വിവാഹ വസ്ത്രങ്ങളണിഞ്ഞു എല്ലാ ഒരുക്കങ്ങളുമായി വരനും വധുവും ഓൺലൈൻ ആയി.  ഒപ്പം ബന്ധുക്കളും. വരൻ കാനഡയിൽ,  വധു ബെംഗളൂരുവിൽ. ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും.  കോവിഡ് കാലത്തെ വ്യത്യസ്‍തമായ ഒരു ഓൺലൈൻ കല്യാണം.  മുജാഹിദ് പണ്ഡിതൻ എ എം അക്ബർ, എ പി ലൈല ദമ്പതികളുടെ   മകൻ ആത്തിഫും, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അബ്ദുൽ നാസർ,  ഹമീലിയ ദമ്പതികളുടെ മകൾ നൈലയുമാണ് ഓൺലൈനായി വിവാഹിതരായത്. 

പരമ്പരാഗത രീതികൾ ഉപേക്ഷിച്ച് കാര്മികത്വത്തിന് പുരോഹിതനുമില്ലാതെ കോവിഡ് കാലത്ത് വ്യത്യസ്തമായൊരു മുസ്ലീം വിവാഹം.  ആത്തിഫ് കാനഡയിൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിയും, നൈല ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിങ് വിദ്യാര്ഥിനിയുമാണ്.  വിവാഹാലോചന വന്നതിനു പിന്നാലെ ഇരുവരും തമ്മിൽ കണ്ടതും പരിചയപ്പെട്ടതുമെല്ലാം ഓൺലൈൻ ആപ്പുകൾ വഴിയാണ്.  കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് വിവാഹ ചടങ്ങുകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചത്.

മകളെ വിവാഹം ചെയ്തു തന്നിരിക്കുന്നെന്ന്  ബെംഗളൂരുവിലുള്ള വധുവിന്റെ പിതാവ് വരനെ മതാചാരപ്രകാരം അറിയിച്ചു  സ്വീകരിക്കുന്നതായി വരനും പ്രഖ്യാപിച്ചു.  ഇത്രയുമായിരുന്നു വിവാഹച്ചടങ്ങുകൾ. കോവിഡ് വ്യാപനം ഒഴിവായി നിയത്രണങ്ങൾ മാറുമ്പോൾ അതിഥി സൽക്കാരം നടത്താനാണ് തീരുമാനം.