ഓട്ടിസ്റ്റിക്കായ കൗമാരക്കാരനായ മകനെ വളരെ ആത്മവിശ്വാസത്തോടെ വളർത്തി സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരമ്മയുണ്ട്.  യൂകെ യിൽ ഹീത്രൂ എയർപോർട്ട് സെക്യൂരിറ്റിയിൽ ജോലി ചെയ്യുന്ന മഞ്ജു മനുമോഹൻ.  കേരളത്തിൽ തിരുവനന്തപുരം പാലോട് സ്വദേശിയായ മഞ്ജുവും ഭർത്താവ് മനുമോഹനും വര്‍ഷങ്ങളായി  യുകെയിൽ  സ്ഥിര താമസക്കാരാണ്.  മനുമോഹൻ ലണ്ടൻ ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്നു.  മഞ്ജുവിന്റെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാണ്.  ഓട്ടിസമുള്ള കുഞ്ഞുങ്ങൾ ഉള്ളവർ  എല്ലാം തന്നെ വളരെ ആശയറ്റ ഒരു ജീവിതം നയിക്കുമ്പോൾ സ്വന്തം കുഞ്ഞിന് ജന്മനാ കിട്ടിയ വൈകല്യത്തെപ്പോലും തോൽപിച്ചുകൊണ്ട് എങ്ങനെ പോസിറ്റീവ് ആയി ജീവിതത്തെ കാണാം എന്ന് മഞ്ജുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.   

ഇത്തവണ മദേഴ്സ് ഡേ എങ്ങനെയാണ് ആഘോഷിക്കുന്നത്?

ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി ബാധിച്ചിരിക്കുന്ന ഈ സമയത്തു ആർക്കാണ് ആഘോഷിക്കാൻ കഴിയുക.  പിന്നെ ഒരു 'അമ്മ എന്ന നിലയിൽ ഞാൻ സന്തുഷ്ടയാണ്.  എന്റെ കുട്ടികളുടെ 'അമ്മ ആയതിൽ ഞാൻ സന്തോഷിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ അമ്മയ്ക്കായി ഒരു ദിവസം എന്നുള്ളത് നല്ല ഒരു കൺസെപ്റ്റ് തന്നെ.  പക്ഷേ ഇത്തവണത്തെ മദേഴ്സ് ഡേ ക്കു എന്റെ പ്രിയപ്പെട്ട മകൻ ഒപ്പമില്ല എന്നുള്ളതിൽ ഒരല്‍പം വിഷമവുമുണ്ട്.  എന്റെ മകൻ മിഥുൻ ഇപ്പോൾ സപ്പോർട്ട് ലിവിങ്ങിൽ ആണ്.  കോവിഡ് കാരണം ലോക്ക് ഡൗൺ ആയതിനു ശേഷം അവനു വീട്ടിൽ വരാൻ കഴിഞ്ഞില്ല.  ടീനേജ് ആയതോടെ ഓട്ടിസ്റ്റിക് ആയ മകൻ മിഥുനിനെ സപ്പോർട്ട് ലിവിങ്ങിൽ വിടാൻ ഞങ്ങൾ നിർബന്ധിതരായിരുന്നു. ഇങ്ങനെയുള്ള കുട്ടികൾ ഇൻഡിപെൻഡന്റ് ആയി വളരാൻ ട്രെയിൻ ചെയ്യാനായാണ് സപ്പോർട്ട് ലിവിങ്ങിൽ അയക്കുന്നത്.  അങ്ങനെയുള്ള സെന്ററിൽ ട്രെയിൻ ചെയ്യപ്പെടുന്ന കുട്ടികൾക്ക് പല കാര്യങ്ങളും സ്വയം ചെയ്യാൻ പരിശീലനം നൽകും.  നാളെ ഒരിക്കൽ അച്ഛനും അമ്മയും ഇല്ലാതെ വന്നാലും കുട്ടികൾ തീരെ ആശ്രയമേറ്റു പോകാതിരിക്കാനാണ് ഇങ്ങനെയുള്ള പരിശീലനങ്ങൾ കൊടുക്കുന്നത്.  കെയർ ഹോമിൽ പോയത് മിഥുന്റെ സ്വഭാവത്തെ വളരെയേറെ മാറ്റിയിരുന്നു പലതും തനിയെ ചെയ്യാൻ അവൻ പഠിച്ചു,  പക്ഷെ കോവിഡ് രാക്ഷസരൂപം പൂണ്ടു എല്ലാം വിഴുങ്ങാൻ നിൽക്കുന്ന ഈ സമയത്തു സ്പെഷ്യലി ഏബിൾഡ് ആയ കുട്ടികളെ വീട്ടിലേക്കു കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.  കുട്ടികൾക്ക് കോവിഡ് ബാധിച്ചാലുണ്ടകാവുന്ന ഭവിഷ്യത്ത്  ഭയന്ന് കെയർ സെന്ററിൽ ഉള്ളവരും കുട്ടികളെ വീട്ടിൽ വിടാൻ താൽപര്യപ്പെടുന്നില്ല.  ഒരു മാസം ആയി മിഥുൻ വീട്ടിൽ വന്നിട്ട്, അവനെ കാണാതെ ഇത്രനാൾ കഴിഞ്ഞിട്ടില്ല അതിന്റെ വിഷമത്തിലാണ് ഞങ്ങൾ.

