അമ്മയെപ്പറ്റിയുള്ള ഒാർമയുടെ ഒാളങ്ങളിൽ ആദ്യമെത്തുക ഒരു കുഞ്ഞു കാല്‍നടയാത്രയാണ്. ചെറുപ്പത്തിൽ നിലത്തെഴുത്തു കളരിയിൽ പോലും പോകുന്നതിനുമുമ്പുള്ള കുഞ്ഞുനാളിൽ, വീടിന് അൽപം അകലെ തറവാട്ടു മുറ്റത്തെ കിണറ്റിൽ വെള്ളമെടുക്കാൻ കുഞ്ഞു മൊന്തയുമായി അമ്മയ്ക്കൊപ്പം നടന്നു. നാലഞ്ചു കല്‍‍പടവുകൾ, ഒാരോന്നിലും ഇരുന്ന് ഇറങ്ങിയ എന്നെ അമ്മ ഒാരോ ചുവടിലും വീഴ്ചയുണ്ടാകാതെ ശ്രദ്ധിച്ചു. ജീവിതത്തിലുടനീളം ആ ശ്രദ്ധ പതിഞ്ഞിരുന്നു. ചില മുന്നറിയിപ്പുകൾ വേണ്ടത്ര ഗൗനിയ്ക്കാതെ പോയത് പിന്നീട് വലിയ അനർത്ഥമായി ഭവിച്ചിട്ടുമുണ്ട്. പഴയ 7–ാം ക്ലാസ് മാത്രമേ പഠിപ്പുള്ളുവെങ്കിലും ഏറെ വായനാശീലമുണ്ടായിരുന്നു ചെല്ലമ്മയ്ക്ക്. എഴുത്തുകാരനായ പ്രൊഫസർ ആനന്ദക്കുട്ടന്റെ സഹോദരിയായി തിരുനക്കരയിൽ ജനിച്ചു വളർന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനായ തിരുവാർപ്പു ബാലന്റെ ഭാര്യയുമായി.

1960 കളുടെ തുടക്കത്തില്‍‍ കോട്ടയം പട്ടണത്തിനടുത്തുള്ള അരീപ്പറമ്പിലേക്ക് താമസം മാറ്റി. ഇൗ മാറ്റം വനവാസതുല്യമായിരുന്നു. വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു തനിനാട്ടിൻപ്പുറം. നാട്ടുവഴിയില്‍ നിന്നുള്ള ഒറ്റയടിപ്പാതയുടെ ഇരുളിലൂടെ കുന്നിൻ മുകളിലെത്തുമ്പോൾ ഒരു ചെറിയ ഒാലപ്പുര. ചുറ്റും വിവിധയിനം മരങ്ങളും പാറക്കെട്ടുകളും ഇടതിങ്ങി ഇഞ്ചിപ്പുല്ലും. ഒറ്റ തിരിഞ്ഞ്, കള്ളി, കാട്ടു ചെത്തി, കാക്കാച്ചെത്തികളും അങ്ങിങ്ങായി ഇൗറ്റയും മുളംകാടുകളും ആകെ ഒരു ഇരുണ്ട ചുറ്റുപാട്.

