മൃണാളിന്റെയും അനിരുദ്ധിന്റെയും പ്രണയകഥ കേള്‍ക്കുന്ന ആരും ഒരു കാര്യം സമ്മതിക്കും: പുതിയ കാലത്തെ പ്രണയം ഇങ്ങനെതന്നെയാണ് വേണ്ടതെന്ന്. സാങ്കേതിക പുരോഗതിയുടെ വരദാനമായ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട്, സൗഹൃദത്തിലൂടെ പ്രണയത്തിലെത്തിയവരാണിവര്‍. ഒരാള്‍ ഇന്ത്യയിലും മറ്റൊരാള്‍ കാനഡയിലും. ജീവിതവും സമൂഹമാധ്യമങ്ങള്‍ വഴി തന്നെ. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് മൃണാള്‍ തന്നെയാണ് വെളിപ്പെടുത്തിയത്; എല്ലാവരും അറിയേണ്ട, മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍  ഈ കഥയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന അറിയിപ്പോടെ.

രണ്ട് രാജ്യങ്ങളിലിരുന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് അവര്‍ കണ്ടുമുട്ടുന്നത്. സ്കൈപ് വിഡിയോ കോളിലൂടെ സൗഹൃദം വളര്‍ന്നു. ടിക് ടോക്കിലൂടെ ബന്ധം ശക്തമായി. രണ്ടു ഭൂഖണ്ഡങ്ങളിലായിരിക്കെത്തന്നെ അവരുടെ പ്രണയ വല്ലരി വളരുകയും പുഷ്പിക്കുകയും ചെയ്തു.

പ്രണയത്തിനു തുടക്കമിട്ടത് താനാണെന്നു പറയുന്നു മൃണാള്‍ പഞ്ചല്‍. അനിരുദ്ധിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടതായിരുന്നു തുടക്കം. പ്രൊഫൈലിലെ ആദ്യ വാചകങ്ങള്‍ തന്നെ മൃണാളിനെ കീഴ്പ്പെടുത്തി. അങ്ങേയറ്റം കാവ്യാത്മകമായിരുന്നു ആ വാക്കുകള്‍. അങ്ങനെയൊരു ഹായ് പറഞ്ഞു. ഹായ് എന്നുതന്നെ അനിരുദ്ധും മറുപടി പറഞ്ഞതോടെ ബന്ധത്തിനു തുടക്കമായി.

രണ്ടു പേരുടെയും ജോലി കണ്ടറ്റ് ക്രിയേഷനാണ്. അവര്‍ക്കു സംസാരിക്കാന്‍ ധാരളമുണ്ടായിരുന്നു. രണ്ടിടത്തെയും പകലും രാത്രിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നെങ്കിലും. ഇരുവര്‍ക്കും ഒരുമിച്ച് ഒരു ടിക് ടോക് വിഡിയോ ചെയ്യാമെന്ന നിര്‍ദേശം അനിരുദ്ധാണ് ആദ്യം മുന്നോട്ടുവച്ചത്. മൃണാള്‍ അത് അംഗീകരിച്ചതോടെ ഇരുവരുടെയും ആദ്യസംരംഭത്തിനും തുടക്കമായി. അതൊരു വലിയ തമാശയായിരുന്നു. അതോടെ ഇരുവര്‍ക്കും പരസ്പരം പിരിയാന്‍ ആവാത്ത അവസ്ഥയിലായി. അതു തിരിച്ചറിഞ്ഞതോടെ ഒരു രാത്രി മൃണാള്‍ അനിരുദ്ധിനോട് ഹൃദയ രഹസ്യം തുറന്നുപറഞ്ഞു- എനിക്കു നിന്നെ ഇഷ്ടമാണ്. അനിരുദ്ധും അതേ വാക്കുകള്‍ തന്നെ പറഞ്ഞതോടെ നിശ്ചിത ദിവസം ഇരുവരും ഏറ്റവും നല്ല വേഷങ്ങള്‍ ധരിച്ച് ഒരേ സമയം വിഡിയോയില്‍ പരസ്പരം കണ്ടു. ഇരുവരും ഒരേതരം ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. ആ വിരുന്നില്‍ അവര്‍ പരസ്പരം സ്നേഹം പറഞ്ഞു; പങ്കുവച്ചു.

അതും കഴിഞ്ഞു മൂന്നു മാസത്തിനു ശേഷമാണ് ഇരുവരും നേരിട്ടു കാണുന്നത്. അനിരുദ്ധ് കാനഡയില്‍നിന്ന് പുണെയില്‍ എത്തിയപ്പോള്‍. ഒരു മാസം അവര്‍ ഒരുമിച്ചായിരുന്നു. അതിനുശേഷം സുഹൃത്തുക്കളോടും കുടുംബത്തോടും പ്രണയത്തെക്കുറിച്ചു പറഞ്ഞു. അതോടെ അനിരുദ്ധിന് ജോലി പൂര്‍ത്തിയാക്കാന്‍ പുണെയിലേക്കു മടങ്ങേണ്ടിവന്നു.കാനഡയില്‍ തന്നെ തുടരാന്‍ അനുരുദ്ധിനു കഴിയുമായിരുന്നു. പക്ഷേ, അതു വേണ്ടെന്നുവച്ച് അയാള്‍ പുണെയിലേക്കു മടങ്ങിവന്നു.

തന്റെ ഹൃദയം മൃണാളിനൊപ്പം പുണെയിലാണെന്നാണ് അനിരുദ്ധ് പറഞ്ഞത്. മുംബെയിലേക്ക് ഇരുവരും മാറി. ഒരേ കെട്ടിടത്തിലെ രണ്ട് അപാര്‍ട്മെന്റുകളില്‍ താമസവും തുടങ്ങി. നേരത്തെ സ്കൈപിലെ വിഡിയോ കോള്‍ വഴിയായിരുന്നു പ്രണയമെങ്കില്‍ നെറ്റ്ഫ്ലിക്സില്‍ സിനിമ കണ്ട് അവര്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. അതേ, മൃണാള്‍ ഉറപ്പിച്ചുപറയുന്നു: ആധുനിക കാലത്തെ പ്രണയമാണ് ഞങ്ങളുടേത്. ഹൃദയങ്ങള്‍ പഴയകാലത്തെ സ്കൂള്‍ കുട്ടികളുടേത് പോലെയാണെങ്കിലും.

English Summary: They Met On Insta, Dated On TikTok: This Love Story Is As Millennial As It Gets