കാക്കച്ചി, എനിക്ക് കല്യാണത്തിന് പൊന്നുവേണ്ട. പകരം എന്റെ പ്രായത്തിലുള്ള പാവപ്പെട്ട കുട്ടികളുടെ കല്യാണം നടത്തി കൊടുത്താമതി..’ സൽവ മൊയ്നു എന്ന പാലക്കാട് വല്ലപ്പുഴക്കാരി അവളുടെ വാപ്പയെ സ്നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്. കല്യാണ പ്രായമായപ്പോൾ അവൾ പറഞ്ഞ ഈ മോഹം വാപ്പ മൊഹിനുദ്ധീന് വല്ലാതെ ബോധിച്ചു. അങ്ങനെ കോവിഡ് കാലത്ത് നൻമ കൊണ്ട് പന്തലിട്ട് ആ കുടുംബം മകളുടെ ഇഷ്ടം പോലെ ആ കല്യാണം നടത്തി. ഒരുപാട് പേർക്ക് മാതൃകയാവുന്ന കോവിഡ് കാലത്തെ ഈ ‘വലിയ’ കല്യാണ വിശേഷം ഇങ്ങനെ:

‘മകളുടെ ആഗ്രഹം ബിസിനസുകാരനായ ഉപ്പയ്ക്ക് പുതിയ വെളിച്ചം കൂടിയായിരുന്നു. അവൾക്ക് വാപ്പയുടെ ഒരു തരി പൊന്നുപോലും വേണ്ട. അതു പാവപ്പെട്ട പെൺകുട്ടികൾക്ക് നൽകണം. അവളുടെ കല്യാണം നടക്കുന്ന പന്തലിൽ തന്നെ ആ പെൺകുട്ടികളുടെയും കല്യാണം നടത്തണം. മകൾ സൽവയുടെ ഈ മോഹം കോവിഡ് പ്രതിസന്ധികൾക്കിടെ ചെയ്യാൻ പറ്റുന്ന വലിയ കാര്യമായി ഈ കുടുംബത്തിന് തോന്നി. അവളുടെ ആഗ്രഹം നടപ്പിലാക്കാൻ നാട്ടിൽ പലയിടത്തും അന്വേഷിച്ചു.കോവിഡ് ദുരന്തത്തിൽ പണത്തിന്റെ കുറവ് കൊണ്ട് കല്യാണം പ്രതിസന്ധിയിലായിപ്പോയ കുടുംബങ്ങളെ  കണ്ടെത്താൻ.

ആ അന്വേഷണം ഒടുവിൽ ആറു കുടുംബങ്ങളിൽ ചെന്നുനിന്നു. കോവിഡ് പ്രതിസന്ധിയും ഉയർന്ന സ്വർണവിലയും ഈ കുടുംബങ്ങളുടെ നെഞ്ചിൽ തീ വാരിയിട്ടിരുന്ന സമയത്താണ്, മകളുടെ ആഗ്രഹത്തിന് പിന്നാലെ പുറപ്പെട്ട മൊഹിനുദ്ധീൻ മുന്നിലെത്തുന്നത്. മകളുടെ മോഹം അറിയിച്ചപ്പോൾ ആറു കുടുംബങ്ങൾക്കും അവരെ കല്യാണം കഴിക്കാനിരുന്ന യുവാക്കൾക്കും പൂർണ സമ്മതം. ഇതോടെ കല്യാണത്തിനുള്ള ഒരുക്കമായി. ഓരോ പെൺകുട്ടികൾക്കും എട്ടരപവൻ സ്വർണം വീതം നൽകി. അപ്പോഴും മകൾക്ക് ഒരു തരി പൊന്നുപോലും ഈ അച്ഛൻ കൊടുത്തില്ല. പകരം അവളുടെ ആഗ്രഹം നിറവേറുന്നത് കണ്ട് ഉള്ളിൽ സന്തോഷിച്ചു.

വല്ലപ്പുഴയിലെ മൊഹിനുദ്ധീൻ–സൈഫുന്നീസ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും ഇളയവളാണ് സൽവ. ബിനിനസുകാരനായ മൊഹുസിനാണ് സൽവയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു സ്നേഹവും കരുതലും കൊണ്ടുള്ള ഈ ‘ആഡംബര’ വിവാഹം. കണ്ടെത്തിയ പെൺകുട്ടികളിൽ ഒരാൾക്ക് വീടും വച്ചുനൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മൊഹിനുദ്ധീൻ