സന്ധ്യമയങ്ങിയാൽ കാട്ടിലെന്നതുപോെല ചീവിടുകളുടെ 'രീ രീ രീ'... ശബ്ദവും ഇഴജന്തുക്കളുടെ പിടിയിലകപ്പെട്ട ജീവികളുടെ ദീനരോദനവും ഏറെ ഭയപ്പെടുത്തിയിരുന്നു. പുലർച്ചെ വിവിധ ദിക്കുകളിൽ നിന്ന് ഏറെക്കുറെ സമയക്ലിപ്തതയോടെ കേട്ടിരുന്ന പൂവൻ കോഴികളുടെ കൊക്കരക്കോയും. മരച്ചില്ലകളിലെ കിളികളുടെ ചിലപ്പും അൽപം അകലെ പുഴയിലെ കുത്തൊഴുക്കിന്റെ ആരവവും ഇളംകാറ്റും മഴക്കാലമായാൽ മുറ്റത്തും പുരയിടത്തുലും ഒഴുകി എത്തുന്ന നീറ്റുറവയുമെല്ലാം ഞങ്ങൾ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. രാവിലെ അച്ഛൻ ടൗണിലേക്കും ഞങ്ങൾ കുട്ടികൾ സ്കൂളിലേക്കും പോയാല്‍ രണ്ടു പശുക്കളാകും അമ്മയ്ക്ക് കൂട്ട്. ചുറ്റുവട്ടത്തെ വീട്ടുകാർക്കിടയിൽ സംസാര സമ്പന്നയും നർമം കലർന്ന സംസാരവും വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറുകയും ചെയ്തിരുന്ന ചിറ്റയും ചേച്ചിയുമായിരുന്നു അമ്മ. (മറ്റാരുടെയും കുറ്റവും കുറവും കേൾക്കാനോ പറയുന്നത് പ്രോത്സാഹിപ്പിക്കാനോ ശ്രമിച്ചിരുന്നില്ല.)

ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചശേഷം ഏറെക്കുറെ കൂട്ടു കുടുംബം പോലാരു സാഹചര്യം വിട്ട്, ഉറ്റവരിൽ നിന്നെല്ലാം അകന്നുള്ള ജീവിതം ഏറെ അലോസരപ്പെടുത്തിരുന്നെങ്കിലും ആ മുഖം ഒരിക്കലും അസംതൃപ്തമായിരുന്നില്ല. ഒരു ചാന്തു പൊട്ടുപോലും ഇല്ലാതെ, നെറ്റിയിലെ ഭസ്മക്കുറിയും മുണ്ടും മേൽമുണ്ടും ധരിച്ചിരുന്ന അമ്മയുടെ മുഖം നല്ലൊരു പ്രസാദമായിരുന്നു.

ഒരേയൊരു സഹോദരൻ. അമ്മാവൻ വർഷത്തിലൊരിക്കൽ പത്താമുദയത്തിന് കൃത്യമായി വീട്ടിൽ എത്തിയിരുന്നു. ചേട്ടനും കമലമ്മയും കുട്ടികളും വീട്ടിലെത്തുന്ന ആ ദിവസം അമ്മയുടെ മുഖത്ത് ഒരായിരം സൂര്യകിരണങ്ങളുടെ ശോഭയുണ്ടാകും, അത്ര ദൃഢമായിരുന്നു ആ സഹോദര സ്നേഹം.

ഞങ്ങളെ വിട്ടു പിരിഞ്ഞ് 12 വർഷം കടന്നെങ്കിലും ചെല്ലമ്മയുടെ ചെല്ലചൊല്ലുകളായ സാന്ത്വനവും മൊഴികളുമെല്ലാം ഏതു പ്രതിസന്ധിയിലും പ്രതീക്ഷയും ആത്മവിശ്വാസവും തന്ന് നന്മയിലേക്ക് നയിച്ചു. ക്ഷമ, ലാളിത്യം സൗഹൃദം തുടങ്ങിയ ഗുണങ്ങളോടു കൂടിയ വാത്സല്യനിധിയായ അമ്മയുടെ മകനായി ഇനിയൊരു ജന്മം ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു.

എന്റെ ഭാര്യ, ഡോക്ടര്‍ ഇന്ദിരയോടും വലിയ അടുപ്പമായിരുന്നു. അവസാനനാളുകളിൽ മരണത്തോടു മല്ലടിച്ചു കിടന്നപ്പോള്‍ പറയുമായിരുന്നു "എന്റെ ഇന്ദിര അടുത്തുണ്ടിയിരുന്നെങ്കിൽ ഞാനിത്ര കഷ്ടപ്പെടില്ലായിരുന്നു" എന്ന്. (അന്ന് ഇന്ദിര ഉഡുപ്പിയിലാണ് ജോലിചെയ്തിരുന്നത്.) പരസ്പരം ഇഴപിരിയാത്തൊരു ബന്ധം. അമ്മയുടെ കരുതലും സ്നേഹവും ഒാർക്കുമ്പോൾ, എന്നും ആ നല്ല ഒാർമകളോടിയെത്തും.