മാതൃത്വത്തിന്റെ മനോഹര ദിവസങ്ങളിലൂടെ കടന്നു പോകുകയാണ് ഹോളിവുഡ് നടിയും മോഡലുമായ ആമി ജാക്സൻ. തന്റെ കുഞ്ഞിനും അമ്മയ്ക്കും ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. ആമി ജാക്സന്റെ സ്നേഹചിത്രം ആരാധകരും ഇതിനോടകം ഏറ്റെടുത്തു. കുഞ്ഞിനൊപ്പം തന്നെ ആമി ജാക്സന്റെ അമ്മയെയും കാണാം. 

‘അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചതിനു ശേഷം ആദ്യ അമ്മദിനത്തിലേക്കുള്ള യാത്ര. എന്റെ കുഞ്ഞ് ആൻഡ്രിയാസ് ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പുള്ള ദിവസങ്ങളെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല. കാരണം അത്രയേറെ നിരർഥകമായിരുന്നു ആ കാലം. അവന്റെ മനോഹരമായ പുഞ്ചിരിയാണ് എന്റെ എല്ലാ ദിവസത്തെയും പ്രചോദനം. അവന് നല്ലൊരു അമ്മയും, രക്ഷിതാവും, ആത്മവിശ്വാസസം നൽകുന്ന സുഹൃത്തും എല്ലാമായി മാറാൻ ആ പുഞ്ചിരി എനിക്ക് ധൈര്യം നൽകുന്നു. മാത്രമല്ല, എന്റെ അമ്മ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. എക്കാലത്തെയും എന്റെ പ്രചോദനം അമ്മയാണ്. വളരെയധികം ദയയുള്ള ശക്തയായ സ്ത്രീയാണ് അമ്മ. എന്റെ  ജീവിതത്തെ മനോഹരമാക്കിയതും അമ്മയാണ്. നിങ്ങൾക്കു രണ്ടാൾക്കും ചിന്തിക്കാൻ കഴിയുന്നതിലും എത്രയോ ഉയരത്തിൽ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു.’– ആമി ജാക്സൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആമി പങ്കുവച്ച ഫോട്ടോയും ഹൃദയസ്പർശിയായ കുറിപ്പും  ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി  പേരാണ് ആമിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.  ദൈവമേ.. അവനെ കാണാൻ എന്തു ഭംഗിയാണ്, അതിമനോഹരം എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.