോളം ലൈക്കും വിഡിയോയ്ക്കു ലഭിച്ചു കഴിഞ്ഞു. മുൻക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ് അടക്കമുള്ളവർ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ ബൗളിങ്, കുഞ്ഞിന്റെ ബാറ്റിങ് ഒറ്റ വാക്ക് മനോഹരം എന്ന കുറിപ്പോടെയാണ് കെയ്ഫ് വിഡിയോ പ‌ങ്കുവച്ചിരിക്കുന്നത്. 

English Summary: 'Beautiful moment': Mother playing cricket with toddler on street warms hearts of netizens