കോവിഡ് കാലത്ത് സ്വയം തീർത്ത മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് ആശയവിനിമയം നടത്തുകയാണ് ഈ അമ്മയും മക്കളും.ആരോഗ്യപ്രവർത്തകർ, പ്രത്യേകിച്ച് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവർ ഏറ്റവും കരുതുതലെടുക്കേണ്ട സമയത്ത് അയര്‍ലൻഡിൽ നിന്നാണ് ഈ കണ്ണീർകാഴ്ച. അയർലൻഡിലെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സായ ബെറ്റ്സി എബ്രഹാം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നതും അതിനു ശേഷമുള്ള ഐസൊലേഷനുമെല്ലാം വിഡിയോയിലൂടെ കാണിക്കുകയാണ് ഭർത്താവ് ലിജോ കുര്യൻ ജോയ്. മക്കൾ, പ്രത്യേകിച്ച് ഇളയ മകന്‍ അമ്മയോട് വളരെയേറെ ഒട്ടിച്ചേർന്ന് നിൽക്കുന്ന ആളാണെന്നും അവന് കോവിഡിനെപ്പറ്റിയൊന്നും കാര്യമായി മനസിലാക്കാൻ ആയിട്ടില്ലെന്നും കുര്യന്‍ പറയുന്നു. 

കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളിൽ ഒരു മുറിക്കുള്ളിൽ‍ അടച്ചിരിക്കുകയാണ് ബെറ്റ്സി. അമ്മ മുറിക്ക് അകത്തുണ്ടെന്നു മനസ്സിലാക്കി ഒന്നും കാണാനും ഉമ്മ വയ്ക്കാനും കൊഞ്ചിക്കാനുമൊക്കെയായി കതകിൽ തട്ടി വിളിക്കുകയാണ് മക്കൾ. അകത്തിരുന്ന് ആശ്വസിപ്പിക്കാനേ ബെറ്റ്സിക്ക് ആകുന്നുള്ളൂ. കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമായാണ് വിഡിയോ സമർപ്പിച്ചിരിക്കുന്നത്.