വിവാഹത്തിന് വധുവിന്റെ  വീട്ടിലേക്ക് വരൻ എത്തുന്നത്  കാലങ്ങളോളായി നമ്മൾ കാണുന്നതാണ്. ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറത്ത് ഈ  ആചാരം മുറതെറ്റാതെ നടക്കുന്നുണ്ട്. എന്നാൽ ഈ ലോക്ഡൗൺ കാലം എല്ലാ കാര്യത്തിലും മാറ്റം കൊണ്ടു വരികയാണ്. വിവാഹത്തിലും അത്തരത്തിലുള്ള മാറ്റങ്ങൾ വരുന്നു. ഇവിടെ 19 വയസ്സുള്ള നവവധുവാണ്  താരം.  കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണിയെ തുടർന്ന് വിവാഹം നീട്ടി വയ്ക്കേണ്ടി വന്നപ്പോഴായിരുന്നു ഉത്തർപ്രദേശിലെ നവവധുവിന്റെ സാഹസികത.

ആചാരങ്ങളെല്ലാം ലംഘിച്ചായിരുന്നു യുവതിയുടെ തീരുമാനം. ജന്മദേശമായ കാണ്‍പൂരിൽ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റർ ഒറ്റയ്ക്ക് നടന്ന് വിവാഹത്തിനായി എത്തുകയായിരുന്നു ഗോൾഡി യുവതി. മെയ് നാലിനായിരുന്നു കാൺപൂർ സ്വദേശിയായ ഗോൾഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇരുവരുടെയും വിവാഹം ഒരിക്കൽ മാറ്റിവച്ചതാണ്. എന്നാൽ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല. ലോക്ഡൗണ്‍ വീണ്ടും നീട്ടിയതു തന്നെയായിരുന്നു  കാരണം. 

ഇതോടെ ഗോൾഡിയുടെ ക്ഷമ നശിച്ചു. അങ്ങനെ ഈ ആഴ്ച തുടക്കത്തിലാണ് പ്രിയതമനെ തേടി ഗോൾഡി തന്റെ യാത്ര തുടങ്ങിയത്. 80 കിലോമീറ്റർ കാൽനടയായാണ് അവൾ  കാൺപൂരിൽ നിന്നും കനൗജിലെത്തിയത്. അപ്രതീക്ഷിതമായി ഗോൾഡിയെ കണ്ട വരന്റെ വീട്ടുകാർ അമ്പരന്നു. സ്വന്തം വീട്ടുകാരോടു പോലും പറയാതെയാണ് ഗോൾഡി വീരുവിനെ തേടിയെത്തിയത്. മകൾ എവിടെ പോയി എന്നറിയാതെ അവളുടെ കുടുംബം തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വീരുവിന്റെ പിതാവ് ഗോൾഡിയുടെ വീട്ടുകാരെ മകൾ വരന്റെ വീട്ടിൽ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വീരുവിന്റെ മാതാപിതാക്കൾ ഗോൾഡിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നായിരുന്നു അവളുടെ പ്രതികരണം. ഒടുവിൽ അവളുടെ ഇഷ്ടത്തിനു വഴങ്ങി വിവാഹം നടത്താൻ വീരുവിന്റെ മാതാപിതാക്കൾ നിർബന്ധിതരാകുകയായിരുന്നു. 

English Summary: This woman in Uttar Pradesh walked 80 km to reach her fiance’s house to marry him