ഇടയ്ക്കു വീഡിയോ കാൾ വിളിക്കാറുണ്ട്.  Love u Midhun  എന്ന് പറയുമ്പോൾ അവൻ തിരിച്ചും love u mom എന്ന് പറയും.  പാവം എല്ലാ കുട്ടികളെയും പോലെ അവനു മനസിലാകില്ല എന്തുകൊണ്ടാണ് ഈ week വീട്ടിൽ പോകാത്തതെന്ന്.  

എപ്പോഴാണ് മകൻ ഇത്തരം ഒരു കുഞ്ഞാണെന്നു മനസ്സിലായത്?

പ്രെഗ്നൻസി എല്ലാം നോർമൽ ആയിരുന്നു, ഡെലിവറിയും.  മൈൽ സ്റ്റോൺ എല്ലാം അവൻ മീറ്റ് ചെയ്തു.  അമ്മ അച്ഛാ ഒക്കെ പറയുമായിരുന്നു, പാട്ടൊക്കെ പാടിത്തുടങ്ങി.  നഴ്സറി സോങ് ഒക്കെ പാടിയിരുന്നു.  He was a happy child.  വാശി ഒന്നും ഇല്ലായിരുന്നു.  പക്ഷെ അവൻ സംസാരിക്കാൻ ലേറ്റ് ആയി. രണ്ടു വയസായപ്പോഴേക്കും സംസാരിക്കാത്തതു കാരണം ഞങ്ങൾക്ക് ടെൻഷൻ ആയി.  ഫാമിലി ഡോക്ടർ നെ കാണിച്ചു.  ഫാമിലി ഡോക്ടർ ചൈൽഡ്  സ്പെഷ്യലിസ്റ്റിനെ കാണാൻ പറഞ്ഞു.  ചൈൽഡ്  സ്പെഷ്യലിസ്റ്റ് കുറെ ടെസ്റ്റ് ഒക്കെ ചെയ്തു പറഞ്ഞു വിട്ടു.  പിന്നെ ഒരു ലെറ്റർ വന്നു അതിലാണ് മിഥുനു ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ ഉണ്ടെന്നു പറഞ്ഞത്.  അന്ന് ഓട്ടിസം എന്തെന്ന് അറിയില്ല.  ഇന്നത്തെ പോലെ അന്ന് വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുമായിരുന്നില്ല.   പിന്നെ dictionary നോക്കി ആണ് മനസിലാക്കിയത്, എങ്കിലും ഇതൊരു ലൈഫ് ലോങ്ങ് ഡിസോർഡർ ആണെന്ന് കരുതിയില്ല.  

