ഒന്നരവർഷത്തോളം ഭർത്താവുമായി പിരിഞ്ഞതിന്റെ ഓർമകൾ പങ്കുവച്ച് ബോളിവുഡ് താരം ഭാഗ്യശ്രീ. മുംബൈയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഭാഗ്യശ്രീ ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞതിന്റെ  ഓർമകൾ പങ്കുവച്ചത്. ആ സമയത്തെ ഭയത്തോടെയാണ് ഇപ്പോഴും ഓർക്കുന്നതെന്നും ഭാഗ്യശ്രീ പറഞ്ഞു. 

ഭർത്താവ് ഹിമാലയ ദാസാനിയുമായി പിരിഞ്ഞ ഒന്നരവർഷത്തെ അനുഭവങ്ങൾ ഭാഗ്യശ്രീ പറയുന്നത് ഇങ്ങനെ: ‘ഹിമാലയ തന്നെയാണ് എന്റെ ആദ്യ പ്രണയം. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ കുറച്ചുകാലം ഞങ്ങൾ വേർപിരിഞ്ഞു. ആ സമയത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും എനിക്ക് ഭയമാണ്. ഹിമാലയയുമായി വേർപിരിഞ്ഞ് ഒരുവർഷത്തോളം അദ്ദേഹത്തെ അല്ലാതെ മറ്റൊരാളെയാണ് ഞാൻ വിവാഹം ചെയ്തതെങ്കിലോ എന്ന് ചിന്തിച്ചു. അക്കാലയളവിലാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തിനു പകരം മറ്റൊരരാളെ ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. മറ്റൊരാളെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ടു പോയ ആ ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും എനിക്കു ഭയമാണ്.’

1989ല്‍ പുറത്തിറങ്ങിയ മേംനെ പ്യാർ കിയാ എന്ന ചിത്രത്തില്‍ സൽമാൻ ഖാന്റെ നായികയായി എത്തിയത് ഭാഗ്യശ്രീയായിരുന്നു. സൽമാൻ ഖാനും ചിത്രത്തിന്റെ സംവിധായകൻ സൂരജ് ഭർജാട്യയും പങ്കെടുത്ത തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നു ഭാഗ്യശ്രീയുടെയും ഹിമാലയയുടെയും വിവാഹം. അഭിമന്യൂവും അവന്തികയുമാണ് മക്കൾ.

English Summary: Trending: Bhagyashree Reveals She And Husband Himalaya Once Separated For Over A Year