2017ൽ ലാസ്‌വേഗസിലെ ഒരു ബാറിൽ വച്ചാണ് 29 കാരിയായ ഷാന്റൽ മെലാൻസൺ എന്ന യുവതി ഓസ്റ്റിൻ മോൺഫോർട്ട് എന്ന 24 കാരൻ യുവാവിനെ പരിചയപ്പെടുന്നത്. തന്റെ കൂട്ടുകാരികളോട് ഒപ്പമാണ് ഷാന്റൽ അന്ന് അവിടെ എത്തിയിരുന്നത്. കൺട്രി ബാറിൽ കൗബോയ് ബൂട്ടുകൾ അണിയാതെ എത്തി എന്ന കാരണത്താൽ ഷാന്റൽ ഓസ്റ്റിനെ അന്ന് ഏറെ വിമർശിച്ചിരുന്നു. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വഴക്കിട്ട ഇരുവരും സിനിമകളെ വെല്ലുന്ന തരത്തിൽ പ്രണയജോഡികളായ കഥയാണ് പിന്നീട് നടന്നത്.

കൗബോയ് ബൂട്ടുകൾ അണഞ്ഞിരുന്നില്ല എങ്കിലും കണ്ട്രി ബാറിലെ ഓസ്റ്റിന്റെ പ്രകടനം ഷാന്റലിന് ഏറെ ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് പിറ്റേന്ന് മണ്ടാലേ ബേ ഹോട്ടലിന് സമീപത്ത് നടക്കുന്ന മ്യൂസിക് ഫെസ്റ്റിവലിൽ വെച്ച് വീണ്ടും കാണാം എന്ന് ഷാന്റൽ ഓസ്റ്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ കൂട്ടുകൂടാനായി കാത്തിരുന്ന ഇരുവർക്കും നേരിടേണ്ടിവന്നത് ഒരു വലിയ അപകടം തന്നെയായിരുന്നു.

മണ്ടാലേ ബേ ഹോട്ടലിൽ താമസിച്ചിരുന്ന സ്റ്റീഫൻ പാടോക് എന്ന് ഗൺമാൻ മ്യൂസിക് ഫെസ്റ്റിവൽ ആസ്വദിക്കാനെത്തിയ ആൾ കൂട്ടത്തിന് നേരെ വെടിയുതിർത്തത് അന്നേ ദിവസമാണ്. അതേ സമയത്ത് അവിടെ ഉണ്ടായിരുന്ന ഷാന്റലിനെ ഏറെ സാഹസികമായാണ് ഓസ്റ്റിൻ അന്ന് രക്ഷപ്പെടുത്തിയത്. വെടിയൊച്ച കേട്ടതും എല്ലാവർക്കുമൊപ്പം തറയിലേക്ക് കമിഴ്ന്നു കിടന്നത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂ എന്ന് ഷാന്റൽ പറയുന്നു. തൻറെ കയ്യിൽ പിടിച്ചു കൊണ്ട് ഗ്രൗണ്ടിനു ചുറ്റും സുരക്ഷിതമായ ഒരു സ്ഥലം തേടി ഓസ്റ്റിൻ പിന്നീട് പായുകയായിരുന്നു. ഷാന്റലിനെ രക്ഷിച്ച ശേഷം അന്നുരാത്രി മുഴുവൻ അവൻ അവൾക്ക് കൂട്ടിരുന്നു. 58 പേരാണ് അന്നത്തെ വെടിവെയ്പ്പിൽ അവിടെ കൊല്ലപ്പെട്ടത്.

അന്ന് ഷാന്റൽ കൂട്ടുകാരികളോട് ഒപ്പം അല്ലാതെ തനിച്ചായിരുന്നു. അതിനാൽ അവളെ സംരക്ഷിക്കുക എന്നത് തന്റെ മാത്രം ഉത്തരവാദിത്വം ആണ് എന്നാണ് ആദ്യം മനസ്സിൽ തോന്നിയത് എന്ന് ഓസ്റ്റിൻ പറയുന്നു. അതിനാലാണ് തൻറെ സുരക്ഷിതത്വം പോലും വകവയ്ക്കാതെ അവളെ സമാധാനിപ്പിക്കാനും സുരക്ഷിതമായ ഇടത്തേക്ക് കൊണ്ടുപോകുന്നതിനും ഓസ്റ്റിൻ ശ്രമിച്ചത്.

എന്തായാലും ആ ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീട് മാസങ്ങളോളം ഇരുവരും സ്ഥിരമായി സംസാരിച്ചിരുന്നു. ഓസ്റ്റിൻ നൽകിയ കരുതൽ ബാക്കിയുള്ള ജീവിതത്തിലേക്കും വേണമെന്ന് ആ രാത്രി തന്നെ ഷാന്റൽ തീരുമാനമെടുത്തു. അങ്ങനെ പ്രണയബദ്ധരായ ഇരുവരും 2019 ൽ ഔദ്യോഗികമായി വിവാഹനിശ്ചയവും നടത്തി. ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് 2020 മെയ് 8ന് വിവാഹം പരമ്പരാഗതരീതിയിൽ നടത്താനാണ് ഇരുവരും തീരുമാനിച്ചിരുന്നത് . എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ലോക് ഡൗണിലായതോടെ പുതിയൊരു ജീവിതം തുടങ്ങാൻ പ്രതീക്ഷയോടെ മറ്റൊരു ദിനം കാത്തിരിക്കുകയാണ് ഇരുവരും.