നഴ്സറിയിൽ പോകുമ്പോ മോൻ എപ്പോഴും ഡിഫറന്റ് ആയിരുന്നു,  ഓടിച്ചാടി നടന്നു. എല്ലാം എടുത്തു കളയുകയും പൊട്ടിക്കുകയും ഒക്കെ ചെയ്യും.  പിന്നെ നഴ്സറിയിൽ നിന്ന് തന്നെ recommend ചെയ്തു സ്പെഷ്യൽ സ്കൂളിലേക്ക് വിട്ടു.  അവനെപ്പോലെ ഉള്ള കുട്ടിക്ക് സ്പെഷ്യൽ സ്കൂളാണ് നന്നാവുക എന്ന് പറഞ്ഞു.  അങ്ങനെ സോഷ്യൽ സർവീസുമായി ബന്ധപ്പെട്ടു.  മിഥുൻ ഡിസബിലിറ്റി ഉള്ള കുട്ടിയാണ് അവൻ സ്പെഷ്യൽ സ്കൂളിൽ പോകാൻ എലിജിബിൾ ആണ് എന്ന് തെളിയിക്കണം.  അവർ നോക്കിയിട്ടു സിവിയർ കേസ് അല്ലെങ്കിൽ അവർ നോർമൽ സ്കൂളിൽ സപ്പോർട്ട് കൊടുത്തു പഠിപ്പിക്കും. പക്ഷെ മോന് സ്പെഷ്യൽ സ്കൂൾ തന്നെ ആവശ്യമായിരുന്നു.  സ്കൂൾ വീട്ടിൽ നിന്നും ഒരുപാട് ദൂരെ ആയിരുന്നു, അവനെ കൊണ്ട് വിട്ടു വന്നിട്ട് വീണ്ടും വിളിച്ചുകൊണ്ടു വരാൻ പോകണം.  

ഞങ്ങൾ രണ്ടുപേരും ഷിഫ്റ്റ് വർക്ക് എടുത്തു ആയിരുന്നു അവനെ കൊണ്ട് പോയിരുന്നത്.  ഞങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു.  6 -7 വയസായപ്പോൾ പോലും നാപ്പിനൊക്കെ ഉപയോഗിക്കേണ്ടി വരുക.  മറ്റുള്ളവരുടെ വീട്ടിൽ പോകുമ്പോ അവരുടെ ഷെൽഫിൽ ഒക്കെ വലിഞ്ഞു കയറി സാധനങ്ങൾ എടുത്തു പൊട്ടിക്കും.  ഞങ്ങളോടുള്ള സ്നേഹം കൊണ്ട് അവർ ഒന്നും പറയില്ല, പക്ഷെ ഞങ്ങൾക്ക് പതിയെ മനസിലായി, എല്ലാവർക്കും  ഇത് ബുദ്ധിമുട്ടാകും എന്ന്.   ഞങ്ങൾക്ക് ഇവിടെ ഫാമിലി ആയും ഫ്രണ്ട്്സായും ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു പക്ഷെ ഈ ഒരു കാരണം കൊണ്ട് ഞങ്ങൾ പതിയെ പതിയെ ഞങ്ങളിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങി.  അവനെയും കൊണ്ട് പോകാൻ പറ്റാത്ത ഒരിടത്തും ഞങ്ങൾക്കും പോകേണ്ട എന്ന് തീരുമാനിച്ചു, അങ്ങനെ അകന്നകന്നു പല ഫ്രണ്ട്സിനേയും നഷ്ടപ്പെട്ടു.  ഞങ്ങളുടെ ജീവിതവും മാറി മറിഞ്ഞു.   രണ്ടു ഷിഫ്റ്റ്   ആയതോടെ ഞാനും എന്റെ ഭർത്താവും തമ്മിൽ കാണൽ പോലും കുറഞ്ഞു.  പാർട്ടിക്കും ഫിലിമിനും പാർക്കിലും ഒക്കെ പോയി നടന്ന ഞങ്ങൾ എവിടെയും പോകാതായി..  പിന്നെ കുഞ്ഞിനെ എല്ലാവരുടെയും മുന്നിൽ ഒരു പ്രദര്ശനവസ്തുവാക്കാൻ ആഗ്രഹിച്ചില്ല.  

രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോൾ ജീവിതം മാറിയില്ലേ?

