കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോയ മൊറാനി. ഒന്നോ രണ്ടോ ദിവസത്തിനകം വീട്ടിലെത്തിയേക്കും. സോയ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. വരുണ്‍ ധവാനുമായി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ചാറ്റിലാണ് സോയ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ കോകിലാ ബെന്‍ ധിരുബായ് അംബാനി ആശുപത്രിയിലാണ് ഇപ്പോള്‍ സോയ. തനിക്കിപ്പോള്‍ ആശ്വാസമുണ്ടെന്നും പനി ഉള്‍പ്പെടെ അസ്വസ്ഥതകള്‍ ഒന്നുമില്ലെന്നും സോയ വെളിപ്പെടുത്തുകയും ചെയ്തു. 

വരുണ്‍ ധവാന്റെ ചോദ്യത്തിനു മറുപടിയായാണ് സോയ താന്‍ വീട്ടിലേക്കു മടങ്ങുന്ന വാര്‍ത്ത അറിയിച്ചത്. നാളെ, അല്ലെങ്കില്‍ അടുത്ത ദിവസം ഞാന്‍ തിരിച്ചെത്തും. ഞാനിപ്പോള്‍ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്- സോയ ആത്മവിശ്വാസത്തോടെ പറഞ്ഞു. നിര്‍മാതാവും ചലച്ചിത്രപ്രവര്‍ത്തകനുമായ കരീം മൊറാനിയുടെ കുടുംബത്തില്‍ അദ്ദേഹത്തിനും സോയയുടെ സഹോദരി ഷാസയ്ക്കും രോഗം  കണ്ടെത്തിയിരുന്നു.  സമ്പര്‍ക്കത്തിന്റെ പേരില്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് സോയയ്ക്കും രോഗം കണ്ടെത്തുന്നതും ആശുപത്രിയിലാക്കുന്നതും. ചികിത്സ തുടങ്ങി രണ്ടാം ദിവസം തന്നെ താന്‍ മെച്ചപ്പെട്ട അവസ്ഥയിലായി എന്നും സോയ പറയുന്നു. 

‘ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 40 ശതമാനം രോഗം ഭേദമായ അവസ്ഥയിലായി. ശ്വാസം കിട്ടാത്ത അവസ്ഥ രണ്ടാം ദിനം തന്നെ മാറി. ചെറിയൊരു ശ്വാസം മുട്ടലും പനിയും മാത്രമായിരുന്നു ബാക്കി. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം മാറി- സോയ പറയുന്നു. 

ആശുപത്രിയില്‍ എത്താന്‍ എടുത്ത തീരുമാനമാണ് തന്നെ രക്ഷിച്ചതെന്നും സോയ പറയുന്നു. മാര്‍ച്ച് 20 നാണ് കോവിഡ് ലക്ഷണങ്ങള്‍ സോയയില്‍ കണ്ടത്. അതിനുമുമ്പു തന്നെ ഷാസയ്ക്ക് രോഗം കണ്ടെത്തിയിരുന്നു. ചെറിയൊരു പനിയും ക്ഷീണവുമായിരുന്നു തുടക്കം. പിന്നെ ചുമ. ക്രമേണ ശ്വാസം കിട്ടാത്ത അവസ്ഥ. ഇങ്ങനെയാണ് തനിക്ക് അസുഖം അനുഭവപ്പെട്ടതെന്നും സോയ വെളിപ്പെടുത്തി. തനിക്ക് കോവിഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തന്നെ മടിച്ചു. ഉറപ്പായപ്പോള്‍ കുറച്ചു പേടി- തന്റെ വിവിധ മാനസികാവസ്ഥകളും സോയ വിവരിച്ചു. 

മൊറാനി കുടുംബത്തിലെ നിര്‍മാതാവ് കരീം മൊറാനിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഷാസയ്ക്ക്. ഷാസയെ നാനവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്തായാലും ഒരിക്കല്‍ക്കൂടി അസുഖത്തിന്റെ നിഴലില്ലാതെ സന്തോഷം പങ്കിടാന്‍ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഇപ്പോള്‍ മൊറാനി കുടുംബം. കോവിഡിനെ പടിക്കു പുറത്താക്കിയതിന്റെ ആശ്വാസത്തിലും. 

English Summary: Zoa Morani during Instagram live with Varun Dhawan: Might return home in a day or two