എക്കാലത്തും ആരാധകരുടെ പ്രിയതാരമാണ് രവീണ ഠണ്ഡൻ. സിനിമ നിർമാതാവ് അനിൽ തഡാനിയെയാണ് രവീണ വിവാഹം ചെയ്തിരിക്കുന്നത്. ആരാധന കൂടി പലപ്പോഴും ചിലർ അവരുടെ  സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. അത്തരത്തിൽ രവീണയോട് ഒരു ആരാധകന‍്റെ ചോദ്യവും അതിനുള്ള രസകരമായ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലായി രവീണ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്കു കമന്റായിട്ടായിരുന്നു ആരാധകന്റെ ചോദ്യം. അടുത്ത ജന്മത്തിലെങ്കിലും തന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു അത്. ശൈത്യകാല വെക്കേഷൻ ചിത്രങ്ങളായിരുന്നു രവീണ പങ്കുവച്ചത്. ‘വേനലിലെ ചൂട് സഹിക്കാൻ കഴിയാതെ വരുമ്പോൾ എന്റെ ഹൃദയം മഞ്ഞുവീഴുന്ന സ്ഥലങ്ങളെ സ്വപ്നം കാണാൻ തുടങ്ങും. പഞ്ഞിക്കെട്ടു പോലെ സുന്ദരമായ മഞ്ഞ്’ എന്ന കുറിപ്പോടെയാണ് രവീണ ചിത്രങ്ങൾ പങ്കുവച്ചത്. 

രവീണ പങ്കുവച്ച ചിത്രങ്ങൾക്കു താഴെയിട്ട കമന്റിലൂടെയായിരുന്നു ആരാധകന്റെ ചോദ്യം. രവീണ മാഡം, അടുത്ത ജന്മത്തിലെങ്കിലും നിങ്ങൾക്ക് എന്നെ വിവാഹം ചെയ്യാൻ സാധിക്കുമോ?’ ഉടൻ തന്നെ എത്തി രവീണയുടെ രസകരമായ മറുപടി. ‘സുഹൃത്തേ, ക്ഷമിക്കണം. ഏഴുപേർ ഇതിനോടകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.’ അടുത്ത ജന്മത്തിലും അനിൽ തഡാനി തന്റെ ജീവിത പങ്കാളിയാകണമെന്നാണ് രവീണയുടെ ആഗ്രഹമെന്ന് മറുപടിയിലൂടെ വ്യക്തമാണെന്ന തരത്തിലുള്ള കമന്റുകളും എത്തി. 1990കളിൽ സിംഗിൾ മദറായിരുന്ന രവീണ പൂജ, ഝായ എന്നിങ്ങനെ രണ്ടു പെൺകുട്ടികളെ ദത്തെടുത്തിട്ടുണ്ട്. 2004 ലാണ് അനിൽ തഡാനിയെ വിവാഹം കഴിച്ചത്. 2005ൽ  റാഷ എന്ന പെൺകുട്ടിക്കും 2008ൽ രൺബിർ വർധൻ എന്ന ആൺകുട്ടിക്കും രവീണ ജന്മം നൽകി. 

English Summary: Raveena Tandon Is "Booked For 7 Already" - Her ROFL Reply To Fan's Wedding Proposal