മാനസ് ജനിച്ചപ്പോൾ അവനെയും നന്നായി കെയർ ചെയ്യാൻ കഴിഞ്ഞില്ല, ഫുൾ അറ്റെൻഷൻ മിഥുന് കൊടുക്കേണ്ടി വന്നു.  അവനും അവന്റെ കുട്ടിക്കാലം നഷ്ടപ്പെട്ടു.   അവിടെയെല്ലാം തകർന്നു പോകാതെ പിടിച്ചു നിൽക്കാനാണ് ശ്രമിച്ചത്.  മോൻ തരുന്നത് unconditional ലവ് ആണ്.  അവൻ പിണങ്ങിയാലും കുറച്ചു കഴിയുമ്പോ ഓടി വന്നു കെട്ടിപ്പിടിച്ചു ഉമ്മ തരും.  സൊ അവൻ ഒരു ഗിഫ്റ്റ് ആണ് എന്ന് കരുതാനായിരുന്നു എനിക്കിഷ്ടം.  അങ്ങനെ ചിന്തിച്ചു തുടങ്ങിയപ്പോ ജീവിതം വളരെ പോസിറ്റീവ് ആയി.  പിന്നെ ഞങ്ങൾ അവനെയും കൊണ്ട് പുറത്തു പോകാൻ തുടങ്ങി.  മറ്റുള്ളവർ തുറിച്ചു നോക്കും പക്ഷേ അതൊന്നും ഞങ്ങൾക്ക് കുഴപ്പമില്ല,. അവൻ ഞങ്ങളുടെ മകൻ ആണ്.  അവൻ എങ്ങനെയോ അങ്ങനെ ഞങ്ങൾ അവനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു.  അവന്റെ സന്തോഷമാണ് എനിക്ക് വലുത്.  അവനെ കൊണ്ട് റെസ്റ്റോറന്റിലൊക്കെ പോയി തുടങ്ങി, അവൻ ബഹളം ഉണ്ടാക്കിയാലും അവന്റെ സന്തോഷത്തിനു മാത്രം ഞാൻ primary importance കൊടുത്തു.  അപ്പൊ ഞങ്ങൾക്കും കൂടുതൽ സന്തോഷം കിട്ടി.  മോൻ ഇതുപോലെ തന്നെ ആയിരിക്കും അതിനനുസരിച്ചു നമ്മൾ ചേഞ്ച് ആവുക.  ഈ നാട്ടിൽ ആയതുകാരണം ഒരുപാടു ഹെല്‍പ് കിട്ടുന്നുണ്ട്.  ഒരുപക്ഷെ നാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ ഈ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടിയേനെ. 

എനിക്ക് തിരക്കുണ്ടെങ്കിലും മോനെ നോക്കാൻ കെയർ ടേക്കർ നെ കിട്ടും അല്ലെങ്കിൽ കെയർ ഹോമിൽ നിർത്താം, പിന്നെ കുഞ്ഞിനെ നോക്കാൻ ഗ്രാൻഡ് കിട്ടും അങ്ങനെ ഒരുപാടു സഹായങ്ങൾ ഇവിടെ നിന്ന് കിട്ടി.  അതാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ താങ്ങി നിർത്തിയത്.  ചിലപ്പോഴൊക്കെ ഞാൻ തളർന്നുപോലതിരിക്കാൻ ചില ആക്ടിവിറ്റീസ് ഒക്കെ ചെയ്തു, ഹൈക്കിങ്ങിനു പോകും, ചില ശാസ്ത്ര സംഘടനകളിൽ ഒക്കെ പ്രവർത്തിക്കുകയും അതിൽ സന്തോഷം കണ്ടെത്താനും ശ്രമിച്ചു.  ജീവിതത്തെ സയന്റിഫിക് ആയി അപ്പ്രോച്ച് ചെയ്തു തുടങ്ങി.  

സയൻസ് വികസിച്ചതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മകനെ വളർത്തിക്കൊണ്ടുപോകാൻ കഴിയുന്നതെന്ന് മഞ്ജു വിശ്വസിക്കുന്നു.  രണ്ടാമത്തെ മകൻ മാനസ് ഇതിനിടയിൽ അവന്റേതായ ഒരു ലോകം കെട്ടിപ്പടുക്കുന്നുണ്ടായിരുന്നു.  അവൻ വളരെ matured ആയ കുട്ടിയാണ്.  ഒരുപാട് വായിക്കും.  അവൻ ഇപ്പോൾ പ്ലസ് 2 നു പഠിക്കുകയാണ്. ഇതിനോടകം തന്നെ അവൻ അവന്റെ ഫസ്റ്റ് ബുക്ക് പബ്ലിഷ് ചെയ്തു "Brocken Manacles"  മിഥുന് എപ്പോഴും ഒരു താങ്ങായി നിൽകാൻ അവൻ ശ്രമിക്കാറുണ്ട്. അതാണ് ഞങ്ങളുടെ ആശ്വാസവും,  നമ്മൾ ഒരു കാര്യം തന്നെ ചിന്തിച്ചുകൊണ്ടിരുന്നാൽ അത് നമുക്ക് വിഷമം മാത്രമേ തരു.  എന്റെ ഭർത്താവും പലവിധ ആക്ടിവിറ്റീസിൽ ഇൻവോൾവ്ഡ് ആയി, വായിക്കുകയും എഴുത്തുകയുമൊക്കെ ചെയ്തു.  ജീവിതത്തിൽ ഒരു ബുദ്ധിമുട്ടാകാതെ അവന്റെ ഓട്ടിസത്തെ അക്സെപ്റ്റ് ചെയ്തുകൊണ്ട് തന്നെ ഞങ്ങൾ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.  ഞങ്ങൾക്കറിയാവുന്ന പല രക്ഷിതാക്കളും പുറത്തു പോകാതെ ഒരു life imprisonment പോലെ ജീവിക്കുന്നുണ്ട്.  എനിക്ക് വിഷമം ഇല്ല എന്നല്ല. പക്ഷേ അതിനെ overcome ചെയ്യാൻ ഞാൻ പഠിച്ചു .   

മകന് ഒരു നോർമൽ ലൈഫ് ഇല്ല എന്നറിഞ്ഞിട്ടും ജീവിതത്തെ എങ്ങനെ പോസിറ്റീവ് ആയി കാണാം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് മഞ്ജു മനുമോഹൻ.  പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത, ഒരു ശിശുവിന്റെ മാനസിക വളർച്ചപോലുമില്ലാത്ത പ്രിയമകന്റെ അടുത്തെത്താൻ കഴിയാത്ത ദുഃഖം അടക്കാൻ കഴിയുന്നില്ല.   എങ്കിലും ലോകമിപ്പോൾ നേരിടുന്ന മഹാമാരിയെ ചെറുക്കാൻ തന്നെക്കൊണ്ടാവുന്ന രീതിയിൽ മഞ്ജു ശ്രമിക്കുന്നുണ്ട്, ഓട്ടിസ്റ്റിക് ആയ കുട്ടികൾ ഉള്ള മറ്റു പേരന്റ്സ്ന് വേണ്ട ഗൈഡൻസ് നൽകാൻ മഞ്ജു ശ്രമിക്കാറുണ്ട്.   നമ്മുടെ നാട്ടിലെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള കുട്ടികളുടെ ഫാമിലിക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്യണം, അവർക്കു പഠിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഉള്ള സ്പെഷ്യൽ സ്കൂളുകൾ നാളെയൊരു കാലത്തു അച്ഛനും അമ്മയും ഇല്ലാതെവരുന്ന അവസ്ഥയിൽ അവർക്കു ജീവിക്കാനൊരു സപ്പോർട്ട്.  അതൊക്കെ ഉണ്ടായാൽ നന്നായിരുന്നു എന്നൊരു ആഗ്രഹം ഉണ്ട്.  അത് ഒരുപാടുപേർക്കു ജീവിക്കാനൊരു പ്രതീക്ഷയും, പ്രേരണയും ആശ്വാസവുമാകും.  കാരണം ഓട്ടിസം ഉള്ള കുട്ടികളുടെ എണ്ണം ഒരുപാട് കൂടുന്നുണ്ട്, അതിനനുസരിച്ചു അവർക്കായുള്ള ട്രൈൻസിങ് സെന്ററുകളും സപ്പോർട്ടും ഉണ്ടായാൽ നന്നായിരുന്നു എന്ന ഒരു ആഗ്രഹം കൂടി ഈ മാതൃദിനത്തിൽ മഞ്ജു പങ്കുവയ്ച്ചു